ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ പതിനായിരത്തിലധികം പാഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പരസ്യങ്ങളില്‍ പറയുന്നതു പോലെ അത്ര സുരക്ഷിതമാണോ ഈ പാഡുകള്‍. സ്ത്രീകളിലും പെണ്‍കുട്ടികളിലും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളും വന്ധ്യതയും കൂടിവരുന്നതിനാല്‍, സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പാഡുകള്‍ ഉപയോഗിക്കുമ്പോള്‍
ആര്‍ത്തവദിവസങ്ങളില്‍, മറ്റുദിവസങ്ങളിലെന്നപോലെ ബുദ്ധിമുട്ടില്ലാതെ നടക്കാനും ഓഫീസില്‍പോകാനും യാത്ര ചെയ്യാനുമൊക്കെ കഴിയുന്നത് സാനിറ്ററി നാപ്കിനുകള്‍ വന്നതില്‍പിന്നെയാണ്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള പാഡുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. വസ്ത്രങ്ങളില്‍ രക്തക്കറ പുരളില്ല, ടെന്‍ഷനടിക്കേണ്ടതില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് പാഡുകളുടെ പരസ്യവുമുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പാഡുകള്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. ഒട്ടുമിക്ക സാനിറ്ററി നാപ്കിനുകളും നനവ് തട്ടിക്കഴിഞ്ഞാല്‍ അല്‍പം കഴിഞ്ഞ് ചുരുണ്ടു പോകുന്നവയാണ്. അതേസമയം യോനിപ്രദേശത്തെ ചര്‍മം വളരെ മൃദുവുമാണ്. ചുരുണ്ടുകൂടുന്ന നാപ്കിനുകള്‍ കാരണം യോനിപ്രദേശത്ത് അസ്വസ്ഥതയും മുറിവുമുണ്ടാകാന്‍ സാധ്യതയുമുണ്ട്.
എത്രനേരം ഉപയോഗിക്കാം
വലിയതരം പാഡുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ നേരം വയ്ക്കാമെന്ന ധാരണയാണ് പലര്‍ക്കും. ഇടയ്ക്കിടെ മാറ്റാതിരിക്കാനായി രണ്ട് പാഡുകള്‍ ഒരുമിച്ച് വയ്ക്കുന്നവരുമുണ്ട്. ഇത്തരം അബദ്ധങ്ങള്‍ തന്നെയാണ് വലിയ പ്രശ്നം. എത്ര വലിയ പാഡുകള്‍ ആണെങ്കില്‍ക്കൂടി, നന്നായി ബ്ലീഡിംഗ് ഉള്ള ആദ്യ രണ്ട് ദിവസങ്ങളില്‍ പാഡുകള്‍ രണ്ട് മണിക്കൂറിനകം മാറ്റണം. അതേസമയം ജോലി ചെയ്യാനായി പുറത്തുപോകുന്ന സ്ത്രീകളാണ് ഇക്കാര്യത്തില്‍ വലിയ വെല്ലുവിളി നേരിടുന്നത്. ഓഫീസ് ജോലിയാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. എന്നാല്‍ പുറത്ത് ജോലിക്ക് പോകേണ്ടിവരുമ്പോള്‍, ബാത്ത്റൂം സൗകര്യവും മറ്റും ലഭ്യമാവണമെന്നില്ല. രാവിലെ മുതല്‍ വൈകിട്ട് വീട്ടിലെത്തുന്നതുവരെ ഒരു പാഡ് മാത്രം ഉപയോഗിക്കുന്നവരുമുണ്ട്. ഇത് തികച്ചും അനാരോഗ്യകരമാണ്. ഇനിയെങ്കിലും ഓര്‍ക്കുക, ആര്‍ത്തവത്തിന്റെ ആദ്യദിനങ്ങളില്‍ രണ്ട് മണിക്കൂറിലധികം ഒരു പാഡ് ഉപയോഗിക്കരുത്. രക്തം പോക്ക് കുറഞ്ഞ ദിവസമാണെങ്കില്‍ക്കൂടി ഒരു പാഡ് നാലു മണിക്കൂറിലധികം വയ്ക്കരുത്. രക്തം കൂടുതല്‍ വലിച്ചെടുക്കുന്ന നാപ്കിന്‍ ആണെങ്കിലും കൂടുതല്‍ നേരം മാറാതെയിരിക്കരുത് എന്ന് ചുരുക്കം. കാരണം ആര്‍ത്തവ കാലയളവില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്.