കാട്ടില്‍ വസിക്കുന്ന ജീവജന്തുക്കള്‍ മനുഷ്യരില്‍നിന്നും അകന്നുനില്‍ക്കാനാണ് സാധാരണ ശ്രമിക്കുക. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തനായി ശ്രദ്ധനേടുന്നത് മനുഷ്യരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മലയണ്ണാനാണ്. മറയൂര്‍ ചന്ദന ഡിവിഷന്‍ ഓഫീസ് വളപ്പില്‍ തമ്പടിച്ചിട്ടുള്ള മലയണ്ണാനെ അവിടുത്തെ ജീവനക്കാര്‍ കിട്ടു എന്ന ഓമനപേരിട്ടാണ് വിളിക്കുന്നത്. പൂര്‍ണ്ണമായും കാടുകളില്‍ ജീവിക്കുന്ന മലയണ്ണാന്‍ പകല്‍ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്. കിട്ടുവാകട്ടെ ഓഫീസ് ജീവനക്കാരുടെ ലാളനയും ഭക്ഷണവും കഴിച്ച് ഇവര്‍ക്കൊപ്പം കൂടിയിരിക്കയാണ്.
ചന്ദന ഡിവിഷന്‍ ഓഫീസിലെ ജീവനക്കാരുടെ അരുമയാണ് കിട്ടു. ജീവനക്കാര്‍ താമസിയ്ക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ അടുക്കള ഭാഗത്തും ഗസ്റ്റ് ഗൗസുകളുടെ പിന്‍ഭാഗത്തുമുള്ള മരങ്ങളിലുമാണ് ഒട്ടുമിക്കസമയത്തും കിട്ടുവിന്റെ വിഹാരം. കിട്ടൂ എന്നു വിളിച്ചാല്‍ മരച്ചില്ലകളില്‍ നിന്നും ഇറങ്ങി സമീപത്തെത്തും. വച്ചുനീട്ടുന്ന ഭക്ഷ്യവസ്തുക്കളില്‍ താല്‍പര്യം തോന്നിയാല്‍ അടുത്തുവരും. ഒറ്റക്കുതിപ്പിന് ഭക്ഷണവും റാഞ്ചി അവന്‍ മരത്തിന്റെ മുകളിലൊളിയ്ക്കും. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ആഗതരുടെ പുറത്തുചാടിക്കയറി, തലമുടിയ്ക്കിടയില്‍ മുഖമൊളിപ്പിച്ചും മറ്റുമുള്ള വികൃതിയിലും തല്‍പ്പരനാണ് കിട്ടു..
വിശന്നാല്‍ കിട്ടു മരച്ചില്ലകള്‍ക്കിടയില്‍ നിന്നും പതിയെ താഴേയ്ക്കിറങ്ങും. ചിലച്ച് ശബ്ദമുണ്ടാക്കി ക്വാര്‍ട്ടേഴ്‌സുകളിലുള്ളവരെ തന്റെ വരവറയിക്കും. തക്കാളിയോ കാരറ്റോ പഴമോ എന്നുവേണ്ട കൈയ്യില്‍ വച്ചുനീട്ടുന്ന ആഹാരം ഞൊടിയിടയില്‍ വായിലാക്കി ഇവന്‍ സമീപത്ത് കറങ്ങിനില്‍ക്കും. സമീപത്തെ മരങ്ങളാണ് കിട്ടുവിന്റെ താവളം. കൊണ്ടുപോകുന്ന ആഹാരം കഴിച്ചുതീര്‍ന്ന ശേഷം മാത്രമേ മിക്കപ്പോഴും ഇവന്‍ താഴേയ്ക്കിറങ്ങാറുള്ളു.തക്കാളിയാണ് പ്രിയ ആഹാരം.
ചെറുതായിരിക്കുമ്പോള്‍ നിലത്തുവീണ് പരിക്കുപറ്റിയ അവസരത്തില്‍ ഗസ്റ്റ് ഹൗസ്സിലെ വാച്ചര്‍മാരില്‍ ചിലരാണ് ഇവന് ആഹാരവും പാലും മറ്റും നല്‍കി സംരക്ഷിച്ചത്.വളര്‍ന്നപ്പോഴും അണ്ണാന്‍ ഈ പ്രദേശം വിട്ടുപോയില്ല. ഇവിടുത്തെ വാച്ചര്‍ മൂര്‍ത്തിയുമായി ഈ അണ്ണാന്‍ നല്ല സൗഹൃദത്തിലാണ്. കഴിഞ്ഞ ദിവസം മൂര്‍ത്തി വിളിച്ചപ്പോള്‍ താഴെയെത്തിയ അണ്ണാന്‍ ഒപ്പമുണ്ടായിരുന്നവര്‍ നല്‍കിയ ആഹാരസാധനങ്ങളും അകത്താക്കി.
തക്കാളി കഷണം കൈയ്യില്‍ കാണിച്ചപ്പോള്‍ സമീപത്ത് നിന്നിരുന്ന കോതമംഗലം സ്വദേശിയും മാധ്യപ്രവര്‍ത്തകനുമായ സുബൈറിന്റെ അടുത്തേക്കും സമീപത്തെ മതിലിലൂടെ അണ്ണാന്‍ ഓടിയെത്തി. പിന്നീട് മതിലിന് സമീപം നിന്നിരുന്ന സുബൈറിന്റെ ചുമലില്‍ച്ചാടിക്കയറി,തലമുടിക്കിടയില്‍ പരതി,പതിയെ ഉള്ളം കൈയ്യില്‍വച്ചിരുന്ന തക്കാളി കഷണത്തിനടുത്തെത്തി.
ഇതിനിടയില്‍ ബാന്‍സ് തെറ്റി നിലം പതിച്ച അണ്ണാന്‍ സുബൈറിന്റെ കാലിലൂടെ മുകളിലേയ്ക്ക് കയറി മതിലിലൂടെ ഓടി സമീപത്തെ മരത്തില്‍ക്കയറി ചില്ലകള്‍ക്കിടയില്‍ ഒളിച്ചു.
ദേഹത്ത് കയറുകയും കൈയ്യിലുള്ള ഭക്ഷ്യവസ്തുക്കള്‍ എടുത്തുകൊണ്ടുപോയി മരക്കൊമ്പിലും മതിലിലുമൊക്കെയിരുന്ന് ഭക്ഷിക്കുമെങ്കിലും ആരെങ്കിലും പിടിയ്ക്കാന്‍ ശ്രമിച്ചാല്‍ പിന്നെ അവരുടെ പരിസരത്തുപോലും ഈ അണ്ണാന്‍ എത്താറില്ലെന്ന് ജിവനക്കാരില്‍ ഒരാള്‍ പറഞ്ഞു.അടുക്കള വാതിലുകള്‍ തുറന്ന് കിടന്നാല്‍ ഇവന്‍ അകത്തുകയറി പച്ചക്കറികള്‍ മോഷിടിക്കുകയും ചെയ്യും.അണ്ണാന് ഭക്ഷണം നല്‍കുന്നത് കണ്ട് കുരങ്ങിന്‍ കൂട്ടവും ഇവിടെ തമ്പടിച്ചിട്ടുണ്ട്. തരം കിട്ടിയാല്‍ ഇവയില്‍ ചിലത് അണ്ണാന് കൊടുക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ തട്ടിയെടുക്കും.
ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും കുടുമ്പാംഗങ്ങളില്‍ ഒരാളായിട്ടാണ് അവനെ തങ്ങളെല്ലാം കരുതിയിരിക്കുന്നതെന്നുമായിരുന്നു കിട്ടുവുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് വീട്ടമ്മമാരുടെ പ്രതികരണം