തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡന്‍ രംഗത്തെത്തിയ വാര്‍ത്ത സിനിമാലോകത്ത് ചര്‍ച്ചയാകുന്നു. വടിവേലുവിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച 16 സിനിമകള്‍ തന്റെ ആത്മാഭിമാനം പണയപ്പെടുത്താന്‍ തയ്യാറല്ലാത്തതിനാല്‍ നിരസിച്ചുവെന്നാണ് സോന വെളിപ്പെടുത്തിയത്. ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ തുറന്നുപറച്ചില്‍ നടത്തിയത്.
സിനിമയിലെ മോശം അനുഭവങ്ങള്‍ കാരണം അഭിനയജീവിതം തന്നെ ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്നതായി സോന പറയുന്നു. 'ഈ ഇന്‍ഡസ്ട്രിയില്‍ ആരെയും വിശ്വസിക്കാന്‍ കഴിയില്ല. വടിവേലുവിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില കാര്യങ്ങള്‍ പുറത്തു പറയാന്‍ കഴിയില്ല, എനിക്ക് എന്റെ ആത്മാഭിമാനമാണ് വലുത്,' സോന വ്യക്തമാക്കി. വടിവേലുവിനോടുള്ള വിയോജിപ്പ് കാരണം നിരവധി അവസരങ്ങള്‍ താന്‍ വേണ്ടെന്നു വെച്ചതായും താരം കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകളായി ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ വടിവേലു, അടുത്ത കാലത്തായി മികച്ച ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. 2025 ജൂലൈയില്‍ പുറത്തിറങ്ങിയ 'മാരീശന്‍' ആണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം. 'മാമന്നന്' ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിച്ച ഈ ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.