മുഖം സംരക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ എല്ലാവരും ഒരു ഇത്തിരി ശ്രദ്ധ നല്‍ക്കുന്നവരാണ്. അതിനു വേണ്ടി നമ്മള്‍ എത്ര രൂപ ചെലവാക്കാനും തയ്യാറാണ്. ദിവസവും മുഖം ഫെയ്‌സ് വാഷ് ഉപയോഗിച്ച് കഴുകുന്നവരായിരിക്കും മിക്കവരും ഇത്തിരിക്കൂടി ശ്രദ്ധകൊടുക്കുന്നവരാണെങ്കില്‍ ഫെയ്‌സ് പാക്കുകള്‍ ഉപയോഗിക്കും.മുഖക്കുരു, വരണ്ട ചര്‍മ്മം എന്നീ പ്രശ്‌നങ്ങള്‍ മാറ്റാന്‍ പലതരത്തിലുള്ള ഫേഷ്യലുകള്‍ മാറിമാറി പരീക്ഷിച്ച് കാണും. പക്ഷേ, വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല. മുഖത്തെ കറുത്ത പാട്, ചുളിവുകള്‍ എന്നിവ അകറ്റാന്‍ ഇനി മുതല്‍ ബ്യൂട്ടി ബാര്‍ലറുകളില്‍ പോയി സമയം കളയേണ്ട. വീട്ടില്‍ പരീക്ഷിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകള്‍ പരിചയപ്പെടുത്താം.
മഞ്ഞള്‍ ഫേഷ്യല്‍ എപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.പണ്ട് കാലം മുതല്‍ക്കു തന്നെ സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാന സ്ഥാനമാണ് മഞ്ഞളിനുള്ളത്. മുഖത്തിന്റെയും ദേഹത്തിന്റെയും നിറം വര്‍ധിപ്പിക്കാനും തിളക്കം കൂട്ടാനും മഞ്ഞളിന് സാധിക്കും. ഇത് തയ്യാറാക്കാന്‍ വീട്ടില്‍ തന്നെ സാധിക്കും.ആദ്യം അരസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ടു സ്പൂണ്‍ പാല്‍, രണ്ടു സ്പൂണ്‍ കടലമാവ്, അരസ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്‌സ് ചെയ്തു മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിലൊരിക്കല്‍ ഈ ഫേഷ്യല്‍ ചെയ്യാന്‍ ശ്രമിക്കുക.
തക്കാളി ഉപയോഗിച്ചും ഫേഷ്യല്‍സ് തയ്യാറാക്കാം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ നിറം കൂട്ടാന്‍ വളരെയേറെ സഹായിക്കും. ഇരുണ്ട നിറം വെളുപ്പിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഒപ്പം പഞ്ചസാര ത്വക്കില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ കളയാന്‍ സഹായിക്കുന്നു.തക്കാളി ചെറുതായി അരിഞ്ഞ് അതിലേക്ക് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം നീരെടുത്ത് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
റോസാപ്പൂ ഉപയോഗിച്ചും ഫേഷ്യല്‍സ് ഉണ്ടാക്കാം. രണ്ടു പിടി റോസാപ്പൂ ഇതളുകള്‍ , രണ്ടു സ്പൂണ്‍ നിറയെ ചന്ദനപ്പൊടി അഥവാ ചന്ദനം അരച്ചത്, രണ്ടു സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം നന്നായി പുരട്ടുക. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. മൂന്നു ദിവസം ഇത് തുടര്‍ച്ചയായി പുരട്ടിയാല്‍ വ്യത്യാസം അറിയാനാകും.