നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് ശിക്ഷിക്കപ്പെടുമോ? 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചായിരുന്നു ജാമ്യം നല്‍കിയത്. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണയാണ് ദിലീപ് ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടു തവണയും ജാമ്യാപേക്ഷ തള്ളി.
നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. 2017 ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിലായിരുന്നു ജയില്‍ മോചനം. 2025 ഡിസംബര്‍ എട്ടിന് വിധിയും. 2017 ഫെബ്രുവരി 17-ന് രാത്രി ഒമ്പതരയോടെ ദേശീയപാതയില്‍ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം കോട്ടായില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയത്. സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു നടി. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചു എന്ന വ്യാജേന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോകുകയും കളമശ്ശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം നടിയുടെ വാഹനത്തിലെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്‍, നടിയെ കാക്കനാടിനടുത്ത് പടമുകളില്‍ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിച്ചു.
ഒളിവില്‍ പോയ പള്‍സര്‍ സുനി എറണാകുളം സി.ജെ.എം. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ ഫെബ്രുവരി 23-ന് പോലീസിന്റെ പിടിയിലായി. പള്‍സര്‍ സുനി അടക്കമുള്ളവരെ പ്രതിയാക്കി പോലീസ് അന്വേഷണമാരംഭിച്ചു. കൂടുതല്‍ അന്വേഷണം നടന്നപ്പോഴാണ് ദിലീപ് അടക്കമുള്ളവര്‍ പ്രതികളായത്. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരം മറ്റ് പ്രതികളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തിയെന്നതാണ് ഒന്നാം പ്രതി പള്‍സര്‍ സുനിക്കെതിരേയുള്ള കേസ്. ദിലീപ് അറസ്റ്റിലായി ജയിലില്‍ കിടന്നതും മലയാള നടിമാരുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടതും ഉള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ ഇതിനെത്തുടര്‍ന്ന് സിനിമാ ലോകത്തുണ്ടായി. ക്രൂരമായ ആക്രമണത്തിന്റെ ആഘാതത്തില്‍നിന്ന് മോചനം നടി പുതുജീവിതത്തിലേക്കു പ്രവേശിക്കാന്‍ നടിക്കു കഴിഞ്ഞു.
പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടന്‍ ദിലീപിനു പങ്കുണ്ടെന്ന സൂചന ആദ്യം പുറത്തുവന്നതു സ്വന്തം നാട്ടില്‍ നിന്നു തന്നെയാണ്. ഒരു ദിവസം സന്ധ്യയ്ക്കു രണ്ടു വാഹനങ്ങളിലായി പത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നായിരുന്നു സൂചന. വാഹനങ്ങള്‍ പാലസ് വളപ്പിലിട്ട ശേഷം നടന്നാണ് ഇവര്‍ പോയത്. എല്ലാവരും മഫ്തിയിലായിരുന്നു. ചിലരുടെ കയ്യില്‍ ഫയലുകളും ഉണ്ടായിരുന്നു. നേരത്തേ നഗരത്തില്‍ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സംഘത്തിന്റെ വഴികാട്ടി. ഈ സമയത്തു പാലസ് പരിസരത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊലീസുകാരെ ശ്രദ്ധിച്ചു. അവരാകട്ടെ ഇരുട്ടായതിനാല്‍ രാഷ്ട്രീയക്കാരെ കണ്ടുമില്ല.
ഇതിനിടെ കൂട്ടത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ചയാള്‍ 'വീടെവിടെയാണെ'ന്നു ചോദിച്ചതും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ 'ആ കാണുന്നതാണ്, നടക്കാവുന്നതേയുള്ളൂ' എന്നു പറഞ്ഞതും രാഷ്ട്രീയക്കാര്‍ കേട്ടു. പക്ഷേ, പൊലീസ് സംഘം ദിലീപിന്റെ വീട്ടിലേക്കു കയറുന്നതു മതിലിന്റെ മറമൂലം ഇവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പൊലീസ് പോയതു ദിലീപിന്റെ വീട്ടിലേക്കു തന്നെ എന്നുറപ്പിച്ച പൊതുപ്രവര്‍ത്തകരാണ് നടനെ പൊലീസ് ചോദ്യംചെയ്തെന്ന വിവരം ആദ്യം പുറത്തുവിട്ടത്.
കേസിന്റെ നാള്‍ വഴി
2017 ഫെബ്രുവരി 17 : അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തതായി കേസ്.
ഫെബ്രുവരി 21: നടന്‍ ദിലീപിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫെബ്രുവരി 23: മുഖ്യപ്രതി പെരുമ്പാവൂര്‍ കോടനാട് നെടുവേലിക്കുടി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയില്‍നിന്നു നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 20: വിഷ്ണു എന്നയാള്‍ വിളിച്ച് സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. ജൂണ്‍ 25: ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കത്ത് എഴുതിയതായി സുനി അന്വേഷണസംഘത്തിനു മൊഴി നല്‍കി.
ജൂണ്‍ 28: പുതിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ ചോദ്യം ചെയ്തു ജൂലൈ 02: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു. ജൂലൈ 10: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നു.