ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്‌സിക് ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ഭൂപടം തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുന്ന, കൂടുതല്‍ ഇരുണ്ടതും ആഴമേറിയതും ധൈര്യസഹിതവുമായൊരു ദൃശ്യാനുഭവമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ടോക്‌സിക്. ഈ വമ്പന്‍ ആക്ഷന്‍ ഡ്രാമയുടെ ലോകം ഇനി കൂടുതല്‍ ശക്തമാക്കിക്കൊണ്ട് മെലിസ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇന്ന് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രിയ അഭിനേത്രി രുക്മിണി വസന്ത് ആണ് മെലിസയായി ടോക്സികില്‍ എത്തുന്നത്.
സൗന്ദര്യവും ആത്മവിശ്വാസവും കര്‍ശനതയും ഒരേസമയം ഉള്‍ക്കൊള്ളുന്ന രുക്മിണി വസന്ത് അവതരിപ്പിക്കുന്ന മെലിസ ടോക്സിക്കിലെ കഥാപ്രപഞ്ചത്തിന് പുതിയ ഊര്‍ജമാണ് നല്‍കുന്നത്. യാഷിന്റെ നേതൃത്വത്തില്‍, സംവിധായിക ഗീതു മോഹന്‍ദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടില്‍ ഒരുങ്ങുന്ന ടോക്‌സിക് മാര്‍ച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. നേരത്തെ കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയന്‍താര (ഗംഗ), താര സുതാരിയ (റിബെക്ക) എന്നിവരുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്കുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ, മെലിസയായി രുക്മിണി വസന്തിന്റെ വരവ് ടോക്സിക്കിന്റെ ലോകത്തെ കൂടുതല്‍ ആഴത്തിലേക്ക് നയിക്കുന്നു.വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്ന് കെ.വി.എന്‍. പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ടോക്‌സിക്. യാഷിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ജനുവരി 8ന് ചിത്രത്തിന്റെ വമ്പന്‍ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും ആരാധകരും.
1960-കളുടെ അവസാനം പശ്ചാത്തലമാക്കിയ വര്‍ണാഭമായ, മങ്ങിയ വെളിച്ചമുള്ള ഒരു പാര്‍ട്ടി രംഗത്ത്, ചുറ്റുമുള്ള ഉത്സവകലഹങ്ങള്‍ക്കിടയിലും തീക്ഷ്ണവും ദൃഢവുമായ ദൃഷ്ടിയോടെ നിലകൊള്ളുന്ന രീതിയിലാണ് മെലിസ പോസ്റ്ററില്‍. രുക്മിണി വസന്തിനെക്കുറിച്ച് സംവിധായിക ഗീതു മോഹന്‍ദാസ് പറഞ്ഞത് ഇപ്രകാരമാണ്. 'രുക്മിണിയെ കുറിച്ച് എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ളത് അവളുടെ ഒരു അഭിനേത്രിയായുള്ള ബുദ്ധിശക്തിയാണ്. അവള്‍ വെറും അഭിനയിക്കുന്നില്ല; അവള്‍ ചിന്തിക്കുകയും ആഴത്തില്‍ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. സംശയത്തില്‍ നിന്നല്ല, കൗതുകത്തില്‍ നിന്നാണ് അവളുടെ ചോദ്യങ്ങള്‍. അത് എന്നെയും ഒരു സംവിധായികയായി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു-ചിലപ്പോള്‍ എന്റെ തന്നെ തീരുമാനങ്ങളെ പുനഃപരിശോധിക്കാന്‍ പോലും. സ്‌ക്രീനിലെ ബുദ്ധിശക്തി പലപ്പോഴും പറയാത്തതിലാണ് ഒളിഞ്ഞിരിക്കുന്നത് എന്നത് അവളെ കാണുമ്പോള്‍ എനിക്ക് വീണ്ടും വീണ്ടും തോന്നുന്നു. ഷോട്ടുകള്‍ക്കിടയില്‍ അവള്‍ ശാന്തമായി തന്റെ ജേര്‍ണലില്‍ കുറിപ്പുകള്‍ എഴുതുന്നത് ഞാന്‍ പലപ്പോഴും കാണാറുണ്ട്‌സെറ്റിലെ ചെറിയ അനുഭവങ്ങളും ചിന്തകളും. അവള്‍ സ്വന്തം ഉള്ളിലൊരു ലോകം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ സമീപനം അതീവ ചിന്താപരമാണ്; ചിലപ്പോള്‍ ആ കുറിപ്പുകള്‍ എടുത്ത് വായിക്കാന്‍ എനിക്കും തോന്നിപ്പോകും.''
യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ചും ഗീതു മോഹന്‍ദാസ് തന്നെ സംവിധാനം ചെയ്തും വരുന്ന 'ടോക്‌സിക്: എ ഫെയര്‍ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്' കന്നഡയും ഇംഗ്ലീഷും ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പുകളും ഒരേ സമയം റിലീസാകുന്നു. സാങ്കേതികമായി ശക്തമായ സംഘമാണ് ചിത്രത്തിന് പിന്നില്‍, ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി.പി. അബിദ്. ഹൈ-ഓക്ടെയ്ന്‍ ആക്ഷന്‍ രംഗങ്ങള്‍ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (ജോണ്‍ വിക്‌സ്)യ്‌ക്കൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവും കേച്ച ഖംഫാക്ഡിയും ചേര്‍ന്നാണ് രൂപപ്പെടുത്തുന്നത്.പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.