അനശ്വര രാജന്‍
Cc to : കഴിവുകളും അത് പ്രകടിപ്പിക്കാന്‍ ധൈര്യവും സ്വന്തം അഭിപ്രായവുമുള്ള മറ്റ് പെണ്‍കുട്ടികള്‍,
പെങ്ങന്മാരേ,
പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിനു സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന ഒരു മോഡേണ്‍ ആങ്ങളയാണ് ഞാന്‍. താന്‍ ഏത് വകേലാടോ ഞങ്ങടെ ആങ്ങളയാവുന്നത് എന്നായിരിക്കും ഇപ്പൊ നിങ്ങള് വിചാരിക്കുന്നത്. പണ്ട് അസംബ്ലീല്‍ ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്‌സ് ആന്‍ഡ് സിസ്റ്റേഴ്‌സ് (ഞാന്‍ കെട്ടാന്‍ പോണ പെണ്‍കുട്ടി ഒഴികെ) എന്ന് ചൊല്ലിപ്പഠിച്ചത് മുതല്‍ അങ്ങനാണ് നിങ്ങ ഞങ്ങക്ക്.. അപ്പൊ ആ അധികാരത്തില്‍ ഈ ആങ്ങള ചിലതൊക്കെ ചോദിക്കും, പറയും.
അത് പോട്ടെ, എന്ത് അതിക്രമാ നിങ്ങളീ കാണിക്കുന്നേ...പെണ്‍കുട്ടികളായാല് കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ? അപ്പൊ അതിന് ചേരാത്ത വസ്ത്രങ്ങളൊക്കെ ധരിക്കുന്നത് എന്ത് കഷ്ടാണ്.നിങ്ങള് ഇടുന്ന ഡ്രസ്സിനെക്കുറിച്ചൊക്കെ ഞാനൊന്ന് അന്വേഷിച്ചു..മോശം അഭിപ്രായാ നാട്ടിലൊക്കെ...മോശംന്ന് പറഞ്ഞാല്‍ മോശം മോശം മോശം....
ഞങ്ങള് അദ്ധ്വാനിച്ചുണ്ടാക്കിയ കാശ്, ഞങ്ങളുടെ സ്വാതന്ത്ര്യം എന്നൊക്കെ പറയുമായിരിക്കും.ഒരു സെലിബ്രിറ്റി ആയാലോ അല്ലെങ്കില്‍ നാലാള് അറിയുന്ന ആളായാലോ നമ്മുടെ സംസ്‌കാരം സംരക്ഷിക്കാനുള്ള സൂത്രം ഇരിക്കുന്നത് നിങ്ങളിടുന്ന പ്രൊഫൈല്‍ പിക്ചറിലാണെന്ന് അറിഞ്ഞൂടേ?ചുരിദാര്‍ - അതും ലെഗ്ഗിന്‍സ് പറ്റൂല. സാരി, പിന്നെ പരമാവധി പട്ടുപാവാടയോ ദാവണിയോ ഒക്കെ...നിങ്ങടെ നന്മയ്ക്ക് വേണ്ടിയല്ലേ ആങ്ങളമാര്‍ ഇങ്ങനെ പറഞ്ഞ് തരുന്നത്?
ഇപ്പൊത്തന്നെ ദാ നന്മ ഉപദേശിച്ചു തന്ന ആങ്ങളമാരെ അപമാനിക്കുന്നത് പോലല്ലേ അനശ്വര പറഞ്ഞത്..'Don't worry about what I'm doing.. Worry about why you're worried about what I'm doing' ഞങ്ങള്‍ ആങ്ങളമാരെ ഇങ്ങനെ ഇന്‍സള്‍ട്ട് ചെയ്യല്ലേ കുട്ടീ. ഇടയ്ക്ക് കുറച്ച് പേര് ആണുങ്ങള്‍ സിക്‌സ് പാക്ക് കാണിക്കുന്നതിനോട് പെണ്‍കുട്ടികള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ താരതമ്യം ചെയ്യുന്നത് കണ്ടു...ഓര് ഫെമിനിച്ചികളാന്ന് ചേട്ടന്‍ പ്രത്യേകം പറഞ്ഞുതരേണ്ടല്ലോ ല്ലേ....ഇച്ചീച്ചി കൂട്ടങ്ങളാ...
ആണുങ്ങള് അങ്ങനെ ഫോട്ടോ ഇടുമ്ബൊ നിങ്ങള്‍ക്ക് വല്ല ബട്ടര്‍ഫ്‌ളൈയുടെയോ പ്രാവിന്റെയോ ഒക്കെ ഫോട്ടോ ഇടാമല്ലോ....അതിന് നിങ്ങളെ ആരും തടയില്ല...അഥവാ തടയാന്‍ ആരെങ്കിലും വന്നാല്‍ ഈ ചേട്ടന്‍ കൂടെയുണ്ടാവും..പറഞ്ഞല്ലോ....അത്യാവശ്യം ഫ്രീഡമൊക്കെ നല്‍കുന്ന ഒരു മോഡേണ്‍ ആങ്ങളയാണ് ഞാന്‍..പിന്നെ ഇന്നല്ലെങ്കില്‍ നാളെ നിങ്ങളൊക്കെ മറ്റൊരു വീട്ടില്‍ ചെന്ന് കേറേണ്ടതല്ലേ? അപ്പൊ കിട്ടേണ്ട ട്രെയിനിങ്ങാന്ന് കരുതിയാ മതി..കേട്ടിട്ടില്ലേ..
ആങ്ങള രക്ഷതി ഓണ്‍ലൈനേ,ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി...
കമന്റ് ബോക്‌സുകളിലും ഇന്‍ബോക്‌സുകളിലും എന്നും ഈ ആങ്ങള നിങ്ങള്‍ക്കായി വലവിരിച്ച്....സോറി, ഉറക്കമൊഴിച്ച് കാത്തിരിക്കും..
അധികാരത്തോടെ,
സ്വന്തം ചേട്ടനെപ്പോലെ
ഷമ്മ