Latest News

വിഷുഫലം- കവിത

Malayalilife
 വിഷുഫലം-  കവിത

ഇന്നലെയും
നിന്നെകുറിച്ചു ഞാന്‍ ഓര്‍ത്തിരുന്നു.
കാമികളുടെ ആത്മാവില്‍ പൂക്കുന്ന
കര്‍ണ്ണികാരമായ്,
ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം
നിന്റെ,
ഉടഞ്ഞാണശിഞ്ജിതമെന്റെ  
ഉള്ളിലുറഞ്ഞ ശൈത്യത്തെ
ഉരുക്കിക്കളയുമായിരുന്നു.

പുറത്ത്,
മേശപ്പൂത്തിരി കത്തുമ്പോള്‍
അകത്ത്,  
മത്താപ്പ് വിരിഞ്ഞിരുന്ന കാലം.

വരമ്പത്തുനിന്നും കൊമ്പത്തോട്ടു കേറി
അമ്മ, അച്ഛനൊപ്പം ചക്കയിടുന്നതു
കണ്ടാലും മിണ്ടാത്ത കള്ളന്മാര്‍
ചക്കപ്പുഴുക്കിലെ ഉപ്പ് നോക്കാന്‍
മത്സരിച്ചു വട്ടമിട്ടുവന്നിരുന്ന കാലം.

കണിയും കൈനീട്ടങ്ങളും സദ്യവട്ടങ്ങളും
കഴിഞ്ഞൂഞ്ഞാലാട്ടം കഴിഞ്ഞാലും
കൊതിപ്പിച്ചു നില്ക്കുന്ന മേടസൂര്യനെ
കൊഞ്ഞനംകുത്തി നടന്ന കാലം.

തേങ്ങാപാല്‍ മധുരമോടെ പുന്നെല്ലരിക്കട്ടകള്‍  
തൂശനിലയില്‍ കിടന്നാവി പോകുന്നോര്‍മ്മയും
പനയോലയ്ക്കുള്ളില്‍ വെടിമരുന്ന് കക്കിയ ഒച്ചയും
പ്രതിധ്വനിക്കും നേരങ്ങളില്‍ നീ  കടന്നുവരുമ്പോള്‍
കോശവളര്‍ച്ച തടയപ്പെട്ട്, രൂപപരിണാമം വന്ന
മുഖമരങ്ങള്‍ തഴച്ചു നില്ക്കുന്നു; ഇന്നിവിടം,
ഉഷ്ണവായു തിങ്ങിയ കന്ദരമാകുന്നു.

ചിരപരിചിതര്‍പോലും അപരിചിതരും
അന്ധന്മാരും ഗന്ധമില്ലാത്തവരുമായിരിക്കുന്നു.
അതിജീവനത്തിന്റെ ആര്‍ത്തനാദങ്ങള്‍
'ബീപ്' ശബ്ദവീചികളായി പരിണമിച്ചു.
മീനച്ചൂടില്‍, മണ്ണില്‍ കിടന്നുരുകുന്നത്,
മാനഭംഗപ്പെട്ട വിഷുവത്തിന്റെ കബന്ധമാണ്;
തല, അത്താഴവിരുന്നുകളില്‍ സൂപ്പുണ്ടാക്കാന്‍
കൊണ്ടുപോയിരുന്നു.

രതിമൂര്‍ച്ഛ കിട്ടാതെ, കണിക്കൊന്നകളുടെ  
ഉള്ളം പുകഞ്ഞുകൊണ്ടിരിക്കുന്നു;
പാതയോരങ്ങളില്‍ വിരിക്കേണ്ട
മലര്‍കംബളങ്ങള്‍ തയ്യാറായിട്ടില്ല;
ആകാശവും ഭൂമിയും ഒപ്പം ചതി ചെയ്തു;
കുരുക്കാത്ത കുരുക്കളുടെ നിലവിളികള്‍;  
കുരുത്ത കുരുക്കള്‍ക്കു കരുവാളിപ്പ്;
എന്റെ ശ്വാസത്തിന്റെ  നിറം, കടുംകറുപ്പ്!

******************************************
സതീഷ് കളത്തില്‍.
കളത്തില്‍ (H),
കോമളാലയം,  
ശങ്കരയ്യ റോഡ്,
പി.ഓ. പൂത്തോള്‍,
തൃശ്ശൂര്‍- 680 004
9446 761 243, 7012 490551

Read more topics: # വിഷുഫലം
vishu bhalam poem by satheesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES