ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നല്‍കുന്ന കാര്‍ഡിയോ വ്യായാമങ്ങളാണ് ആവശ്യം. യോഗാഭ്യാസത്തില്‍ 'സൂര്യനമസ്‌കാരം' വളരെ ഗുണം ചെയ്യും. ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്, സ്‌കിപ്പിങ്, സൈക്കളിങ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങളും നല്ലതാണ്. സൗകര്യംപോലെ ഇവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. നടക്കുമ്പൊഴും കിടക്കുമ്പോഴും വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കാന്‍ ശ്രമിച്ചുനോക്കൂ. വയര്‍ അമര്‍ന്നുകിട്ടാന്‍ ഈ പരിശീലനവും ഗുണം ചെയ്യും.
യോഗാഭ്യാസത്തിലൂടെ ദേഹം ഏറ്റവും അയവുള്ളതും ആരോഗ്യകരവുമായിത്തീരും. എന്നാല്‍ ദേഹത്തിന് അല്‍പം ബലം കൂടി ഉണ്ടെങ്കിലേ അധ്വാനിക്കാന്‍ കഴിയൂ. മാത്രമല്ല, പേശികള്‍ക്ക് ദൃഢതയാണ് സൗന്ദര്യം. യോഗയിലൂടെ വയര്‍ കുറയും. അതിനൊപ്പം പേശികള്‍ക്ക് ബലം നല്‍കാനുള്ള ലൈറ്റ് വെയിറ്റ് ട്രെയിനിങ് കൂടി ഉണ്ടായാല്‍ ശരീരം നല്ല ഷെയിപ്പ് ഉള്ളതാവും. ചെറിയ ഭാരക്കട്ടകള്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങുകള്‍. നല്ലൊരു ലൈറ്റ് വെയിറ്റ് ട്രെയിനിങ്ങാണ് 'ക്രഞ്ചസ്'.
ആദ്യം ശാന്തമായി മലര്‍ന്നു കിടക്കുക. കൈകള്‍ തലയ്ക്ക് താങ്ങായി വെക്കണം. ഇനി കാല്‍മുട്ടുകള്‍ മടക്കുക. ശ്വാസം പുറത്ത് വിട്ടുകൊണ്ട് കൈകള്‍ വിടാതെ ചുമല്‍ മുന്നോട്ടേക്ക് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് ചുമല്‍ താഴ്ത്തുക. കഴുത്തിന് അമിതമായി ബലം നല്‍കരുത്. വയര്‍ വേദനിക്കുംവരെ 'ക്രഞ്ചസ്' ആവര്‍ത്തിക്കുക. ഏറ്റവും കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും ചെയ്യുക.