ഐലാഷസ് വയ്ക്കുമ്പോള്‍
വിടര്‍ന്ന കണ്ണുകള്‍ തോന്നാനാണു കൃത്രിമ പീലികള്‍ വച്ചു പിടിപ്പിക്കുന്നത്. എന്നാല്‍ ഇതു ശരിയായ രീതിയിലല്ല വയ്ക്കുന്നതെങ്കില്‍ മുഴുവന്‍ മേക്കപ്പിന്റെയും ഭംഗി ഇല്ലാതാക്കാന്‍ ഇ തുമതി. വളരെ ശ്രദ്ധയോടെ വേണം ഐലാഷസ് വയ്ക്കാന്‍. യഥാര്‍ഥ പീലികളില്‍ മസ്‌കാര അണിയുന്നതിനു മുമ്പു തന്നെ ഐലാഷസ് ഒട്ടിക്കണം. ഐലാഷസ് വയ്ക്കും മുമ്പ് അവയുടെ രണ്ടറ്റങ്ങളും ചെറുതായി വെട്ടികളയണം.
ഒട്ടിക്കാനുള്ള ഐലാഷസ് ഒരു കൈയില്‍ എടുത്ത് അതിനകത്തു മുകള്‍ ഭാഗത്തായി മറു കൈവിരല്‍ ഉപയോഗിച്ചു പശ തേക്കാം. ഇതു കൂടുതലാകാതെയും പ്രത്യേകം ശ്രദ്ധിക്കണം. കണ്‍പീലികളുടെ ചുവട്ടില്‍ വേണം ഇത് ഒട്ടിക്കാന്‍. അല്‍പം കയറി പോകുകയോ ഇറങ്ങുകയോ ചെയ്യരുത്.
കൃത്യമായി ഐലാഷസ് വച്ച ശേഷം അതിനു മുകളില്‍ ഇയര്‍ബഡ് ഉപയോഗിച്ച് മൃദുവായി അമര്‍ത്താം. നീളത്തിലുള്ള പീലികള്‍ ഉപയോഗിക്കുന്നതിനു പകരം നമ്മുടെ കണ്‍പീലികളുടെ നീളത്തില്‍ തന്നെയുള്ളവ പ്രത്യേകം തിരഞ്ഞെടുക്കുക. ലാഷസ് വച്ച ശേഷം ക ണ്ണിന്റെ അഗ്രഭാഗങ്ങള്‍ മസ്‌കാര ബ്രഷ് ഉപയോഗിച്ചു ലൈറ്റായി മുകളിലേക്കു വിടര്‍ത്തി വയ്ക്കണം. ഇവ താഴ്ന്നു നിന്നാല്‍ കണ്ണുകള്‍ അടഞ്ഞിരിക്കുന്നതായി തോന്നും.
ഐലാഷസിനൊപ്പം തന്നെ ഒട്ടിക്കാനുള്ള പശയും ലഭിക്കും. പക്ഷേ, ചിലയവരസരങ്ങളില്‍ അത് ഇളകിപ്പോരാന്‍ സാധ്യതയുണ്ട്. ഇതു പരിഹരിക്കാന്‍ ഐലാഷസിന് മാത്രമായിട്ടുള്ള പ്രത്യേക പശകള്‍ ഉപയോഗിക്കാം.
ഐലാഷസ് എടുത്തു മാറ്റിയ ശേഷം കണ്‍പോളകള്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിച്ചു മൃദുവായി മസാജ് ചെയ്യാം. ഐലാഷ് ബ്രഷ് ഉപയോഗിച്ച് കണ്‍പീലികള്‍ മുകളിലേക്ക് ചീകുന്നതും കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതും കണ്‍പീലികളുടെ ആരോഗ്യത്തിനു നല്ലതാണ്.
ഐലാഷസ് ഗ്ലൂ
കൃത്രിമ കണ്‍പീലികളെ യഥാര്‍ഥ കണ്‍പീലികളിലേക്ക് ഒട്ടിക്കാനാണ് ഐ ലാഷസ് ഗ്ലൂ ഉപയോഗിക്കുന്നത്. വിവധ തരത്തിലുള്ള ഐലാഷസ് ഗ്ലൂ ലഭ്യമാണ്. ട്രാന്‍സ്പരന്റായ ഇത്തരം പശകള്‍ കൈവിരലുകളില്‍ എടുത്ത് മൃദുവായി വേണം കണ്‍പീലികളുടെ ഉള്‍വശത്തു നല്‍കാന്‍.
ഉപയോഗശേഷം ഇവ അടച്ച് സൂക്ഷിക്കണം. എല്ലാ ചര്‍മക്കാര്‍ക്കും ഇത്തരം ഗ്ലൂ ഉപയോഗിക്കാം. ആവശ്യം കഴിഞ്ഞ് അല്‍പം മേക്കപ്പ് റിമൂവര്‍ പുരട്ടി ഒരു അറ്റത്ത് നിന്ന് കൃത്രിമ പീലികള്‍ പതുക്കെ അഴിച്ചെടുക്കാം