ശരാശരി മലയാളിയായ നവവധു മണിയറയിലേക്ക് കയറുന്നത് തന്നെ പാലും പഴവും ഒക്കെയായിട്ടാണ്. ഫലങ്ങള്‍ക്കും പ്രോട്ടീന്‍ കൂടുതലുള്ള പാലിനും സെക്‌സിന് ആനന്ദം നല്‍കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഇതിന് പുറമേ അറിഞ്ഞിരിക്കേണ്ട മറ്റുചില ഭക്ഷണ സാധനങ്ങള്‍ കൂടിയുണ്ട്.
ആരോഗ്യകാര്യത്തില്‍ പ്രണയത്തിനും ലൈംഗികതക്കുമുള്ള പങ്ക് പണ്ടുമുതലേ വിദഗ്ധര്‍ വ്യക്തമാക്കിയതായി കാണാം.എന്നാല്‍, ലൈംഗിക ഉത്തേജനത്തിനും മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം എന്നതു സംബന്ധിച്ച നിരവധി പഠനങ്ങളാണിപ്പോള്‍ ലോകമെമ്പാടും നടക്കുന്നത്.
ലൈംഗികശേഷി വര്‍ധിപ്പിക്കാനും താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അറിഞ്ഞിരിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
സ്‌ട്രോബറി
പുരാതന റോമില്‍ വീനസ് ദേവതയുടെ പ്രതീകമായാണ് ഈ ചുവന്ന ചെറിയ പഴങ്ങളെ കണ്ടിരുന്നത്. ഫ്രാന്‍സിലെ നാട്ടുമ്പുറത്തു നവദമ്പതികളെ അവരുടെ മധുവിധു ആനന്ദകരമാക്കാന്‍ തണുത്ത സ്‌ട്രോബെറി സൂപ്പു കൊടുത്തു സല്‍ക്കരിച്ചിരുന്നുവത്രെ. വിറ്റമിന്‍ സിയുടെ ഖനികളാണ് ഈ പഴങ്ങള്‍. അവ നാഡികള്‍ക്കു ശക്തിപകരുന്നു. ഇവയെ പ്രണയവും സെക്‌സും വാലന്റൈനുമായി ബന്ധപ്പെടുത്തിയാണ് എപ്പോഴും പാശ്ചാത്യരാജ്യങ്ങളില്‍ പരാമര്‍ശിക്കാറുള്ളത്. ഒരു ബൗള്‍ നിറയെ സ്‌ട്രോബെറികള്‍ എടുത്ത്, ഇണയുമൊത്ത് ഓരോന്നോരോന്നു ക്രീമില്‍ മുക്കി കഴിക്കുന്നത് ഒന്നു ഭാവന ചെയ്തുനോക്കൂ
ഏലക്ക
ഒരു ഒന്നാന്തരം ലൈംഗികോത്തേജക ആഹാരസാധനമാണ് ഏലക്ക എന്നാണ് ഇന്ത്യയിലെ ഏലക്ക യൂറോപ്പില്‍ വിറ്റഴിച്ചിരുന്ന അറബികള്‍ അവിടെ പ്രചരിപ്പിച്ചിരുന്നത്. നല്ല മണമുള്ളതാണ് ഗ്യാസിനെതിരെ പ്രവര്‍ത്തിക്കുന്ന ഏലച്ചെടി. ലൈംഗികബന്ധത്തിനു മുമ്പ് അകത്താക്കാന്‍ പറ്റിയ സാധനം. ഭാരതത്തിലെ ആദ്യത്തെ സെക്‌സോളജിസ്റ്റായ വാത്സ്യായനന്‍ ചുംബനത്തിനു മുമ്പ് ഇണകള്‍ ഏലക്കാ കൂട്ടി മുറുക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഏലക്കായും വെറ്റിലയും ചേര്‍ന്ന മിശ്രിതം സുഗന്ധപൂരിതമാണ്.
വെളുത്തുള്ളി
ആദ്യകാലം മുതലെ ഒരു നല്ല അഫ്രോഡിസിയാക് ആണെന്ന് (ലൈംഗികോത്തേജകവസ്തു) കരുതുന്ന ഭക്ഷണമാണ് വെളുത്തുള്ളി. ഗ്രീക്ക് തത്വചിന്തകന്‍ അരിസ്‌റ്റോഫനീസും വെളുത്തുള്ളിയുടെ ലൈംഗികോത്തേജന ഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പെലോപ്പനേഷിയന്‍ യുദ്ധവര്‍ണനയില്‍ മെഗാരന്‍സ് വെളുത്തുള്ളി കഴിച്ചവരെപ്പോലെ ഉന്മത്തരായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഉദ്ധാരണത്തിനു തടസം നില്‍ക്കുന്ന വാതാധിക്യം വെളുത്തുള്ളി കുറയ്ക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ലിംഗത്തിലെ രക്തധമനികളിലെ ബ്‌ളോക്കുകള്‍ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാന്‍ വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നതിനു പകരം 34 വെളുത്തുള്ളി എള്ളെണ്ണയിലോ, പശുവിന്‍ നെയ്യിലോ വറുത്തു കഴിക്കുന്നതാണുത്തമം.
ചോക്‌ളേറ്റ്
മനുഷ്യനിലെ പ്രധാന മൂഡ് ബൂസ്‌റ്റേഴ്‌സ് ആയ സെററ്റോണിനും ഡൊപ്പമിനും (തലച്ചോറിലെ രാസവസ്തുക്കളാണിവ) ചോക്ലേറ്റില്‍ ഉണ്ടെന്നു വിദഗ്ധര്‍ പറയുന്നു. പക്ഷേ, ചോക്ലേറ്റിലുള്ള ഈ രാസവസ്തുക്കള്‍ക്കു ലൈംഗികോത്തേജനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും ചോക്ലേറ്റ് ദോഷകരമാണെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍, ആന്റിഓക്‌സിഡന്റ് ധാരാളമുള്ള ചോക്ലേറ്റ് ബാറുകള്‍ പ്രത്യേകിച്ചു കറുത്തവ കഴിക്കുന്നതില്‍ അപാകതയില്ല.
ശതാവരി
ഇളം പച്ചനിറമുള്ള, വണ്ണം കുറഞ്ഞ ശതാവരിത്തണ്ടുകള്‍ മൂന്നു ദിവസം തുടര്‍ച്ചയായി പുഴുങ്ങിക്കഴിച്ചാല്‍ ആണിലും പെണ്ണിലും ആസക്തി വര്‍ധിക്കും എന്ന വിശ്വാസമാണ് ഉത്തരേന്ത്യക്കാര്‍ക്കുള്ളത്.
പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, വിറ്റമിന്‍ ഇ, ഫോളിക് ആസിഡ് ഇവകൊണ്ടു സമ്പുഷ്ടമാണ് ശതാവരി. പിത്തത്തെ (അത്യുഷ്ണം) കുറയ്ക്കാനും, ആണിന്റെ ലൈംഗികശേഷി കൂട്ടാനും ശതാവരി സഹായിക്കുമെന്നു ആയുര്‍വേദത്തില്‍ പരാമര്‍ശമുണ്ട്.
ഷെല്‍ഫിഷ് (മുത്തുച്ചിപ്പികള്‍)
സിങ്കിനാല്‍ സമ്പന്നമായ മുത്തുച്ചിപ്പികള്‍ സിങ്ക് ടെസ്‌റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിന് അനിവാര്യമാണ്. ആണിന്റെയും പെണ്ണിന്റെയും ലൈംഗികാസക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണവ. എന്നാല്‍ പച്ച ഓയിസ്റ്റര്‍ കഴിക്കുന്നതു സൂക്ഷിച്ചുവേണമെന്നാണ് വിദഗ്‌ദോപദേശം. വെള്ളത്തില്‍ നിന്നു പറ്റിപ്പിടിച്ചിട്ടുള്ള വിഷാംശങ്ങള്‍ അവയിലുണ്ടാകാമെന്നു ജോര്‍ജിയ, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പൂവമ്പഴം
വിറ്റമിന്‍ ബിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പൂവമ്പഴം കാമവര്‍ധകമാണെന്നാണു പണ്ടു മുതലെയുള്ള അഭിപ്രായം. പൂവമ്പഴത്തില്‍ ധാരാളം പോഷകാംശവും വിറ്റമിനുകളും ഉണ്ട്. അതിലെ ചില രാസവസ്തുക്കള്‍ക്കു നമ്മുടെ ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പറയുന്നു.
കുങ്കുമപ്പൂ
അനാദികാലം മുതല്‍ തന്നെ പശ്ചിമേഷ്യയിലും തെക്കന്‍ യൂറോപ്പിലും കാമവര്‍ധകവസ്തുവായി ഉപയോഗിച്ചുവരുന്നതാണ് കുങ്കുമപ്പൂ. ക്രോസിന്‍ എന്ന രാസഘടകമാണ് കുങ്കുമപ്പൂവിനു കുങ്കുമനിറം നല്‍കുന്നത്. വിഷാദരോഗവും മൂഡു സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനു കുങ്കുമപ്പൂവിന്റെ ഉണങ്ങിയ നാരുകള്‍ ഫലപ്രദമാണ്. പക്ഷേ, ഇത് ഒരു ഉത്തേജകമാണെന്നതിന് അസന്നിഗ്ധമായ ഒരു തെളിവും കിട്ടിയിട്ടില്ല.
തേന്‍
നവദമ്പതികള്‍ വിവാഹം കഴിഞ്ഞ ആദ്യമാസം മീഡ് (തേന്‍ കൊണ്ടുണ്ടാക്കിയ വീഞ്ഞ്) കുടിക്കുന്നതു കേമമാണെന്നു പറയാറുണ്ട്. ഇതു കുടിച്ചാല്‍ ആണിനു കുതിരശക്തി കിട്ടുമത്രേ. ഇങ്ങനെയാണു ഹണിമൂണ്‍ (മധുവിധു) എന്ന വാക്കു രൂപപ്പെട്ടത്. ലൈംഗികതയുടെ മുഗ്ധബിംബമായ വിടര്‍ന്ന പൂവില്‍ നിന്നു തേനീച്ച തേന്‍ ശേഖരിച്ചു പാകപ്പെടുത്തുന്ന പ്രക്രിയയില്‍ത്തന്നെ പ്രണയവും കാമവും വായിച്ചെടുക്കാമല്ലോ. ഒരു ടീസ്പൂണ്‍ തേന്‍ വെള്ളം ചേര്‍ത്തു കഴിച്ചാല്‍ ദുര്‍മേദസു കുറയും, രക്തധമനികളിലെ തടസങ്ങള്‍ നീങ്ങി രക്തയോട്ടം കൂടും. 2004ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡ്‌സിലെ പഠന റിപ്പോര്‍ട്ട് പറയുന്നത് തേനില്‍ രക്തക്കുഴലുകളിലെ തടസങ്ങള്‍ നീക്കുന്ന നൈട്രിക് ഓക്‌സൈഡ് ഉണ്ടെന്നാണ്.