മുഖക്കുരു പ്രശ്നം കാരണം വിഷമിക്കുന്നുണ്ടോ? ചെറിയ ജീവിതശൈലി മാറ്റങ്ങള്‍ കൊണ്ടുവരുന്നത് തന്നെ മുഖക്കുരു കുറയാന്‍ സഹായിക്കും. എണ്ണയില്‍ വറുത്തതും, പഞ്ചസാര കൂടുതലുള്ളതും, സംസ്‌കരിച്ച ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നത് മികച്ചതാണ്. ഇതോടൊപ്പം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ലളിതമായ ഫേസ് പാക്കുകള്‍ മുഖക്കുരു നിയന്ത്രിക്കാന്‍ സഹായിക്കും.
കറ്റാര്‍വാഴ ജെല്‍
കറ്റാര്‍വാഴ ചര്‍മ്മത്തിന് സ്വാഭാവികമായൊരു മരുന്നാണ്. ഇതിലെ വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസേന മുഖത്ത് കറ്റാര്‍വാഴ ജെല്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മുഖത്തിലെ തിളക്കം വര്‍ധിക്കുകയും ചുളിവുകള്‍ കുറയുകയും ചെയ്യും.
മഞ്ഞള്‍
ആന്റിബാക്ടീരിയല്‍ ഗുണമുള്ള മഞ്ഞള്‍ മുഖക്കുരുവിനെ തടയാന്‍ ഏറെ സഹായകരമാണ്. അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ ചര്‍മ്മം ശുദ്ധിയായി ആരോഗ്യകരമാകും.
ഗ്രീന്‍ ടീ സ്‌പ്രേ
ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന കാറ്റെക്കിന്‍സ്, വിറ്റാമിന്‍ ഇ തുടങ്ങിയ ഘടകങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യും. ചൂടുവെള്ളത്തില്‍ ഗ്രീന്‍ ടീ തിളപ്പിച്ച് അരിച്ച് തണുപ്പിക്കുക. അതില്‍ ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിശ്രിതമാക്കി സ്പ്രേ ബോട്ടിലില്‍ നിറയ്ക്കുക. ദിവസത്തില്‍ 23 തവണ മുഖത്ത് സ്പ്രേ ചെയ്താല്‍ മുഖക്കുരു കുറയാനും ചര്‍മ്മത്തിന് സ്വാഭാവികമായൊരു തിളക്കം ലഭിക്കാനും സഹായിക്കും. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങളും, വീട്ടില്‍ തയ്യാറാക്കുന്ന ഇത്തരം പ്രകൃതിദത്ത മാര്‍ഗങ്ങളും ഒരുമിച്ച് ചേര്‍ന്നാല്‍ മുഖക്കുരുവിനെ കുറയ്ക്കാനും, ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും കഴിയും.