മഞ്ഞുകാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മ പ്രശ്‌നങ്ങളും പതിവാണ്. ചര്‍മം വരളുന്നതും ചുളിവുകള്‍ വീഴുന്നതുമെല്ലാം പതിവാണ്. പ്രത്യേകിച്ചും വരണ്ട ചര്‍മമെങ്കില്‍. ഇത്തരക്കാര്‍ക്ക് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്ന ചില ഫേസ് പായ്ക്കുകള്‍. ഏത് തരം ചര്‍മക്കാര്‍ക്കും ഉപയോഗിയ്ക്കാവുന്ന ചിലത്. ഇത്തരത്തില്‍ ഒരു പായ്ക്കിനെ കുറിച്ചറിയൂ.തികച്ചും പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്നത്.
പഴം
ഇതിനായി വേണ്ടത് മൂന്ന് ചേരുവകളാണ്. പഴം, തേന്‍, പാല്‍പ്പാട എന്നിവയാണ് ഇത്. ഇവ ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കുന്ന വസ്തുക്കളാണ്. പഴം ആന്റി ഓക്‌സിഡന്റുകളുടേയും വൈററമിനുകളുടേയും കലവറയാണ്. ഇത് പഴുത്തത് നല്ലതു പോലെ ഉടച്ച് മുഖത്തു പുരട്ടിയാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കുന്നു. മുഖത്തിന്റെ വരണ്ട സ്വഭാവം മാറാനും മുഖത്തിന് തിളക്കം നല്‍കാനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനുമെല്ലാം തന്നെ ഇതേറെ നല്ലതാണ്.
തേന്‍
തേന്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതിലും പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.സൗന്ദര്യ സംരക്ഷണത്തിനായി പരക്കെ ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. പല ഫെയ്‌സ് പാക്കുകളിലും തേന്‍ ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. ഒരു മികച്ച കൊളാജന്‍ വര്‍ദ്ധക ഘടകവുമാണ്. അതിനാല്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഇത് അത്യുത്തമമാണ്.തേന്‍ മുഖക്കുരു അകറ്റുന്നതിനും പാടുകള്‍ സുഖപ്പെടുത്തുന്നതിനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു,
പാലിലെ പാട
വരണ്ട ചര്‍മത്തിനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് പാല്‍പ്പാട. നാം തിളപ്പിയ്ക്കുന്ന പാലിലെ പാട പലരും കളയും, ഇത് എടുത്ത് ഉപയോഗിച്ചാല്‍ നല്ലൊന്നാന്തരം സൗന്ദര്യ ഉല്‍പന്നമാണ്. ഇതിന്റെ കൊഴുപ്പുള്ള സ്വഭാവം തന്നെ ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിലെ വരണ്ട സ്വഭാവം മാറുവാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ പാല്‍പ്പാട ഈ കൂട്ടില്‍ ഉപയോഗിയ്ക്കാം. മുഖത്തിന് വല്ലാത്ത എണ്ണമയുള്ളവരെങ്കില്‍ ഇത് ഒഴിവാക്കാം.
ഇതിനായി പാല്‍പ്പാട എടുക്കുക. ഇതില്‍ തേനും നല്ലതു പോലെ പഴുത്ത പഴവും ഉടച്ച് ചേര്‍ത്തിളക്കാം. പാളയന്‍കോടന്‍ പഴമോ റോബസ്റ്റയോ ആണ് കൂടുതല്‍ നല്ലത്. ഇത് നല്ലൊരു മിശ്രിതമാക്കി മാറ്റിയ ശേഷം മുഖം കഴുകി തുടച്ച് ചെറിയ ഈര്‍പ്പത്തോടെ തന്നെ ഇടാം. ഉണങ്ങിയ ശേഷം കഴുകാം. വല്ലാതെ ഉണങ്ങാന്‍ കാത്തു നില്‍ക്കേണ്ടതുമില്ല. ഇത് ഏത് തരം ചര്‍മത്തിലും ഉപയോഗിയ്ക്കാം. മഞ്ഞു കാലത്ത് മുഖത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറാന്‍ ഇതേറെ നല്ലതാണ്.