നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയുടെ മൊഴിയെ ചോദ്യം ചെയ്യുകയും നടന്‍ ദിലീപിനെ പിന്തുണച്ച് നിരന്തരം രംഗത്തെത്തുകയും ചെയ്യുന്ന സംവിധായകനും ബിഗ് ബോസ് മുന്‍ വിജയിയുമായ അഖില്‍ മാരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥിയുമായ റിയാസ് സലിം രംഗത്ത്.
റേപ്പ് കള്‍ച്ചറിന്റെ ഏറ്റവും അറപ്പുളവാക്കുന്നതും ഛര്‍ദ്ദിക്കാന്‍ തോന്നുന്നതുമായ മനുഷ്യരൂപമാണ് അഖില്‍ മാരാറെന്ന് റിയാസ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. മനഃപൂര്‍വം സംശയം സൃഷ്ടിച്ച് അതിജീവിതയെ കള്ളിയാക്കാന്‍ ശ്രമിക്കുകയാണ് മാരാറെന്നും റിയാസ് സലിം ആരോപിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു പിന്നാലെയാണ് അഖില്‍ മാരാര്‍ ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിനിടെ, അതിജീവിതയുടെ മൊഴിയെ ചോദ്യം ചെയ്ത് അഖില്‍ മാരാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അഖില്‍ മാരാര്‍ ഉന്നയിച്ച ചില ചോദ്യങ്ങളെ റിയാസ് സലിം തന്റെ പോസ്റ്റില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കാറിന്റെ പിന്‍സീറ്റില്‍ ഒരു 'ഡെമോ റേപ്പ്' ചെയ്ത് അങ്ങനെയൊരു സ്ഥലത്ത് എങ്ങനെയാണ് ബലാത്സംഗം സാധ്യമാവുക എന്ന് കണ്ടെത്താന്‍ ശ്രമിക്കുക, 2017-ല്‍ ഇറങ്ങിയ ഒരു മൊബൈല്‍ ഫോണിന്റെ ലൈറ്റ് കണ്ടീഷന്‍ പരിശോധിച്ച് ആ വെളിച്ചത്തില്‍ എങ്ങനെയാണ് ബലാത്സംഗം പകര്‍ത്താന്‍ സാധിക്കുക, അതിജീവിത പ്രതിരോധിക്കുകയും കാര്‍ ഡ്രൈവറെ ആക്രമിക്കുകയും ചെയ്തിരുന്നുവെങ്കില്‍ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുമായിരുന്നു എന്ന വാദങ്ങള്‍ റിയാസ് സലിം എടുത്ത് കാട്ടി. ഈ ചോദ്യങ്ങള്‍ ജിജ്ഞാസയുടെ പുറത്ത് ചോദിക്കുന്നതല്ലെന്നും, മനഃപൂര്‍വം സംശയം സൃഷ്ടിച്ച് അതിജീവിതയെ കള്ളിയാക്കാന്‍ നോക്കുകയാണെന്നും റിയാസ് ശക്തമായി വിമര്‍ശിച്ചു. 'സ്ത്രീയുടെ വേദനയെ അയാള്‍ സയന്‍സ് ഫിക്ഷനാക്കുകയാണ്', റിയാസ് സലിം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
സ്ത്രീവിരുദ്ധരായ പുരുഷന്മാര്‍ പരസ്പരം സംരക്ഷിക്കാനുള്ള കഴിവുള്ളവരാണെന്നും, അവര്‍ ഒരിക്കലും സ്ത്രീകളെ സംരക്ഷിക്കില്ലെന്നും റിയാസ് വാദിച്ചു. അഖില്‍ മാരാരുടെ രോഷം മുഴുവനും കുറ്റാരോപിതന് വേണ്ടിയാണെന്നും അദ്ദേഹത്തിന് സഹതാപം പുരുഷന്മാരോട് മാത്രമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഇത് ഒരു റേപ്പിസ്റ്റിന്റെ മനോഭാവമാണെന്നും, റേപ്പ് സംസ്‌കാരത്തിന്റെ ഭാഗമാവാന്‍ കുറ്റം ചെയ്യണമെന്നില്ല, അതുപോലെ ചിന്തിച്ചാല്‍ മാത്രം മതിയെന്നും റിയാസ് സലിം തന്റെ പോസ്റ്റില്‍ പറയുന്നു.