ചത്ത ചാളയെ പറപ്പിക്കുന്ന മലയാളി
കു റേ നാളായി എറണാകുളത്തെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ (Central Marine Fisheries Research Institute (CMFRI)) ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ ആ സ്ഥാപനം കാണാന്‍ എന്നെ ക്ഷണിച്ചു തുടങ്ങിയിട്ട്. കര്‍മ്മവും കാലവും ഒത്തുവന്നത് കഴിഞ്ഞ മാസമാണ്.
സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ ആരംഭിച്ച ഈ സ്ഥാപനം ആദ്യം ചെന്നൈയിലായിരുന്നു Central Institute of Brackishwater Aquaculture എന്ന പേരില്‍. ഇപ്പോള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ICAR) മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണ്. ഏറ്റവും നല്ല റിസേര്‍ച്ച് സ്ഥാപനത്തിനുള്ള അവാര്‍ഡുകള്‍ സ്ഥിരമായി വാങ്ങുന്നുമുണ്ട്.
സ്ഥാപനത്തില്‍ നടത്തുന്ന ഗവേഷണങ്ങളും സ്ഥാപനം സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹവും സഹപ്രവര്‍ത്തകരും എനിക്ക് വിശദീകരിച്ചു തന്നു. ഓരോ തവണയും കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളില്‍ ചെല്ലുമ്ബോള്‍ എനിക്ക് അത്ഭുതമാണ്. എത്രമാത്രം നല്ല ഗവേഷണങ്ങളാണ് അവിടങ്ങളില്‍ നടക്കുന്നത്! എത്ര കഴിവുള്ള - പലപ്പോഴും അന്താരാഷ്ട്രീയമായി തന്നെ അംഗീകാരമുള്ള- ഗവേഷകരാണ് അവിടെയുള്ളത്!. പക്ഷെ ഗവേഷണങ്ങള്‍ ഒന്നും പൊതുജനം അറിയുന്നില്ല. ലാബിലെ ഗവേഷണങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പൊതുവെയുള്ള കാലതാമസവും ഇതിനൊരു കാരണമാണ്. കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ നാട്ടുകാരോട് പങ്കുവെക്കാനും അവിടുത്തെ ഗവേഷകരെ പരിചയപ്പെടുത്താനും മാത്രമായി തന്നെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങേണ്ടതാണ്.
എന്താണെങ്കിലും അവിടുത്തെ പ്രഭാഷണത്തിന് ശേഷം അവസരം കിട്ടിയപ്പോള്‍ എന്റെ മനസില്‍ ഏറെ നാളായുള്ള ഒരു ചോദ്യം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
എന്റെ ചെറുപ്പകാലത്ത് വെങ്ങോലയില്‍ മല്‍സ്യം കിട്ടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. തലയില്‍ ഒരു മീന്‍കൊട്ടയുമായി വല്ലപ്പോഴും ആലിമാപ്പിള മലയിറങ്ങി വീട്ടിലെത്തും. വല്ലപ്പോഴും സൈക്കിളില്‍ മീനും വിളിച്ചുകൊണ്ട് ചിലര്‍ ആ വഴി കടന്നുപോകും. വെങ്ങോല ജംഗ്ഷനില്‍ മിക്കവാറും പച്ചമീന്‍ കിട്ടാറുണ്ട്. പെരുമ്ബാവൂര്‍ ചന്തയില്‍ രാവിലെ എട്ടുമണിക്ക് മുന്‍പ് എത്തിയാല്‍ മീന്‍ കിട്ടും. എന്നാല്‍ രാവിലെ പത്തു മണിക്ക് ശേഷമാണ് മീന്‍ കഴിക്കാന്‍ ആശ തോന്നുതെങ്കില്‍ അത് സാധിക്കാന്‍ ഭാഗ്യം കൂടെ വേണം.
എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. വെങ്ങോല കവലയില്‍ രാവിലെ ആറ് മുതല്‍ രാത്രി എട്ട് മണി വരെ ഏതു സമയത്തും മീന്‍ കിട്ടും. പെരുമ്ബാവൂരില്‍ എത്തുന്നതിനു മുന്‍പ് തന്നെ അഞ്ച് മല്‍സ്യക്കടകളെങ്കിലുമുണ്ട്. പെരുമ്ബാവൂരിനു ചുറ്റുപാടും രാവിലെ അഞ്ചു മുതല്‍ രാത്രി പന്ത്രണ്ട് വരെ മീന്‍ കിട്ടുന്ന രണ്ട് ഡസന്‍ മല്‍സ്യക്കടകളെങ്കിലുമുണ്ട്. മീന്‍ വാങ്ങല്‍ ഇപ്പോള്‍ ഒരു ലോട്ടറിയല്ല.
''1970 ല്‍ കേരളത്തില്‍ ഇന്നുള്ളതിന്റെ മൂന്നില്‍ രണ്ട് ജനസംഖ്യയാണുണ്ടായിരുന്നത്. എന്നിട്ടും എന്താണ് അന്ന് മീന്‍ ലഭ്യമല്ലാതിരുന്നത്? ഇപ്പോള്‍ കേരളത്തില്‍ മല്‍സ്യബന്ധനം കൂടിയോ? കേരളതീരത്ത് കൂടുതല്‍ മല്‍സ്യം ലഭിക്കുന്നുണ്ടോ? കേരളത്തിലെ ഉള്‍നാടന്‍ മത്സ്യകൃഷി വര്‍ദ്ധിച്ചോ?''
''കേരളത്തില്‍ മല്‍സ്യ കൃഷി കൂടി എന്നത് സത്യമാണ്. പക്ഷെ ഈ വര്‍ദ്ധനയില്‍ ഏറെയും നമ്മള്‍ പിടിക്കുന്നതോ കൃഷി ചെയ്യുന്നതോ ആയ മീനല്ല. കേരളത്തിന് പുറത്തു നിന്നും ഏറെ മല്‍സ്യം ഇപ്പോള്‍ കേരളത്തില്‍ വരുന്നുണ്ട്. പോണ്ടിച്ചേരിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും മാത്രമല്ല ഒമാനില്‍ നിന്ന് പോലും ഇപ്പോള്‍ കേരളത്തില്‍ മല്‍സ്യം എത്തുന്നുണ്ട്.''
ഇത് നിങ്ങള്‍ക്ക് പുതിയ അറിവായിരിക്കില്ല എന്നെനിക്കറിയാം. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ ഉള്‍പ്പെടെ കൊറോണക്ക് മുന്‍പ് വിറ്റിരുന്ന 'നാടന്‍ കരിമീനില്‍' അധികവും ആന്ധ്രയില്‍ നിന്നാണ് വന്നിരുന്നതെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. സത്യമാണോ എന്നറിയില്ല. സ്വിട്‌സര്‌ലാണ്ടിലെ ജനീവ തടാകക്കരയില്‍ ലോക്കല്‍ സ്‌പെഷ്യാലിറ്റി ആയി വില്‍ക്കുന്ന പെര്‍ച്ഛ് മല്‍സ്യം വരുന്നത് എസ്റ്റോണിയയില്‍ നിന്നും പോളണ്ടില്‍ നിന്നുമൊക്കെയാണ് എന്നെനിക്കറിയാം. അതുകൊണ്ട് ആലപ്പുഴ കരിമീന്‍ ആന്ധ്രയില്‍ നിന്നും വന്നാല്‍ അതിലൊരു അതിശയമില്ല.അതിശയമുള്ളത് മറ്റൊന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് മടിയനായ മലയാളികളെ തേടി ഒമാനില്‍ നിന്നും ചാള പറന്നുവരുന്നത്? പാവം മലയാളികള്‍ മീന്‍ കഴിച്ചു ജീവിച്ചോട്ടെ എന്ന് അവര്‍ കരുതിയിട്ടാണോ?
അല്ല. പിന്നെന്താണ്? പിടയ്ക്കുന്ന മീനിന് പകരം വെക്കാന്‍ പിടയ്ക്കുന്ന നോട്ടുകള്‍ ഉള്ളത് മലയാളിയുടെ കൈയിലാണ്. അതുതന്നെ കാരണം. കൃഷിപ്പണി ചെയ്യാത്ത - റോഡ് പണി ചെയ്യാന്‍ മടിക്കുന്ന - മക്കളെ മീന്‍ പിടിക്കാന്‍ കടലില്‍ വിടാത്ത മലയാളിയുടെ കൈയില്‍. പരമ്ബരാഗത തൊഴില്‍ ആത്മാര്‍ഥമായി ചെയ്യുന്ന, ഒട്ടും സ്ഥലം തരിശിടാത്ത, ദിവസവും പത്തും പന്ത്രണ്ടും മണിക്കൂര്‍ അച്ഛനും അമ്മയും മക്കളും ചേര്‍ന്ന് അത്യദ്ധ്വാനം ചെയ്യുന്ന നാടുകളിലേക്ക് എന്തുകൊണ്ടാണ് ചാള പറക്കാത്തത്? ഇതെന്ത് മറിമായം? ഇതെങ്ങനെ സംഭവിക്കുന്നു?
കാരണം, ശാരീരികമായ അദ്ധ്വാനത്തിന് താരതമ്യേന മൂല്യം കുറവാണ്. ഒരേ ജോലി തന്നെ ശാരീരിക അദ്ധ്വാനം കൊണ്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വേതനം കിട്ടും, യന്ത്രം ഉപയോഗിച്ച് ചെയ്താല്‍. അരിവാള്‍ കൊണ്ട് പുല്ലരിയുന്ന ആള്‍ക്ക് ദിവസം അറുനൂറ് രൂപയാണ് കിട്ടുന്നതെങ്കില്‍ യന്ത്രമുപയോഗിച്ച് പുല്ലരിയുന്ന ആള്‍ക്ക് ദിവസം രണ്ടായിരം രൂപയാണ് കൂലി. യന്ത്രം കൊണ്ട് പുല്ലരിയുന്ന ജോലി തന്നെ സാമ്ബത്തിക നിലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്ത് ചെയ്താല്‍ അതിലും കൂടുതല്‍ പണം കിട്ടും.
ഇതൊക്കെയാണ് വിയര്‍ക്കാന്‍ മടിക്കുന്ന മലയാളി ഇപ്പോള്‍ ചെയ്യുന്നത്.
വിയര്‍പ്പിന്റെ അസുഖമുള്ളതുകൊണ്ട് ശാരീരിക അദ്ധ്വാനം കുറഞ്ഞതും സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെയ്യേണ്ടതുമായ ജോലികള്‍ എത്തിപ്പിടിക്കാന്‍ അവര്‍ കൂടിയ വിദ്യാഭ്യാസം നേടുന്നു. ശാരീരികാദ്ധ്വാനം കുറക്കാന്‍ യന്ത്രങ്ങളുപയോഗിച്ച് ജോലി ചെയ്യുന്നു. ഒരേ ജോലിക്ക് ലോകത്ത് മറ്റെവിടെയെങ്കിലും കൂടുതല്‍ പ്രതിഫലം കിട്ടുമെന്ന് കണ്ടാല്‍ കടല് കടന്ന് അവര്‍ അവിടെയെത്തുന്നു. അത് നമ്മുടെ പരാജയമൊന്നുമല്ല.
നാട്ടിലെ സ്ഥലമൊക്കെ തരിശിട്ടിട്ട് പണിയൊന്നും ചെയ്യാതെ പഞ്ചാബിലെ അരിവാങ്ങി കഴിക്കാന്‍ നമുക്ക് സാധിക്കുന്നുവെങ്കില്‍ അതൊരു പരാജയമല്ല, നമ്മുടെ വികസനത്തിന്റെ വിജയമാണ്.
നമ്മുടെ അച്ഛനപ്പൂപ്പന്മാര്‍ ചെയ്തിരുന്ന ജോലി അത് കൃഷി, കച്ചവടം, കൈത്തൊഴില്‍, മല്‍സ്യബന്ധനം എന്താണെങ്കിലും അതാണ് പാരമ്ബര്യം എന്നും പറഞ്ഞ് അതേപോലെതന്നെ പിന്തുടര്‍ന്ന് ചെയ്തു കൊണ്ടിരിക്കുക എന്നത് അത്ര പുണ്യ പ്രവര്‍ത്തിയൊന്നുമല്ല. 1970 കളില്‍ എട്ടു ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2010 ആയപ്പോഴേക്കും രണ്ടു ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞു എന്ന് നാം ചിലപ്പോള്‍ വിഷമിക്കാറുണ്ടല്ലോ. ഒരു വര്‍ഷം എത്ര ലക്ഷം ലിറ്റര്‍ കീട നാശിനിയാണ് നമ്മുടെ പാടങ്ങളില്‍ ഉപയോഗിച്ചിരുന്നത്, ഇപ്പോള്‍ ഉപയോഗിക്കപ്പെടാത്തത് എന്നൊക്കെ ഫൈസി ഒന്ന് ആലോചിച്ചു നോക്കണം.
ഇതൊക്കെയാണ് ശരിയായ ബുദ്ധിയുള്ള മനുഷ്യന്‍ ചെയ്യേണ്ടുന്ന കാര്യവും. ഇതുകൊണ്ടാണ് ഒമാനിലെ ചാള മടിയനായ മലയാളിയെ അന്വേഷിച്ച് കേരളത്തിലേക്ക് പറക്കുന്നത്. അല്ലാതെ, ''പണ്ടൊക്കെ എന്തുവാരുന്നു'' എന്നും പറഞ്ഞ് പാരമ്ബര്യ തൊഴിലും കെട്ടിപ്പിടിച്ചിരുന്നാല്‍, അല്ലെങ്കില്‍ പാരമ്ബര്യ രീതികളില്‍ തന്നെ തൊഴില്‍ ചെയ്തുകൊണ്ടിരുന്നാല്‍ നാട്ടിലെ ചാള തന്നെ ട്രക്ക് കയറി മറ്റു സംസ്ഥാനങ്ങളില്‍ പോകും, അല്ലെങ്കില്‍ വിമാനം കയറി യൂറോപ്പിലേക്ക് പോകും.ഈ വിയര്‍പ്പിന്റെ അസുഖമുള്ള മലയാളി വാസ്തവത്തില്‍ ഒരു സംഭവമാണ്. ചത്ത ചാളയെ പറപ്പിക്കുന്ന മന്ത്രികനാണ്.