യുദ്ധപെരുമഴ-തീമഴ

എ. സി. ജോര്‍ജ്
 യുദ്ധപെരുമഴ-തീമഴ

തീ തുപ്പും വെന്തുരുകും യുദ്ധപെരുമഴ തീമഴ
യുദ്ധം ചെയ്തവനോ പോരാളി?
മരിച്ചുവീണവന്‍ നിരപരാധി?
മരിച്ചവര്‍ക്കിവിടെ അന്ത്യകൂദാശയില്ല
വായ്ക്കരിയിടാനും പുഷ്പചക്രം
ചാര്‍ത്താനും പൊതിയാനുമാളില്ല.
അവര്‍ക്കുവേണ്ടി കരയാന്‍ പ്രാര്‍ത്ഥിക്കാനാരുമില്ല
ചീഞ്ഞളിഞ്ഞ് പുഴുവരിക്കാതെ,
ആറടി മണ്ണിലലിഞ്ഞാല്‍ ഭാഗ്യം.
ഒരൊറ്റ സ്ഫോടനത്തില്‍ ആറായിരംപേര്‍
മരിക്കണമെന്നവര്‍ ആഗ്രഹിച്ചത്രേ
കുറ്റവാളിയോ നിരപരാധിയോ
എന്നറിയണമെന്നില്ല, ചിന്തിക്കാന്‍ നേരമില്ല.
മരിക്കാതെ പോയവര്‍ ഭാഗ്യശാലികളോ?
മുറിവേറ്റ അംഗഹീനര്‍ ജീവചവങ്ങള്‍ നിര്‍ഭാഗ്യര്‍
വീണുപോയവര്‍ മരിച്ചവരുടെ കൈകളില്‍
ആശ്വാസം കണ്ടെത്തുന്നതുപോലെ
ഇരുളില്‍ സ്ഫോടന വെളിച്ചത്തില്‍
പ്രതീക്ഷ കണ്ടെത്തുന്നതെങ്ങനെ?
തീച്ചൂട് നിറഞ്ഞ ഈ സന്ധ്യയില്‍
ഞാനെന്റെ നഷ്ടലോകത്തിന്റെ
തപ്ത നിശ്വാസങ്ങളെ കോര്‍ക്കാം
അതുകൊണ്ട് കഴിയുമെനിക്കിന്നും
ഏറ്റവും നഷ്ടസ്വപ്നങ്ങളെ വാര്‍ത്തെടുക്കാന്‍
ആയുധപ്പുരകളില്‍ ആണവായുധം
യുദ്ധഭൂമിയില്‍ ആയുധപ്പെരുമഴ തീമഴ
കാലമേ.. കാലമേ.. നീ ചൊല്‍ക
മാനവഹൃദയങ്ങള്‍ ദേവാലയമാകുമോ?
വെടിയൊച്ചയില്‍ ക്ഷേത്ര വാതിലുകളടഞ്ഞു
പള്ളിമുറ്റത്തെ കല്‍ക്കുരിശു ചരിഞ്ഞു
ഒരിക്കലും കണ്ണുതുറക്കാത്ത ദൈവങ്ങളേ,
തോരാത്ത കണ്ണീരിറ്റ് പ്രാര്‍ത്ഥിക്കുന്നവരെ

കാണാത്ത നിങ്ങളല്ലോ ഭാഗ്യം കിട്ടിയവര്‍
മുറിച്ചു മാറ്റാത്ത കൊട്ടിയടച്ച അതിര്‍ത്തികളും
കെട്ടടങ്ങാത്ത അധികാര പ്രമത്തത പെരുകുന്തോറും
യുദ്ധങ്ങളും തുടര്‍ന്നുകൊണ്ടേ ഇരിക്കും
യുദ്ധത്തിനോടല്ലേ നിരായുധയുദ്ധം വേണ്ടത്
എന്തേ യുദ്ധത്തിനോട് യുദ്ധം ചെയ്യാന്‍
കീശയില്‍ ആയുധമില്ലാതെ പോകുന്നത്?

Read more topics: # യുദ്ധപെരുമഴ
Yutha Perumazha Theemazha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES