Latest News

'ബോബി ചെമ്മണ്ണൂര്‍, താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു; ഞാന്‍ ഭാരതത്തിലെ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു; അശ്ലീല അധിക്ഷേപങ്ങളുടെ പേരില്‍ ബോച്ചെക്ക് എതിരെ പരാതി നല്‍കി ഹണി റോസ്; അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ സഹിതം പരാതി

Malayalilife
'ബോബി ചെമ്മണ്ണൂര്‍, താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു; ഞാന്‍ ഭാരതത്തിലെ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു; അശ്ലീല അധിക്ഷേപങ്ങളുടെ പേരില്‍ ബോച്ചെക്ക് എതിരെ  പരാതി നല്‍കി ഹണി റോസ്; അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ സഹിതം പരാതി

ശ്ലീല അധിക്ഷപങ്ങളുടെ പേരില്‍ നടി ഹണി റോസ്, ബോബി ചെമ്മണ്ണൂരിന് എതിരെ പൊലീസില്‍ പരാതി നല്‍കി. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടി പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഹണി റോസ് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ഇങ്ങനെ: 

ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്ക് എതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്ക് എതിരെയുളള പരാതികള്‍ പുറകേയുണ്ടാകും. താങ്കള്‍, താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു. 

പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പൊലീസിന് കൈമാറിയിരുന്നു. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. 

ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ചാണ് നടിയുടെ പരാതി.
അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കും. അതുകൊണ്ട് തന്നെ ജാമ്യ ഹര്‍ജിയിലെ കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. അറസ്റ്റൊഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് ബോബി ചെമ്മണ്ണൂര്‍. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നാണ് സൂചന.


പരാതിയില്‍ നടി ഹണി റോസിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. നിലവില്‍ എഴുതി നല്‍കിയ പരാതി അടിസ്ഥാനപ്പെടുത്തിയുള്ള മൊഴിയെടുപ്പിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കും. തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം ബോബി ചെമ്മണ്ണൂരിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. അറസ്റ്റിനുള്ള സാധ്യതയുള്ളതിനാല്‍ ബോബി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കും. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമ്മത്തിയിട്ടുണ്ട്. തനിക്കെതിരേയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ തെളിവുകള്‍ സഹിതമാണ് ഹണി റോസ് പരാതി നല്‍കിയത്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടര്‍ച്ചയായി പരാമര്‍ശം നടത്തിയെന്നാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്.

അതേസമയം സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കെതിരെ നടി പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കെതിരെ നടി ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആള്‍ക്കൂട്ടത്തിന്റെ സൈബര്‍ അധിക്ഷേപം പരിധികള്‍ വിട്ടത്. സൈബര്‍ അധിക്ഷേപത്തിനെതിരെയും നടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയ താരം തന്റെ പോസ്റ്റിന് താഴെ വന്ന അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടടക്കം കൈമാറി. 

നിലവിലുള്ള 30 കേസുകള്‍ക്ക് പുറമെ അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടനടി കേസെടുക്കാനാണ് തീരുമാനം. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കൊച്ചി പോലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയവര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള കാരണം നേരത്തെ ഹണി റോസ് വ്യക്തമാക്കിയിരുന്നു. 

'എനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് ഇട്ട പോസ്റ്റില്‍ പോലും വളരെ ഹീനമായ കമന്റുകളാണ് ചിലര്‍ രേഖപ്പെടുത്തിയത്. ഇത് ഞാന്‍ മാത്രം നേരിടുന്ന കാര്യമല്ല കേരളത്തിലെ ഒട്ടുമിക്ക നടിമാരും സാധാരണക്കാരായ സ്ത്രീകളും ഇത്തരം അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കമന്റുമായി വരാന്‍ ധൈര്യം കാണിക്കുന്നുണ്ടല്ലോ എന്നതാണ് എന്നെ ഞെട്ടിച്ചത്. ഒരു സമൂഹത്തില്‍ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇനിയും ഇത്തരത്തില്‍ മറ്റുളളവരെ ബുദ്ധിമുട്ടിക്കാന്‍ ആരും മുതിരരുത് '-ഹണിറോസ് പറഞ്ഞു. 

ഈ പറഞ്ഞ സ്ഥാപന ഉടമ എനിക്കെതിരെ അധിക്ഷേപിക്കുന്ന കമന്റുകള്‍ പറഞ്ഞാല്‍ അയാള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് എനിക്ക് നിയമോപദേശം കിട്ടിയിരിക്കുന്നത്. ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്തത് മുതല്‍ വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. താരസംഘടനായ 'അമ്മ', പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മറ്റു സംഘടനകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും എന്നെ വിളിച്ചു പിന്തുണ അറിയിക്കുകയും എല്ലാ രീതിയിലും ഒപ്പം നില്‍ക്കാം എന്ന് പറയുകയും ചെയ്തു. പൊലീസിന്റെയും അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയാണ് കിട്ടിയത്-ഹണി റോസ് പറയുന്നു. 

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി കുമ്പളം സ്വദേശി ഷാജി എന്നയാളാണ് അറസ്റ്റിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം. ഇതോടെ ഇയാള്‍ റിമാന്‍ഡിലാകാന്‍ സാധ്യത കൂടി. തുടക്കത്തില്‍ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വ്യക്തി തുടര്‍ച്ചയായി തന്നെ വേദികളില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഞായറാഴ്ച ഹണി റോസ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിലാണ് ചിലര്‍ സ്ത്രീവിരുദ്ധ കമന്റുകളുമായെത്തിയത്. 

ഇതിനു പിന്നാലെ ഹണി റോസ് നേരിട്ടെത്തി സെന്‍ട്രല്‍ എസിപി സി. ജയകുമാറിന് പരാതി നല്‍കുകയായിരുന്നു. താര സംഘടനയുമായി കൂടിയാലോചിച്ചായിരുന്നു ഈ നടപടി എന്നാണ് സൂചന. ബോബി ചെമ്മണ്ണൂര്‍ മുമ്പ് ഹണി റോസിനെ അപമാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നിയമ നടപടികള്‍. അധിക്ഷേപ കമന്റുകളും അശ്ലീലകമന്റുകളും മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വലുതാണെന്ന് ഹണി റോസ് പറയുന്നു. ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല, മറിച്ച് താന്‍ കാരണം ഒരു പ്രശ്‌നം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഇതുവരെയും പ്രതികരിക്കാത്തത്. എന്നാല്‍ ഇത്തരത്തിലുള്ള കമന്റുകള്‍ സീമകള്‍ ലംഘിക്കുന്നു. ഇത്തരത്തില്‍ അപമാനം നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രതികരിക്കാനുള്ള ഊര്‍ജം പകരാന്‍ വേണ്ടിയാണ് കേസുമായി മുന്നോട്ട് പോയതെന്ന് ഹണി റോസ് പറയുന്നു. 

അടുത്ത കാലത്ത് നടന്ന ഒരു സംഭവമാണ് ഇതിന് കാരണം. പല തവണ അത് അവരെ അറിയിച്ചിട്ടും വീണ്ടും എന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എനിക്ക് മാത്രമല്ല ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാം മാനസിക ബുദ്ധിമുട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറഞ്ഞ് തുടര്‍ച്ചയായി അപമാനിച്ചിട്ടും ഇതുവരെ പ്രതികരിക്കാത്തത് അത്തരം കമന്റുകള്‍ ആസ്വദിക്കുന്നതുകൊണ്ടാണോ എന്ന് കമന്റു ചെയ്യുന്നവരുണ്ട്. ഇക്കാര്യത്തില്‍ ഈ വ്യക്തിയോടും ആ സ്ഥാപനത്തോടും എന്റെ പ്രതികരണം അറിയിക്കുന്നുണ്ടായിരുന്നു. അത് പൊതുജനങ്ങള്‍ അറിയാത്തതാണ്. ഒടുവില്‍, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെ ഇത് വ്യക്തമാക്കാം എന്നു കരുതിയാണ് പോസ്റ്റ് ഇട്ടത്. ഇനിയും ഇത്തരം കമന്റുകള്‍ കണ്ടുകൊണ്ട് വെറുതെ ഇരിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇവര്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ഞാന്‍ അത്രമാത്രം അനുഭവിച്ചുകഴിഞ്ഞു. കേരളത്തില്‍ എന്നെപ്പോലെ സൈബര്‍ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ല. എന്റെ മാനസികാരോഗ്യത്തെ വരെ ഇതൊക്കെ ബാധിക്കുന്നുണ്ട്. എല്ലാ സ്ത്രീകള്‍ക്കും വേണ്ടി കൂടിയാണ് ഞാന്‍ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ സ്ത്രീകള്‍ മുന്നോട്ട് വരിക തന്നെ വേണം-ഹണി റോസ് പറഞ്ഞു.

Case against Boby Chemmannur over actor Honey Rose

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക