പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം ഇവയും ക്ഷീണത്തിനും തളര്‍ച്ചക്കും ഇടയാക്കാറുണ്ട്. പ്രത്യേക കാരണമൊന്നുമില്ലാതെ ക്ഷീണം നല്‍കുന്ന 'ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം' ഒരു ദീര്‍ഘകാല ക്ഷീണരോഗമാണ്. ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്‌നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്.
രാത്രി ഉറക്കമൊഴിഞ്ഞുള്ള ജോലി, വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, അനാരോഗ്യ മത്സരങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, ഫാസ്റ്റ്ഫുഡ് അടക്കമുള്ള പോഷകരഹിത ഭക്ഷണശീലങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ക്ഷീണമുണ്ടാക്കാറുണ്ട്.
ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും. വെയിലത്ത് പുറംപണിയെടുക്കുന്നവരില്‍ ഇത് കൂടുതലാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലും ക്ഷീണം വളരെ കൂടുതലാണ്.
ശാരീരികവും മാനസികവുമായ പ്രത്യേകതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ക്ഷീണം കൂട്ടും. ചെറിയ കായികാധ്വാനംകൊണ്ടുപോലും വാടിത്തളരുക, പഠനത്തെയും കളികളെയും ക്ഷീണം ബാധിക്കുക, ഇവ കുട്ടികളിലുണ്ടെങ്കില്‍ ശ്രദ്ധയോടെ കാണണം.
സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടുന്ന ഘടകങ്ങള്‍ നിരവധിയാണ്. പോഷകക്കുറവ്, വീട്ടിലെയും ജോലിസ്ഥലത്തെയും സമ്മര്‍ദങ്ങള്‍, അമിതരക്തസ്രാവം, വിളര്‍ച്ച, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,ഉറക്കക്കുറവ്, അര്‍ബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍, വിഷാദം, ചിലയിനം മരുന്നുകള്‍ ഇവയെല്ലാം സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടാറുണ്ട്. ക്ഷീണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം കാണേണ്ടതാണ്.
ക്ഷീണം മറികടക്കാം
ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതായതിനാല്‍ ചികിത്സയും ഒരോരുത്തരിലും വ്യത്യസ്തമാകും. പ്രായത്തിനനുസരിച്ചും ചികിത്സക്ക് വ്യത്യാസമുണ്ടാകും. ജീവിതശൈലി രോഗങ്ങള്‍ തുടക്കത്തിലേ നിയന്ത്രിച്ചുനിര്‍ത്തുന്നത് ക്ഷീണത്തിന്റെ കടന്നുവരവ് തടയും. ആര്‍ത്തവ-ഗര്‍ഭ-പ്രസവ കാലത്ത് സ്ത്രീകള്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണവും പോഷകഭക്ഷണവും കഴിക്കുന്നതിലൂടെക്ഷീണത്തെ ഒഴിവാക്കാം. കുട്ടിയുടെപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതോടൊപ്പം കുട്ടി ഉറങ്ങുന്ന സമയം, ഉറക്കത്തിലെ തടസ്സങ്ങള്‍, ഭക്ഷണം, ക്ഷീണിക്കുന്ന വേളകള്‍ ഇവയൊക്കെ നിരീക്ഷിക്കേണ്ടതുണ്ട്.ക്ഷീണത്തെ വരുതിയിലാക്കാന്‍ ജീവിതശൈലി മെച്ചപ്പെടുത്തുന്നതോടൊപ്പം നിരവധി ഔഷധങ്ങളും ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. മുന്തിരി, ഈന്തപ്പഴം, മുരല്‍വിത്ത്, ലന്തപ്പഴം, മാതളം, അത്തിപ്പഴം, പരൂഷകഫലം, കരിമ്പ്, ബാര്‍ലി, ചെന്നല്ലരി, അമുക്കുരം, നെല്ലിക്ക, ശതാവരി, ബ്രഹ്മി ഇവ ക്ഷീണത്തെ അകറ്റുന്ന ഔഷധികളില്‍ ചിലതാണ്.തവിടു മാറ്റാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ ഇവ ഉള്‍പ്പെട്ട പോഷകഭക്ഷണങ്ങള്‍ക്ക് ക്ഷീണം കുറയ്ക്കാനാകും. സാവധാനം ദഹിച്ച് മെല്ലെമെല്ലെ രക്തത്തിലേക്ക് പഞ്ചസാര എത്തിക്കുന്ന ആഹാരങ്ങളാണ് ക്ഷീണം അകറ്റുക. ഓട്‌സ്, കഞ്ഞി, പാല്‍ക്കഞ്ഞി, ചെറുപയര്‍, വെള്ളക്കടല, വന്‍പയര്‍, തുവര, റാഗി, ഏത്തപ്പഴം, ആപ്പിള്‍, സബര്‍ജല്ലി, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ഗുണംചെയ്യും. ചുവന്ന മാംസം, പച്ചച്ചീര, മത്സ്യം, കോഴിയിറച്ചി, കശുവണ്ടി ഇവ ഇരുമ്പ് കുറവുള്ളവര്‍ ഭക്ഷണത്തില്‍പ്പെടുത്തേണ്ടതാണ്. പാലുംവെള്ളം, മോര്, തിളപ്പിച്ചാറ്റിയ വെള്ളം, പഴച്ചാറുകള്‍ ഇവ നിര്‍ജലീകരണം തടയാനായി ഉപയോഗിക്കാം. ഉറങ്ങാനും ഉണരാനും സമയക്‌ളിപ്തത പാലിക്കുന്നത് ക്ഷീണം അകറ്റും. രാത്രി ഉറക്കമിളയ്ക്കുന്നതിന്റെ പകുതിസമയം പകല്‍ ഉറങ്ങേണ്ടതാണ്.