Latest News

തിരിച്ചറിയണം നല്ല കൂട്ടുകാരെ; സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അറിഞ്ഞിരിക്കാം ഇവയെല്ലാം

Malayalilife
തിരിച്ചറിയണം നല്ല കൂട്ടുകാരെ;  സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അറിഞ്ഞിരിക്കാം ഇവയെല്ലാം

തിരിച്ചറിയണം നല്ല കൂട്ടുകാരെ... യഥാര്‍ത്ഥ സുഹൃത്തിന് ഉണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് പരസ്പരം അംഗീകരിക്കാനുള്ള കഴിവ്. നിങ്ങള്‍ ആരാണോ ആ അവസ്ഥയില്‍ നിങ്ങളെ അംഗീകരിക്കാന്‍ കഴിയുന്ന ആളായിരിക്കും ഒരു യഥാര്‍ത്ഥ സുഹൃത്ത്.


നിങ്ങളുടെ കഴിവുകളും കുറവുകളും എന്തുതന്നെയായിരുന്നാലും അത് മനസിലാക്കി പൂര്‍ണമായി അംഗീകരിക്കുന്നയാള്‍ തീര്‍ച്ചയായും ഒരു നല്ല സുഹൃത്തായിരിക്കും. നിങ്ങളുടെ സ്വഭാവത്തിലെ പ്രത്യേകത മനസിലാക്കി നിങ്ങളെ അംഗീകരിക്കുകയും എപ്പോഴും കുറ്റപ്പെടുത്തുന്ന രീതികള്‍ ഒഴിവാക്കി സനേഹപൂര്‍ണമായ ശാസനയിലൂടെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും ഒരു നല്ല സുഹൃത്തായിരിക്കും.


മതം, ജാതി, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ അതിര്‍ വരമ്പുകള്‍ ഒന്നും ഇവരുടെ മനസിലുണ്ടാകില്ല. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ മാത്രം നല്‍കുന്ന സുഹൃത്തിന് ആരുടെ മനസിലും ഇടം നേടാന്‍ കഴിയില്ല. അത്തരം സൗഹൃദങ്ങള്‍ ആരും അംഗീകരിക്കാനും തയാറാകില്ല. അതുകൊണ്ട് നല്ല സുഹൃത്തിനെ തിരിച്ചറിയുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് നല്ല സുഹൃത്തായിരിക്കാനും ശ്രമിക്കണം. സുഹൃദ് ബന്ധത്തില്‍ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളെ വേഗത്തില്‍ ക്ഷമിക്കാനും ഒരു നല്ല സുഹൃത്തിനേ കഴിയൂ.


ഉറച്ച സഹായ ഹസ്തം


ഏതൊരാവശ്യത്തിനും എപ്പോള്‍ വേണമെങ്കിലും ആശ്രയിക്കാന്‍ കഴിയുന്ന ആളായിരിക്കണം ഉത്തമ സുഹൃത്ത്. പല സന്ദര്‍ഭങ്ങളിലും വിവിധ സ്വഭാവങ്ങള്‍ പ്രകടമാക്കുന്ന ആളായിരിക്കരുത്. ഉയര്‍ച്ചയിലും താഴ്ചയിലും കൂടെ നില്‍ക്കുന്ന നല്ല സുഹൃത്തുക്കള്‍ ഏതവസ്ഥയിലും ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നവരായിരിക്കും.


ഇത്തരത്തില്‍ എല്ലാകാര്യത്തിലും നമ്മുടെ നന്മ മാത്രം ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടെന്നുള്ളത് തന്നെ ധൈര്യം നല്‍കുന്ന കാര്യമാണ്. ജീവിതത്തില്‍ ഉയര്‍ച്ചകള്‍ മാത്രം വരുമ്പോള്‍ കൂടെനില്‍ക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നത് ഒരു നല്ല സുഹൃത്തിന്റെ രീതിയല്ല.


അതുപോലെ നിങ്ങള്‍ വിശ്വസിച്ച് പറയുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയാതെ മനസില്‍ സൂക്ഷിക്കുകയും ചെയ്യുന്നയാളായിരിക്കണം, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നല്ല സുഹൃത്ത്.
നിങ്ങളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഒരു കൈത്താങ്ങായി നിലനില്‍ക്കുകയും, സമയത്തിനോ പണത്തിനോ കണക്ക് പറയാതെ, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ സഹായിക്കാന്‍ നല്ല ചങ്ങാതിക്കേ കഴിയൂ. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ നിറവേറ്റുന്നവരും സാഹചര്യങ്ങള്‍ മുതലെടുക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നല്ല സുഹൃത്ത് ആകില്ല. അതിനുവേണ്ടിയുള്ളതാകരുത് സൗഹൃദങ്ങള്‍.


സത്യസന്ധതക്ക് പ്രാധാന്യം


സൗഹൃദ ബന്ധത്തില്‍ പൂര്‍ണമായും സത്യസന്ധത പുലര്‍ത്തുകയെന്നതാണ് നല്ലൊരു സുഹൃത്തിന്റെ മറ്റൊരു ഗുണം. പറഞ്ഞ വാക്ക് പാലിക്കണം. അതിനുകഴിയാതിരുന്നാല്‍ കൃത്യമായ കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം. അത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നവര്‍ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. ബന്ധങ്ങള്‍ നിലനിര്‍ത്താനോ വിശ്വസ്തത നേടിയെടുക്കാനോ വേണ്ടി കള്ളം പറയാന്‍ നല്ല സുഹൃത്തുക്കള്‍ തയ്യാറാകാറില്ല.
പറയുന്ന കാര്യങ്ങളിലും ബന്ധങ്ങളിലും അങ്ങേയറ്റം സത്യസന്ധതയും വിശ്വാസവും നിലനിര്‍ത്തുന്നതായിരിക്കണം ഒരു നല്ല സുഹൃത്തിന്റെ ഗുണം.


നിലനില്‍പ്പിനുവേണ്ടി പറയുന്ന കള്ളത്തരങ്ങള്‍ പോലും പിന്നീട് നല്ല സുഹൃദ് ബന്ധങ്ങളെ തകര്‍ത്തേക്കാം. അതുകൊണ്ട് സൗഹൃദത്തില്‍ കള്ളത്തരങ്ങള്‍ ഒരിക്കലും കടന്നുവരാതെ ശ്രദ്ധിക്കണം.
പരസ്പരമുള്ള വിശ്വാസത്തിന് സത്യസന്ധത പ്രധാന ഘടകമാണ്. നല്ല സൗഹൃദങ്ങള്‍ ശിഥിലമാകാതെ എന്നും നിലനില്‍ക്കാന്‍ സത്യസന്ധമായ വാക്കും പ്രവര്‍ത്തിയും സൗഹൃദത്തില്‍ ഉണ്ടാകണം. നല്ല സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഇതൊക്കെ പാലിക്കേണ്ടതാണ്.
 

നല്ല കേള്‍വിക്കാരന്‍


നമ്മുടെ സന്തോഷങ്ങളും പ്രയാസങ്ങളും കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാകുന്നത് നമുക്കൊക്കെ ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്. പലപ്പോഴും ഒരു നല്ല ശ്രോതാവില്ലാത്തതാണ് പലരുടെയും പ്രധാന പ്രശ്‌നം. എന്തെങ്കിലും സുപ്രധാന കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ആരുടെയെങ്കിലും അഭിപ്രായം ഏറെ ഗുണം ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ആത്മാര്‍ത്ഥ സുഹൃത്തിനെ ശ്രോതാവായി ലഭിക്കുന്നത് കൂടുതല്‍ ആശ്വാസമാകും. അതുകൊണ്ട് തന്നെ നല്ല കേള്‍വിക്കാരനായിരിക്കുകയെന്നത് ഉത്തമ സുഹൃത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.


നിങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളുടെ അതേ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് ക്ഷമയോടെ, ശ്രദ്ധയോടെ പറയുന്ന കാര്യങ്ങള്‍ കേട്ടിരിക്കാന്‍ ഇവര്‍ക്ക് കഴിയണം. നല്ല സുഹൃത്ത് സംസാര ചാതുര്യനെന്നതിലുപരി നല്ലൊരു ശ്രോതാവായിരിക്കണം. നിങ്ങളുടെ വിഷമസന്ദര്‍ഭങ്ങളില്‍ ഒഴിവുകഴിവ് പറഞ്ഞ് മാറിനില്‍ക്കാനോ, ശ്രദ്ധിക്കുന്നതായി അഭിനയിക്കാനോ നല്ല സുഹൃത്തുക്കള്‍ ശ്രമിക്കാറില്ല. ഏത് സന്ദര്‍ഭത്തിലും സംസാരിക്കാനും കാര്യങ്ങള്‍ കേള്‍ക്കാനും നല്ല സുഹൃത്തുക്കള് തയ്യാറായിരിക്കും.

how to choose best friends in our life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES