Latest News

കോണ്‍ഗ്രസ്സ് നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല; എന്താണ് കെ സി ജോസഫിന്റെ അയോഗ്യത; മുരളി തുമ്മാരുകുടി എഴുതുന്നു

Malayalilife
കോണ്‍ഗ്രസ്സ് നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല; എന്താണ് കെ സി ജോസഫിന്റെ അയോഗ്യത; മുരളി തുമ്മാരുകുടി എഴുതുന്നു

വിജയം ബാധ്യതയാകുന്ന ഒരാള്‍...

വ രുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് സീറ്റ് ഒന്നും കിട്ടിയില്ലെങ്കിലും പുറത്തു വരുന്ന സ്ഥാനാര്‍ത്ഥി പട്ടികകള്‍ ഒക്കെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ. സി പി എമ്മിന്റെ ലിസ്റ്റില്‍ മാതൃകാപരമായി പലതുമുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്നവരും നല്ല ജയ സാധ്യത ഉള്ളവരും പേര് കേട്ടവരും ആയ ശ്രീ തോമസ് ഐസക്കും ശ്രീ ജി സുധാകരനും ഉള്‍പ്പടെ ഉള്ളവര്‍ ലിസ്റ്റില്‍ ഇല്ല. മൂന്നു തവണയില്‍ കൂടുതല്‍ ജയിച്ചവര്‍ വേണ്ട എന്നോ മറ്റോ ആണവിടുത്തെ നിബന്ധന എന്ന് തോന്നുന്നു. നല്ല കാര്യമാണ്. പുതിയ ആളുകള്‍ക്ക് അവസരം ഉണ്ടാകും, പാര്‍ട്ടിയേക്കാള്‍ വലുതാകുന്ന നേതാക്കള്‍ കുറയും. പാര്‍ട്ടിക്കും നാടിനും നല്ലതാണ്.

കോണ്‍ഗ്രസ്സിന്റെ ലിസ്റ്റ് വരുന്നതേ ഉള്ളൂ. പക്ഷെ കേട്ടിടത്തോളം അവിടുത്തെ നിബന്ധനകള്‍ വ്യത്യസ്തമാണ്. എല്ലാ എം എല്‍ എ മാരും വീണ്ടും മത്സരിക്കും, അവര്‍ എത്ര തവണ മത്സരിച്ചവരോ ജയിച്ചവരോ ആണെങ്കിലും. സിറ്റിങ് എം പി മാര്‍ക്ക് സീറ്റ് ഇല്ല. രണ്ടു തവണയില്‍ കൂടുതല്‍ തോറ്റവര്‍ക്ക് വീണ്ടും സീറ്റ് കൊടുക്കുകയുമില്ല. ഏറ്റവും മാതൃകാപരം എന്ന് പറയാന്‍ പറ്റില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. കോണ്‍ഗ്രസിന് ഇതൊരു നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അപ്പോള്‍ വിജയ സാധ്യത മാത്രമാണ് മുഖ്യം, ബിഗിലെ. പോരാത്തതിന് സിറ്റിങ് എം എല്‍ എ മാരുടെ എണ്ണം അത്ര വലുതല്ല, അപ്പോള്‍ പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഒക്കെ സീറ്റുകള്‍ കൊടുക്കണമെങ്കില്‍ ധാരാളം വേറെ ഉണ്ട്.

പക്ഷെ ഈ നിബന്ധനകളില്‍ ഒന്നും പെടാഞ്ഞിട്ടും സീറ്റ് ഇല്ലാത്ത ഒരാളുണ്ട് എന്നാണ് കേള്‍ക്കുന്നത്. ശ്രീ കെ സി ജോസഫ്, കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയാണ്, തൊള്ളായിരത്തി എണ്‍പത്തി രണ്ടുമുതല്‍ തുടര്‍ച്ചയായി ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിക്കുന്ന എം എല്‍ എ യും ആണ്. അദ്ദേഹത്തിന് സീറ്റ് ഇല്ല എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ട്രോള്‍ കാലത്തെ സിനിമ ഡയലോഗ് പോലെ

'കോണ്‍ഗ്രസ്സ്, നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല' എന്താണ് ശ്രീ കെ സി ജോസഫിന്റെ അയോഗ്യത ?അദ്ദേഹം സിറ്റിങ് എം എല്‍ എ അല്ലേ ? അദ്ദേഹം രണ്ടു പ്രാവശ്യം തോറ്റോ ? അദ്ദേഹം എം പി ആണോ ? എം എല്‍ എ എന്ന നിലയില്‍ ബാക്കിയുള്ള പത്തൊമ്ബത് പേരെ അപേക്ഷിച്ച്‌ അദ്ദേഹം ഏതെങ്കിലും തരത്തില്‍ പുറകിലാണോ ?മന്ത്രിയായിരുന്ന കാലത്ത് അഴിമതി, സ്വജന പക്ഷപാതം, സ്ത്രീ വിഷയം എന്നിവ എന്തെങ്കിലും വിവാദത്തില്‍ പെട്ടോ..ഒന്നുമില്ല.

പുറത്തു നിന്നും കാണുന്നിടത്തോളം അദ്ദേഹം 'സ്ഥിരമായി ജയിക്കുന്നു' എന്നതാണ് അയോഗ്യത. ഇതിപ്പോള്‍ തുടങ്ങിയതല്ല. വെള്ളിമൂങ്ങ സിനിമയില്‍ ഒക്കെ 'എത്ര നാളയെടോ, ആളുകള്‍ മടുത്തുകാണും' എന്നൊക്കെ ഇരിക്കൂര്‍ എം എല്‍ എ പ്പറ്റി ഡയലോഗ് അടിക്കുന്നുണ്ട്. അതൊക്കെ സിനിമാക്കാര്‍ പറയുന്നതാണ്, നാട്ടുകാര്‍ പറയുന്നതല്ലോ. തിരഞ്ഞൈടുപ്പിന് നിന്നപ്പോള്‍ ഒക്കെ നാട്ടുകാര്‍ അദ്ദേഹത്തെ ജയിപ്പിച്ചിട്ടേ ഉള്ളൂ.

ഒരു പഞ്ചായത്ത് വാര്‍ഡില്‍ എങ്കിലും മത്സരിച്ചിട്ടുള്ളവര്‍ക്കോ അത് സൂക്ഷിച്ച്‌ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കോ അറിയാം, ജനങ്ങളുടെ വോട്ട് മേടിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 'സാര്‍ സംഭവം ആണ്' എന്നൊക്കെ പറയാന്‍ എത്ര ആളെ വേണമെങ്കിലും കിട്ടും. പക്ഷെ ഇലക്ഷന് നില്‍ക്കുമ്ബോള്‍ വിവരം അറിയും. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ അതി പ്രശസ്തര്‍ പലരും തിരഞെടുപ്പിന് നിന്ന് ഒരിക്കല്‍ പോലും ജനപിന്തുണ കിട്ടാതെ വന്നിട്ടുണ്ട്.

ഒരിക്കല്‍ വലിയ ഭൂരിപക്ഷം ഒക്കെ കിട്ടി ജയിച്ച ആള്‍ പില്‍ക്കാലത്ത് തോറ്റ് തുന്നം പാടിയതും നമ്മള്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഏതാണ്ട് നാല്പത് വര്‍ഷക്കാലമായി ഒരു പ്രദേശത്തെ ജനങ്ങളുടെ വോട്ട് നേടി ജയിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. ഓരോ പാര്‍ട്ടികളും ആരെ സ്ഥാനാര്‍ത്ഥിയാക്കുന്നു, അതിന് എന്തൊക്കെ മാനദണ്ഡങ്ങള്‍ വക്കുന്നു എന്നതൊക്കെ ആ പാര്‍ട്ടിയുടെ കാര്യം മാത്രമാണ്.

ശ്രീ കെ സി ജോസഫിനെ എനിക്ക് ഒട്ടും പരിചയമില്ല. ഒരിക്കല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ കൂടെ പോകുന്നത് കണ്ടിട്ടുണ്ട് അത്ര മാത്രം.എന്നാലും അദ്ദേഹത്തിന് സീറ്റ് കിട്ടാത്തതില്‍ എനിക്കൊരു വിഷമം ഉണ്ട്.
പിന്നെ ഒരാള്‍ മരിച്ചാല്‍ അയാളുടെ ബന്ധുക്കളെക്കാള്‍ കൂടുതല്‍ അടുത്ത വീട്ടിലെ ആളുകള്‍ കരയരുത് എന്ന് ഏതാണ്ട് അര്‍ഥം വരുന്ന ഒരു ആഫ്രിക്കന്‍ പഴംചൊല്ലുണ്ട് (Don't cry more than the bereaved' ). അതുകൊണ്ട് ഞാന്‍ ഓവറാക്കുന്നില്ല.

ശ്രീ കെ സി ജോസഫിനെ സംബന്ധിച്ചിടത്തോളം സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും വിഷമിക്കാനൊന്നുമില്ല, അഭിമാനിക്കാന്‍ ഏറെ ഉണ്ട് താനും. മുപ്പത്തി ഒമ്ബത് വര്‍ഷം എം എല്‍ എ ആയിരിക്കുന്നത്, എട്ടു പ്രാവശ്യം ജനങ്ങളുടെ ഭൂരിപക്ഷ പിന്‍തുണ നേടുന്നത്, മന്ത്രിയായിട്ടും ചീത്തപ്പേര് ഉണ്ടാകാതിരിക്കുന്നത്, സീറ്റ് കിട്ടിയില്ലെങ്കില്‍ മറുകണ്ടം ചാടുമെന്ന് ഭീഷണിപ്പെടുത്തുകയോ മറ്റുള്ളവര്‍ സംശയിക്കുകയോ ചെയ്യാതിരിക്കുന്നത്, ഇതൊക്കെ എല്ലാവര്‍ക്കും പറയാന്‍ പറ്റുന്ന കാര്യമല്ല.

ശ്രീ കെ സി ജോസഫിന് എല്ലാ ആശംസകളും

Murali thummarukudi note about Congress I do not understand you

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക