ഒമ്പതാം ക്ലാസിലെ 'ഭൂമിയുടെ അവകാശികള്‍' എന്ന പാഠത്തില്‍ ബഷീറിന്റെ പരിസ്ഥിതി ബോധത്തെകുറിച്ചുള്ള ഒട്ടനവധി പരാമര്‍ശങ്ങളുണ്ട്. എല്ലായ്പ്പോഴും എല്ലാറ്റിന്റെയും കൂടെ ബഷീറുണ്ടായിരുന്നു. വെള്ളമൊഴിക്കാനുംവളമിടാനും മാത്രമല്ല എപ്പോഴും അവയോടൊക്കെ കിന്നാരം പറയാനും താലോലിക്കാനും അദ്ദേഹം കൂടെ നിന്നു. ഏറെ വൈകിയാണു ബഷീര്‍ വിവാഹിതനായത്. 1958 - ല്‍ ഡിസംബര്‍ പതിനെട്ടിനായിരുന്നു വിവാഹം. ചെറുവണ്ണൂരിലെ കോയക്കുട്ടിമാസ്റ്ററുടെ മകള്‍ ഫാത്തിമ ബീവി എന്ന ഫാബിയായിരുന്നു ഭാര്യ. അനീസ്, ഷാഹിന എന്നിവര്‍ മക്കളാണ്.
1994 ജൂലൈ അഞ്ചിനു ഹാസ്യം കൊണ്ടും ജീവിതഅനുഭവങ്ങളുടെ കരുത്തുകൊണ്ടുംവായനക്കാരെ ചിരിപ്പിച്ചും കൂടെ കരയിപ്പിക്കുകയും ചെയ്ത ആ അനശ്വരസാഹിത്യകാരന്‍ നമ്മെ വിട്ടുപിരിഞ്ഞു. 1982 - ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. മതിലുകള്‍, ബാല്യകാലസഖി, എന്നീ നോവലുകളും നീലവെളിച്ചം എന്ന കഥ (ഭാര്‍ഗവീനിലയം എന്ന പേരില്‍) യും സിനിമയാക്കിയിട്ടുണ്ട്.
വളരെകുറച്ചുമാത്രം എഴുതിയിട്ടും ബഷീര്‍ എഴുത്തിലും ജീവിതത്തിലും കാട്ടിയിട്ടുള്ള ആത്മാര്‍ത്ഥത, ആര്‍ജവം, സത്യസന്ധത ഇവ കാരണം ബഷീര്‍ സാഹിത്യം മലയാളികള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.
സകല ചരാചരങ്ങളെയും സ്നേഹിച്ച ബഷീര്‍
ബേപ്പൂരില്‍ ബഷീര്‍ സ്വന്തമായി വാങ്ങിയ രണ്ടേക്കര്‍ പറമ്പില്‍ ഭൂമിമലയാളത്തിലുള്ള സര്‍വമരങ്ങളും വച്ചുപിടിപ്പിച്ചു. കൂട്ടത്തില്‍ വിദേശികളും ഉണ്ടായിരുന്നു. അതിലൊന്നാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റൈന്‍. തന്റെ പറമ്പില്‍ വൃക്ഷലതാദികള്‍ക്കു പുറമെ കാക്കകള്‍, പരുന്തുകള്‍, പശുക്കള്‍, ആടുകള്‍, കോഴികള്‍, പൂച്ചകള്‍, പൂമ്പാറ്റകള്‍, തീരുന്നില്ല... അണ്ണാനുകള്‍, വവ്വാലുകള്‍, കീരികള്‍, കുറുക്കന്മാര്‍, എലികള്‍... നീര്‍ക്കോലി മുതല്‍ മൂര്‍ഖന്‍ പാമ്പുകള്‍ വരെയുള്ളവയെയും ജീവിക്കാന്‍ അനുവദിച്ചു. ഇവയെല്ലാം ഭൂമിയുടെ അവകാശികളാ യിരുന്നു. പട്ടാപ്പകല്‍പോലും കുറുക്കന്മാര്‍ ബഷീറിന്റെ അടുത്തു വരാറുണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
കരിന്തേളിനെപ്പോലും കൊല്ലാന്‍ അനുവദിക്കാത്ത ബഷീറിന്റെ ഉമ്മയുടെ നന്മയുടെ പൈതൃകം പ്രസിദ്ധമത്രേ. കാരണം അതും അല്ലാഹുവിന്റെ സൃഷ്ടിയത്രേ. ബഷീറിന് ചെടികളും പൂക്കളും സംഗീതവും എന്നും ഇഷ്ടമായിരുന്നു. എവിടെച്ചെന്നാലും എവിടെച്ചെന്നാലും അത് ജയിലായാലും പോലീസ് സ്റ്റേഷനായാലും താന്‍ കഴിഞ്ഞുകൂടുന്നിടത്ത് പൂച്ചെടികളും പൂമിറ്റവും ബഷീറുണ്ടാക്കുമായിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ജീവിതകാലത്താണ് ഇന്ത്യന്‍ സാഹിത്യത്തിന് മനോഹരമായ ഒരു കഥ ലഭിച്ചത്- മതിലുകള്‍. സെന്‍ട്രല്‍ ജയിലില്‍ ബഷീറിന്റെ ഹോബി പൂന്തോട്ടമുണ്ടാക്കലായിരുന്നു. ഒരു ചെടി നട്ടു പിടിപ്പിക്കുന്നത് ഒരു പുണ്യകര്‍മമാണെന്നു ബഷീര്‍ വിശ്വസിച്ചിരുന്നു. വാടിത്തളര്‍ന്ന ചെടി, ദാഹിച്ചുവലഞ്ഞ പക്ഷി അല്ലെങ്കില്‍ മൃഗം, അതുമല്ലെങ്കില്‍ മനുഷ്യന് ഒരിത്തിരി ദാഹജലം കൊടുത്ത് ആശ്വസിപ്പിക്കുന്നത് മഹത്തായ ഈശ്വര പൂജ തന്നെയാണെന്ന് ബഷീര്‍ കരുതിയിരുന്നു.