ഇത് പ്രേമത്തിന്റെ കാലമാണ്. തീയറ്ററുകൾ പുതുതലമുറയുടെ പ്രണയാഘോഷത്തിലാണ്. ഒരു കാമുകി വേണമെന്ന് ആഗ്രഹിക്കാത്ത യുവാക്കളുണ്ടാകില്ല. എന്നാൽ, അത്രയെളുപ്പമാണോ സ്ത്രീകളുടെ മനംകവരൽ? അതിന് പുരുഷന്മാർ മറന്നുപോകരുതാത്ത ചില കാര്യങ്ങളുണ്ട്.
ഫസ്റ്റ് ഇംപ്രഷൻ
ആദ്യദർശനത്തിൽത്തന്നെ സ്ത്രീകളുടെ മനസ്സിൽ ഇടം പിടിക്കുന്നവനാകണം പുരുഷൻ. നിങ്ങൾ എങ്ങനെ പെൺകുട്ടികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സുന്ദരികളായ പെൺകുട്ടികളെ ആൺകുട്ടികൾ ആഗ്രഹിക്കുന്നതിപോലെ തിരിച്ചും സുന്ദര കളേബരന്മാരെയാണ് പെൺകുട്ടികൾക്ക് വേണ്ടത്. കാഴ്ചയിൽ സുന്ദരനായി ഇരിക്കുന്നത് വെറും കാഴ്ചയെ മാത്രമല്ല സംതൃപ്തമാക്കുന്നത്. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നതിൽ താത്പര്യമുള്ളയാളാണെങ്കിൽ അതേ കരുതൽ നിങ്ങളിൽനിന്ന് ലഭിക്കുമെന്ന് പെൺകുട്ടികളും ഉറപ്പിക്കും.
സ്റ്റൈലൻ ലുക്ക്
വഴിയോരത്ത് കിട്ടുന്ന വസ്ത്രങ്ങൾ അണിഞ്ഞെത്തുന്നയാളെ അതേ വിലക്കുറവോടെയാകും പെൺകുട്ടികളും കാണുക. മറിച്ച് ബ്രാൻഡഡ് വസ്ത്രങ്ങളും മറ്റുമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, ആ സ്‌റ്റൈലിന് പെൺകുട്ടികളുടെ മനസ്സിൽ സവിശേഷ സ്ഥാനമുണ്ടാകും. ഡേവിഡ് ബെക്കാമോ ലിയനാർഡോ ഡി കാപ്രിയോ ആകാനായില്ലെങ്കിലും അവരുടെ സ്‌റ്റൈൽ അനുകരിക്കുന്നത് പെൺകുട്ടികൾക്ക് ഇഷ്ടമാകാതിരിക്കില്ല.
സെൻസ് ഓഫ് ഹ്യൂമർ
സരസമായി സംസാരിക്കുന്നവരെയാണ് പൊതുവെ പെൺകുട്ടികൾക്കിഷ്ടം. പരുക്കനായി സംസാരിക്കുന്നയാളെ അൽപം അകൽച്ചയോടെ മാത്രമേ ആരും കാണൂ. മാത്രമല്ല, അരസികനാണെന്ന് സംസാരത്തിൽനിന്ന് മനസ്സിലാക്കിയാൽ പെൺകുട്ടികൾ അവരുടെ പ്രശ്‌നങ്ങൾ പങ്കുവെക്കാൻ തയ്യാറായെന്ന് വരില്ല. ചിരി പ്രണയത്തിന് കൂട്ടുനിൽക്കും.
കരുതലിന് വില
പ്രണയത്തിൽ ഏറ്റവും വില കരുതലിനാണ്. ഏത് ആപത്തിലും ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് ബോധ്യപ്പെടുത്താൻ കഴിയണം. റോഡ് മുറിച്ച് കടക്കുമ്പോൾ കാമുകിയുടെ കൈ പിടിക്കുന്നതും ഇടയ്‌ക്കൊരു ആലിംഗനവും സ്‌നേഹത്തോടെയുള്ള ചുംബനവും ആ കരുതലിന്റെ തുറന്ന പ്രകടനങ്ങളാണ്. പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നത് അവരെ അംഗീകരിക്കുന്നതിന്റെ തെളിവുകൂടിയാണ്.
ഇടയ്ക്കൽപം ഹോട്ട്
എല്ലാ പ്രണയിനികളും ചില സ്വകാര്യ നിമിഷങ്ങൾ ആഗ്രഹിക്കാറുണ്ട്. അത്തരം സന്ദർഭങ്ങൾ ഉണ്ടാക്കുന്നതും ആ സന്ദർഭങ്ങളിൽ ആഗ്രഹത്തോടെയുള്ള ഒരു നോട്ടമോ ചുംബനമോ കൈമാറുന്നതും കാമുകനിലുള്ള വിശ്വാസം വർധിപ്പിക്കും. ഈ ഭൂമിയിൽ നിന്നെപ്പോലെ മറ്റാരുമില്ലെന്ന് പറയാതെ തന്നെ പറയലാകും അത്തരം നിമിഷങ്ങൾ ചെയ്യുന്നത്
ശാന്തത കൈവിടരുത്
പെട്ടെന്ന് കോപം വരുന്ന സ്വഭാവം പ്രണയകാലത്ത് മാറ്റിവച്ചേക്കുക. അവരുടെ ജീവിതത്തിൽ ശാന്തത സമ്മാനിക്കുന്നയാളാകണം നിങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തണം. കോപത്തെ അടക്കിവെക്കുന്നവരെയാണ് പെൺകുട്ടികൾക്ക് ഏറെയിഷ്ടം. മാത്രമല്ല, കോപിഷ്ടയായിരിക്കുന്ന കാമുകിയെ സമാധാനിപ്പിച്ച് ശാന്തയാക്കുന്നവനാണ് ഉത്തമനായ കാമുകൻ.