അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും എറണാകുളം സിജെഎം കോടതിയിലെ തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിവിരോധം മുന്‍നിര്‍ത്തി നല്‍കിയ പരാതി,നടിയുടെ സത്‌പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് നേരത്തെ തന്നെ എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ച കോടതി, പരാതി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്. മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേപ്രകാരം ആയിരുന്നു എഫ്‌ഐആര്‍.
മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയില്‍ ഐടി നിയമത്തിലെ 67(എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരവുമായിരുന്നു ശ്വേതക്കെതിരെ കേസെടുത്തത്. അശ്ലീല രംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും ശ്വേതക്കെതിരായ പരാതിയില്‍ ഉന്നയിച്ചിരുന്നു.