Latest News

വിഷാദം തളര്‍ത്തുന്ന ലൈംഗികത

Malayalilife
വിഷാദം തളര്‍ത്തുന്ന ലൈംഗികത

വിഷാദം ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. വിഷാദഭാവം, ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവ്, അകാരണമായ ക്ഷീണം എന്നീ ലക്ഷണങ്ങളിലൂടെ വിഷാദം തിരിച്ചറിയാവുന്നതാണ്. എന്നാല്‍ വിഷാദബാധിതരെ ഏറെ അലട്ടുന്നതും തുറന്നു പറയാന്‍ മടിക്കുന്നതുമായ പ്രശ്‌നം ലൈംഗിക താല്‍പര്യക്കുറവും അനുബന്ധപ്രശ്‌നങ്ങളുമാണ്.

വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം. തീവ്രമായ വിഷാദരോഗം ബാധിച്ചവരില്‍ 60 ശതമാനത്തിലേറെ പേര്‍ക്ക് ലൈംഗികപ്രശ്‌നങ്ങളുണ്ടാകാമെന്ന് കണക്കുകള്‍ പറയുന്നു.

വിഷാദത്തിനൊപ്പം കടുത്ത ഉത്ക്കണ്ഠയും ഉള്ളവരില്‍ പ്രശ്‌നം രൂക്ഷമാകും. ലൈംഗികമായ ബുദ്ധിമുട്ടുകള്‍ പലപ്പോഴും വിഷാദം തീവ്രമാകാനും ആത്മഹത്യാപ്രവണതയ്ക്കും കാരണമാകാറുണ്ട്.

തലച്ചോറിലെ മറിമായം


തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലുള്ള രാസതന്മാത്രകള്‍ ചിന്തകളെയും ഓര്‍മകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലൈംഗികതാല്‍പര്യം, ഉത്തേജനം, രതിമൂര്‍ച്ഛ അടക്കമുള്ള ലൈംഗിക അനുഭൂതികള്‍ എന്നിവ നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് ഈ രാസതന്മാത്രകള്‍ വഹിക്കുന്നുണ്ട്.

 

സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍, ഡോപ്പമിന്‍ തുടങ്ങിയ രാസഘടകങ്ങള്‍ക്കാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനമുള്ളത്. ഈ രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് വിഷാദരോഗത്തിനും അതിന്റെ ഭാഗമായുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്.

ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവിലെ വ്യതിയാനവും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കാം. കഴുത്തിന്റെ മുന്‍ഭാഗത്തു സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്ന 'ഹൈപ്പോതൈറോയിഡിസം' എന്ന അവസ്ഥയില്‍ വിഷാദം, ഓര്‍മക്കുറവ്, ലൈംഗികതാല്‍പര്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്.

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലവും തലച്ചോറിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് തടസം ഉണ്ടാകുന്നതുമൂലവും സംഭവിക്കുന്ന 'വാസ്‌കുലാര്‍ ഡിപ്രഷന്‍' എന്നയവസ്ഥയുടെ ഭാഗമായും ലൈംഗികപ്രശ്‌നങ്ങളുണ്ടാകാം.

ഉദ്ധാരണശേഷി കുറയുന്നു


വിഷാദരോഗം ബാധിച്ച പുരുഷന്മാരില്‍ പ്രധാനമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലൈംഗിക താല്‍പര്യക്കുറവും ഉദ്ധാരണശേഷിക്കുറവുമാണ്. മസ്തിഷ്‌ക്കത്തിലെ 'ഡോപ്പമിന്‍' എന്ന രാസതന്മാത്രയുടെ വ്യതിയാനം മൂലം ലൈംഗികതയടക്കം ജീവിതത്തിലെ സന്തോഷകരമായ മറ്റ് പലതും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുന്നു. 

 


നോര്‍എപിനെഫ്രിന്റെ അളവു കുറയുന്നത് ശാരീരികക്ഷീണത്തിനും ഉന്മേഷക്കുറവിനും കാരണമാകുന്നു. ഇത് ലൈംഗിക താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്നു. തലച്ചോറിലെയും സുഷുമ്‌നാനാഡിയിലെയും സിറട്ടോണിന്റെ പ്രവര്‍ത്തനവ്യതിയാനങ്ങള്‍ ലൈംഗിക ഉദ്ധാരണത്തെ ബാധിക്കുന്നുണ്ട്.

 

വിഷാദത്തോടൊപ്പം അമിത ഉത്ക്കണ്ഠയുള്ളവര്‍ക്ക് ശീഘ്രസ്ഖലനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകാം. ഉദ്ധാരണശേഷി കുറയുമ്പോള്‍ ലൈംഗികതയെക്കുറിച്ചുള്ള ആശങ്കകള്‍ അവരില്‍ നിറയുന്നു. ഇത് വിഷാദരോഗം വഷളാകാന്‍ കാരണമാകുന്നു. മദ്യം, പുകയില എന്നിവയുടെ ഉപയോഗവും ലൈംഗികശേഷി കുറയുന്നതിന് കാരണമാകുന്നുണ്ട്.

സ്ത്രീകളിലെ താല്‍പര്യക്കുറവ്


വിഷാദരോഗമുള്ള സ്ത്രീകളില്‍ ലൈംഗികതാല്‍പര്യക്കുറവാണ് പ്രധാന പ്രശ്‌നം. ഭര്‍ത്താവ് സ്പര്‍ശിക്കുന്നതുപോലും ഇവര്‍ക്ക് പ്രയാസമുണ്ടാക്കാം. കുട്ടിക്കാലത്ത് മനസില്‍ കയറിക്കൂടിയ ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളും പാപബോധവും മറ്റും വിഷാദരോഗം വരുന്ന വേളകളില്‍ ശക്തി പ്രാപിച്ചെന്നിരിക്കും.

 

പുരുഷന്മാര്‍ നിര്‍ബന്ധിച്ച് ലൈംഗിക വേഴ്ചയ്ക്കു പ്രേരിപ്പിച്ചാലും തീര്‍ത്തും നിര്‍വികാരമായ പ്രതികരണമായിരിക്കും ഇവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. രതിമൂര്‍ച്ഛ ആസ്വദിക്കാന്‍ തീര്‍ത്തും കഴിയാത്ത അവസ്ഥയും ഇവര്‍ക്കുണ്ടാകാം.

ചില സ്ത്രീകളില്‍ യോനിയിലെ പേശികള്‍ പൊടുന്നനെ ചുരുങ്ങി വേദനയുണ്ടാകുന്ന 'യോനീസങ്കോചം' അഥവാ 'വജൈനിസ്മസ്' എന്ന അവസ്ഥയുണ്ടാകാം. ഈ പ്രശ്‌നമുണ്ടാകുന്ന സ്ത്രീകള്‍ ലൈംഗികബന്ധത്തെ എതിര്‍ക്കാനാണ് സാധ്യത.

ശാരീരിക രോഗങ്ങള്‍


ശാരീരിക ആരോഗ്യസ്ഥിതിയും വിഷാദരോഗബാധിതരുടെ ലൈംഗിക താല്‍പര്യത്തെ ഗണ്യമായി സ്വാധീനിക്കും. ദീര്‍ഘകാലമായി ശാരീരികരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതേത്തുടര്‍ന്ന് വിഷാദരോഗം വരാന്‍ സാധ്യത കൂടുതലാണ്.

പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, പാര്‍ക്കിന്‍സോണിസം, വന്ധ്യത തുടങ്ങിയ രോഗങ്ങള്‍ ദീര്‍ഘകാലമായി അനുഭവിക്കുന്നവര്‍ക്ക് വിഷാദരോഗം വരാന്‍ സാധ്യത കൂടുതലാണ്. ഇവരില്‍ വിഷാദരോഗത്തിന്റെ സാന്നിധ്യം അടിസ്ഥാന ശാരീരിക രോഗം വഷളാകാന്‍ വഴിതെളിക്കും. ഇത്തരക്കാരില്‍ അവര്‍ക്കുള്ള ശാരീരിക രോഗത്തിന്റെ തീവ്രതയും ലൈംഗികതയെ ബാധിക്കും.

ഉദാഹരണത്തിന് ദീര്‍ഘകാലമായി പ്രമേഹമുള്ള വ്യക്തിക്ക് ശരീരത്തിലെ ഓട്ടോണോമിക് നാഡീവ്യൂഹങ്ങളുടെ തകരാറു മൂലവും രക്തക്കുഴലുകളില്‍ അടവുണ്ടാകുന്നതുമൂലവും ലൈംഗികാവയവത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലവും ഉദ്ധാരണശേഷിക്കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഈ പ്രശ്‌നങ്ങളോടൊപ്പം വിഷാദരോഗം കൂടിയാകുന്നതോടെ പലപ്പോഴും ഉദ്ധാരണശേഷിക്കുറവ് വഷളാകുന്നതായി കാണാം. ചില രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നതും ലൈംഗികശേഷിയെ ബാധിക്കാം.

ലൈംഗിക ചൂഷണവും വിഷാദവും


കുട്ടിക്കാലത്തോ കൗമാരത്തിലോ ലൈംഗിക ചൂഷണങ്ങള്‍ക്കു വിധേയരാകേണ്ടിവന്നവരില്‍, വിഷാദരോഗം പിന്നീടുണ്ടായാല്‍പ്പോലും ലൈംഗിക താല്‍പര്യത്തെ അതു ഗണ്യമായി ബാധിച്ചേക്കാം. തങ്ങള്‍ക്കുണ്ടായ പീഡനാനുഭവത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും കടുത്ത ഉത്കണ്ഠയ്ക്കു കാരണമാവുന്നു. അതുവഴി ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്ഖലനത്തിനും കാരണമാവുകയും ചെയ്യാം. 

family health life style updates

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES