ഞാന്‍ മാന്യന്‍; 'ഞാനും' മാന്യന്‍.
'അതെ,
ഞാനും നീയും മാന്യന്മാര്‍!'
അപ്പോള്‍,
ഈ പകല്‍മാന്യനാര്?
ഞങ്ങളൊരു സംവാദത്തണലിലിരുന്നു.
ഞാന്‍ പറഞ്ഞു, 'അതവനാണ്.'
ശരിയാണെന്നു മറ്റവന്‍ തലയാട്ടി.
അന്നേരം,
അവിടെയെത്തിയ ആ 'അവനും'
അവന്റെ ചൂണ്ടുവിരല്‍ പുറത്തേക്കു നീട്ടി;
ശരിയാണെന്നു ഞങ്ങളും തലയാട്ടി.
അങ്ങനെ,
വന്നെത്തിയ ഓരോ ചൂണ്ടുവിരലും
വരുത്തിയ അപരന്മാര്‍
വട്ടം കൂട്ടുന്ന സംവാദത്തണലില്‍നിന്നും
കണ്ണെത്താ ദൂരവും കാതെത്താ ദൂരവും
മനസെത്താ ദൂരവും താണ്ടി
ചൂണ്ടുവിരലുകള്‍ പാഞ്ഞുകൊണ്ടിരുന്നു.
എന്നിട്ടും,
ആ 'പകല്‍മാന്യന്‍' മാത്രം
സംവാദത്തണലിലെത്തിയില്ല;
അവനൊരു 'ഗൂഢവാദ സങ്കല്പ' തോടില്‍
സുഷുപ്തിയിലായിരുന്നു!
അവസാനം,
അസ്തമയത്തിന്റെ അതിര്‍വരമ്പ്
കടന്നാക്രമണത്തിനെത്തിയപ്പോള്‍
'അതവന്‍' തന്നെയെന്ന പതിവു കിണ്ടാട്ടംകൊണ്ട്
ആ സംവാദത്തണല്‍ താനെ പിരിഞ്ഞു.
പുറത്ത്,
കാത്തുക്കിടന്നിരുന്ന യു എഫ് ഒ പേടകങ്ങളില്‍
കേറിപ്പോയവരില്‍ ചിലര്‍ക്കപ്പോള്‍
ഉടലില്ലായിരുന്നു; ചിലര്‍ക്കു തലയും!
* യു എഫ് ഒ= അന്യഗ്രഹജീവികള്‍ സഞ്ചരിക്കുന്നതെന്നു വിശേഷിപ്പിക്കപ്പെടുന്ന വാഹനം.