മനുഷ്യൻ
വൃണമാക്കിമാറ്റിയ ഭൂമിയുടെ താപം
കിളികൾ കൊത്തിവിഴുങ്ങി
താപം താങ്ങാനാവാതെ കിളികൾ വാക്കുകളെ കൊത്തിമുറിച്ചു
മുറിവിന്റെ അഗ്നികോണിൽ നിന്ന് ഒരു സൂക്ഷ്മരൂപം പിറവിയെടുത്തു
ശബ്ദങ്ങളില്ലാതെ
നഗ്നനേത്രങ്ങളാൽ കാണാനാകാതെ
പതിനായിരക്കണക്കിന് പ്രഹരശേഷിയുള്ള ഒരു സൂക്ഷ്മരൂപം
അതിന്റെ മുന്നിൽ ചെറുത്തുനിൽക്കാനാവാതെ നാം കിഴികെട്ടി സൂക്ഷിച്ച അഹങ്കാരവും,ധനവും നിഷ്പ്രഭാമായി
ലോകം ഭയന്നു വിറച്ചു
നാം ഒന്നുമല്ലെന്ന സത്യം നമ്മളറിഞ്ഞു
പടച്ചു കൂട്ടിയ മണിമന്ദിരങ്ങൾ വ്യോമയാന യാത്രകൾ ...
റോക്കറ്റുകൾ, ചൊവ്വയുടെ സ്ഥിതിവിവരകണക്കുകൾ
ഭ്രമണപദങ്ങൾ എല്ലാം ചലനകാമനകൾ മാത്രം
തിരിഞ്ഞു നോക്കണം
ഇടിവെട്ടുകളുടെയും മഴമേഘങ്ങളുടെയും മടകളിലേയ്ക്ക്
പ്രകൃതിയുടെ നെഞ്ചിൽ കിടന്നുറങ്ങിയും മുലകുടിച്ചുവളർന്നും ചാണകം മെഴുകിയ കൂരയിലെ ഒരു തുണ്ട് വെട്ടത്തിൽ
സുഖദുഃഖങ്ങൾ നുകർന്ന് വളർന്ന വളർത്തിയ പൂർവ്വികരെ
അവർ സ്നേഹിച്ച മണ്ണിനെ,വിണ്ണിനെ,നദികളെ
ചവിട്ടിയെറിഞ്ഞു കൊണ്ട് നാം പുരോഗതിയിലേയ്ക്ക് കുതിച്ച്
സുഖങ്ങളിൽ നിന്ന് സുഖങ്ങളിലേയ്ക്കുള്ള യാത്ര
വൃണമായി മാറിയ ഭൂമിയും
വിഷമയമായ നദികളും
ഒരു പുണ്യാഹത്തിനു കൊതിക്കവേ
നമ്മെ തടവിലാക്കികൊണ്ട് മരണങ്ങളിൽ നിന്ന് മരണങ്ങളിലേയ്ക്കു പടർന്നു കയറുന്നു സൂക്ഷ്മജീവി
നാം എല്ലാം ത്യജിച്ചു തിരിഞ്ഞോടുന്നു പഴമയിലേയ്ക്കു
പൂർവികരുടെ കാൽപാടുകളിലേയ്ക്കു
അവിടെ നാം കേട്ടു
മണ്ണിന്റെ ശാന്തതയിൽ നിന്ന് ഒരു മുറിഞ്ഞ വാക്കിന്റെ തേങ്ങൽ
( കടപ്പാട്: മധുസൂദനൻ )