Latest News

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു; മുംബൈയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയങ്കര ചിത്രം യോദ്ധയും ഗാന്ധര്‍വ്വവും അടക്കം ഒരുക്കിയ സിനിമാപ്രതിഭ

Malayalilife
 മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു; മുംബൈയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയങ്കര ചിത്രം യോദ്ധയും ഗാന്ധര്‍വ്വവും അടക്കം ഒരുക്കിയ സിനിമാപ്രതിഭ

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. യോദ്ധാ, ഗാന്ധര്‍വം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവന്‍. സംഗീത് ശിവന്‍ മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംഗീത് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വ്യൂഹം ആണ്. രഘുവരനും സുകുമാരനുമായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വ്യൂഹം പുറത്തിറങ്ങിയത് 1990ലായിരുന്നു.

എ ആര്‍ റഹ്‌മാന്‍ ആദ്യമായി മലയാളത്തില്‍ എത്തിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. യോദ്ധയിലൂടെയാണ് റഹ്‌മാന്‍ മലയാളം സിനിമയില്‍ എത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് സംഗീത് ശിവന്‍. 2017ല്‍ പുറത്തിറങ്ങിയ ഇ ആണ് അവസാന മലയാളം ചിത്രം.

1959ല്‍ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടില്‍ ജനിച്ചു. ശ്രീകാര്യം ലയോള സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളജിലുകളുമായി പ്രീഡിഗ്രിയും ബികോം ബിരുദവും കരസ്ഥമാക്കി.

തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1976ല്‍, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് തന്റെ സഹോദരന്‍ സന്തോഷ് ശിവനുമായി ചേര്‍ന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നല്‍കിത്. അച്ഛന്‍ ശിവന്‍ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളില്‍ അച്ഛനെ സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും.

അതിനു ശേഷം, പൂണെയില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താന്‍ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.

1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി 'വ്യൂഹം' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. പിന്നീട് മോഹന്‍ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് 'ഡാഡി', 'ഗാന്ധര്‍വ്വം', 'നിര്‍ണ്ണയം' തുടങ്ങിയ ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. 'ഇഡിയറ്റ്‌സ്' എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്‌നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ ജയശ്രീ, മക്കള്‍: സജന, ശാന്തനു.

 

Sangeeth Sivan passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES