ലണ്ടന്‍: സൂപ്പര്‍കാറുകളെ പ്രണയിക്കുന്നവര്‍ ആവേശപൂര്‍വം കാത്തിരുന്ന ഫെരാരിയുടെ മോണ്‍സ എന്ന ഏറ്റവും പുതിയ കാറിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ലോകത്ത് 500 ഭാഗ്യവാന്മാര്‍ക്ക് മാത്രം ലഭിക്കുന്ന ഈ സൂപ്പര്‍ കാറിന്റെ ചിത്രങ്ങളും വീഡിയോകളും ഫെരാരിയുടെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കള്‍ക്കായാണ് കമ്പനി പങ്കുവെച്ചത്. 1950-കളിലെ റെയ്സിങ് കാറുകളുടെ ഡിസൈന്റെ ചുവടുപിടിച്ചാണ് മോണ്‍സയുടെ രൂപകല്‍പന.
കാറില്‍ എത്ര സീറ്റ് വേണമെന്ന് വാങ്ങുന്നവര്‍ക്ക് തീരുമാനിക്കാമെന്നതാണ് പത്തുകോടി രൂപ വിലയുള്ള ഈ കാറിന്റെ പ്രത്യേകത. എസ്പി1 എന്നതില്‍ ഒരാള്‍ക്കുമാത്രമേ യാത്ര ചെയ്യാനാവൂ. എസ്പി2 രണ്ട് സീറ്റുള്ള മോഡലാണ്. രണ്ട് മോഡലുകള്‍ക്കും മേല്‍ക്കൂരയില്ല. ഫോര്‍മുല വണ്‍ കാര്‍ ഡ്രൈവ് ചെയ്യുന്ന അതേ മാനസികാവസ്ഥയാകും മോണ്‍സ പകരുകയെന്നും ഫെരാരി വാഹനപ്രേമികള്‍ക്ക് ഉറപ്പുനല്‍കുന്നു.
ഫെരാരിയുട ആസ്ഥാനത്തുനടന്ന പ്രദര്‍ശനത്തിലാണ് കാറിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടത്. ഫെരാരിയുടെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കള്‍ക്കും കാര്‍ പ്രേമികള്‍ക്കുമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഫെരാരി വ്യക്തമാക്കി. പത്തുകോടി രൂപ വിലയുള്ള 500 കാറുകള്‍ മാത്രമേ നിര്‍മ്മിക്കൂവെന്നും ഫെരാരി പറയുന്നു. ഫെരാരി നിര്‍മ്മിച്ച ഏറ്റവും ശക്തിയേറിയ എന്‍ജിനാണ് ഈ കാറില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
കാര്‍ബണ്‍ ഫൈബറിലാണ് കാറിന്റെ ബോഡി പൂര്‍ണമായും ചെയ്തിരിക്കുന്നത്. ഷാസിയും മറ്റും അലൂമിനയത്തിലാണെന്നത് കാറിന്റെ ഭാരം കുറയ്ക്കുന്നു. മേല്‍ക്കൂര കൂടി ഇല്ലാതാകുന്നതോടെ ഭാരം കുറഞ്ഞ മോഡലായാണ് മോണ്‍സ ഇറങ്ങുന്നത്. വിന്‍ഡ്സ്‌ക്രീനും മേല്‍ക്കൂരയുമില്ലാത്ത മോഡലായതിനാല്‍, സാധാരണ കാറുകളെ വെല്ലുന്ന ഡിസൈനിലാണ് മോണ്‍സ തയ്യാറാക്കിയിരിക്കുന്നത്.
വിവിധ കമ്പനികള്‍ ഇത്തരം എക്സ്‌ക്ലൂസീവ് മോഡലുകള്‍ മുമ്പും ഇറക്കിയിട്ടുണ്ട്. ജാഗ്വാര്‍ 2015-ല്‍ ഇറക്കിയ എഫ്-ടൈപ്പ് പ്രോജക്ട് സെവന്‍ മോഡല്‍ 250 എണ്ണം മാത്രമാണ് വിപണിയിലെത്തിയത്. 2009-ല്‍ മേഴ്സിഡസ് ബെന്‍സ് എസ്എല്‍ആര്‍ സ്റ്റിര്‍ലിങ് മോസ് എന്ന മോഡല്‍ 75 എണ്ണം മാത്രമേ നിര്‍മ്മിച്ചുള്ളൂ. എന്തുവിലകൊടുത്തും കാര്‍ വാങ്ങുന്ന സെലിബ്രിറ്റികളെ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം എക്സ്‌ക്ലൂസീവ് മോഡലുകള്‍.