Latest News

ഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂര്‍ എന്ന മനുഷ്യനോട് സത്യത്തില്‍ ആത്മാര്‍ത്ഥമായ ആരാധന തോന്നുന്നത് ഇപ്പോള്‍; കാള പെറ്റെന്ന് കേള്‍ക്കുമ്ബോഴേ കയറെടുക്കുന്ന സോഷ്യല്‍ മീഡിയ: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
ഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂര്‍ എന്ന മനുഷ്യനോട് സത്യത്തില്‍ ആത്മാര്‍ത്ഥമായ ആരാധന തോന്നുന്നത് ഇപ്പോള്‍; കാള പെറ്റെന്ന് കേള്‍ക്കുമ്ബോഴേ കയറെടുക്കുന്ന സോഷ്യല്‍ മീഡിയ: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

കാ ള പെറ്റെന്നു കേള്‍ക്കുമ്ബോഴേ കയറെടുക്കുന്ന സാമൂഹ്യമാധ്യമ തൊഴിലാളികളില്‍ ഒരാളാണ് ഞാനുമെന്ന കുറ്റബോധത്തോടെ തന്നെ പറയട്ടെ സോഷ്യല്‍ ജഡ്ജ്‌മെന്റിങ്ങില്‍ തല്ക്കാലം പിലാത്തോസ് ആവുകയെന്നതാണ് നിലവിലെ തികഞ്ഞ മാന്യത. വിചാരത്തേക്കാള്‍ വികാരത്തിനു മുന്‍തൂക്കം നല്കുന്ന സോഷ്യല്‍ മീഡിയാ വിധിയെഴുത്തില്‍ പലപ്പോഴും നിരപരാധികള്‍ കുറ്റവാളികളാവാറുണ്ട്. അതിലെ ഒടുവിലത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കര ആത്മഹത്യയും വസന്തയെന്ന സ്ത്രീയും.

ചാനലുകളിലും സോഷ്യല്‍ മീഡിയാസൈറ്റുകളിലും കണ്ട അതിവൈകാരികമായ രംഗങ്ങള്‍ കാരണം വിചാരത്തേക്കാള്‍ വികാരം മുന്നിട്ടു നിന്നുവെന്നത് നേര്. അത്രയേറെ പൊള്ളിപ്പിച്ച ഒന്നായിരുന്നു ആ കുട്ടികളുടെ കരച്ചിലും ചോദ്യങ്ങളും. ഒപ്പം പൊലീസിന്റെ ഭാഗത്ത് നിന്ന് അന്നുണ്ടായ ധാര്‍ഷ്ടൃവും. അതിനെ നന്നായി മാര്‍ക്കറ്റ് ചെയ്ത മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കൂടിയായപ്പോള്‍ വസന്ത എന്ന സ്ത്രീ ഏവരുടെയും കണ്ണിലെ കരടായി.

വാര്‍ത്തകളില്‍ അവര്‍ ദളിതര്‍ക്ക് കൊടുത്ത ഭൂമി കയ്യേറിയ താടകയായി. അവിടുത്തെ നാട്ടുകാരുടെ ഭാഷ്യത്തില്‍ അവര്‍ കള്ളക്കേസുകള്‍ കൊടുത്ത് കോളനിയിലെ മനുഷ്യരെ പീഡിപ്പിക്കുന്ന ദുഷ്ടയായി. പാര്‍ട്ടിയെ സ്വാധീനിച്ച്‌ പൊലീസിനെ വശത്താക്കുന്ന സ്ത്രീയായി. ലൈവ് വീഡിയോ ഇട്ട മാധ്യമ പ്രവര്‍ത്തകയുടെ നോട്ടത്തില്‍ അവര്‍ വച്ച വലിയ വീടും മറ്റും സംശയത്തിന്റെ നിഴലിലുമായി. മാത്രമോ അവര്‍ ഭൂമാഫിയാ ഏജന്റ് പോലുമായി. സ്വന്തം അയല്‍ക്കാരന്റെ വീട്ടിലെ പ്ലാവില്‍ നിന്നു വീഴുന്ന പ്ലാവിലയുടെ പേരില്‍ പോലും തല്ലുണ്ടാക്കുന്ന മനുഷ്യരെല്ലാം ഒറ്റ നിമിഷം കൊണ്ട് നന്മ മരങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയപ്പോള്‍ സ്വന്തം ഭൂമിയില്‍ നടന്ന കയ്യേറ്റത്തിനെതിരെ നിയമപരമായി പോരാടിയ വസന്തയെന്ന സ്ത്രീ സമൂഹതിന്മയായി മാറി.

സത്യം ചെരുപ്പിട്ടു വരുമ്ബോഴേയ്ക്കും നുണ നാലു തവണ ലോകം ചുറ്റി വന്നിട്ടുണ്ടാകുമെന്ന ചൊല്ല് പോലെ ഇന്നിതാ സത്യം മുന്നില്‍ നില്ക്കുമ്ബോള്‍ മുന്നേ സഞ്ചരിച്ച നുണകളെല്ലാം റിവേഴ്‌സ് ഡയറക്ഷനിലാണ് ഇപ്പോള്‍. വസന്ത എന്ന അമ്മ ഒരര്‍ത്ഥത്തിലും ഇവിടെ തെറ്റുകാരിയേ അല്ല. അതുപോലെ ആ കുട്ടികളും. അന്ന് കുട്ടികളുടെ കൂടെ നിന്ന് ആശ്വസിപ്പിച്ചവരില്‍ പലരും അവരെ പഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്തിന്? അവരെന്തു തെറ്റ് ചെയ്തു. ? ഇവിടെ ആരെ പഴിക്കാനാണ് ശരിക്കും നമുക്ക് അധികാരം? ആരെയുമില്ല.!
വിവരാവകാശ രേഖ നല്കിയ തെറ്റായ വിവരം മാത്രം സത്യമെന്നു വിശ്വസിച്ച്‌ വല്ലവരുടെയും പറമ്ബില്‍ ഷെഡ് കെട്ടിയ ശ്രീ രാജനോ ? (അയാളോട് ഇപ്പോള്‍ തരിമ്ബും ദയവ് തോന്നുന്നില്ലയെന്ന സത്യത്തിന് കാരണം പാവ പോലെ നിന്ന ഒരു സ്ത്രീയുടെ മരണത്തിനു വഴിവച്ച മനുഷ്യന്‍ എന്ന നിലയിലാണ്. ) അച്ഛനുമമ്മയും എരിഞ്ഞു തീരുന്നത് കാണേണ്ടി വന്ന ട്രോമയില്‍ സമനില തെറ്റി കരഞ്ഞ, പെരുമാറിയ ആ കുട്ടികളെ എങ്ങനെ പഴിക്കാനാണ് നമുക്ക് കഴിയുക ? ശരിക്കും അവര്‍ തെറ്റുകാരേയല്ല. അതിനാല്‍ അവരെ വെറുതെ വിടുക.

ബോബി ചെമ്മണ്ണൂര്‍ എന്ന മനുഷ്യനോട് സത്യത്തില്‍ ആത്മാര്‍ത്ഥമായ ആരാധന തോന്നുന്നത് മറ്റാര്‍ക്കും തോന്നാത്ത രീതിയില്‍ ഈ പ്രശ്‌നത്തെ മനുഷ്യത്വപരമായി കൈകാര്യം ചെയ്ത മനുഷ്യന്‍ എന്ന നിലയിലാണ്. വസന്തയെന്ന അമ്മയില്‍ നിന്നും അവരുടെ ഭൂമി വില കൊടുത്ത് വാങ്ങി ആ കുട്ടികള്‍ക്ക് നല്കി. അവരുടെ മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണെന്ന ഒറ്റ വൈകാരികത മുന്‍ നിറുത്തി ആ സ്ഥലം വാങ്ങിയ അദ്ദേഹം വസന്തയെന്ന അമ്മയില്‍ ശരി കണ്ടു. എന്നിട്ടും അവിടെയും നമ്മള്‍ അടങ്ങിയില്ല. അല്ലെങ്കില്‍ നമ്മെ അടക്കാന്‍ മാധ്യമങ്ങള്‍ സമ്മതിച്ചില്ല എന്നതാണ് സത്യം. ഇതേ എരിപിരി എവിടെ നിന്നോ കിട്ടിയ ആ കുഞ്ഞുങ്ങളും ചെമ്മണൂരിന്റെ സഹായത്തെ തള്ളാന്‍ പ്രേരിതമായി.

ഒക്കെയും കഴിഞ്ഞു. ഒക്കെയും തെളിഞ്ഞു. ഇപ്പോള്‍ ആ കുട്ടികളോടെന്ന പോലെ സ്‌നേഹം വസന്തയെന്ന അമ്മയോടും തോന്നുന്നു. ശരിക്കും അപമാനിക്കപ്പെട്ടത് അവരാണ്. ശരിക്കും നൊന്തതും അവര്‍ക്കാണ്. ശരിയല്ലേ? തല്ലാനും കൊല്ലാനും ഗുണ്ടായിസത്തിനും നില്ക്കാതെ നേരായ നിയമവഴിയിലൂടെയല്ലേ അവര്‍ സഞ്ചരിച്ചത് ? ഒരു വൈകാരിക നിമിഷത്തില്‍ ഒരു മനുഷ്യന്‍ എടുത്ത തെറ്റായ തീരുമാനം കാരണം നഷ്ടവും നോവും ആര്‍ക്കൊക്കെയാണ്? ജീവന്‍ നഷ്ടപ്പെട്ട ഒരു സ്ത്രീ, അനാഥരായ രണ്ട് കുട്ടികള്‍, കര്‍ത്തവ്യബോധം കൂടി വിവേകം കുറഞ്ഞപ്പോള്‍ കൊലയാളിയെന്നു പഴി കേള്‍ക്കേണ്ടി വന്ന പൊലീസുകാരന്‍ അനില്‍ കുമാര്‍, ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! എത്ര പേര്‍!

നെയ്യാറ്റിന്‍കരയില്‍ സോഷ്യല്‍ ജഡ്ജ്‌മെന്റ് നടത്തിയ പരമാനന്ദത്തില്‍, അവിടെ പൊളിറ്റിക്കല്‍ കറക്‌ട്‌നെസ്സ് നടത്തിയ ഉന്മാദത്തില്‍ ഞാനടങ്ങുന്ന ദ സോ കോള്‍ഡ് പ്രബുദ്ധ മലയാളിയിതാ അടുത്ത വിചാരണയ്ക്ക് ഒരുങ്ങി കഴിഞ്ഞു. എല്ലാ കണ്ണുകളും ഇപ്പോള്‍ കടയ്ക്കാവൂരിലാണ്. മാധ്യമവാര്‍ത്തകള്‍ ചൂടോടെ വിളമ്ബിയ ഇന്‍സെസ്റ്റ് പീഡനത്തിന്റെ പിന്നാലെയാണ്. ആര്‍ക്കറിയണം സത്യം? ആര്‍ക്ക് കാണണം അന്യരുടെ നോവ്?

Anju parvathy prabheesh note about boby chemmanoor

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES