കൊറോണ കാരണം നിരവധി ആഘോഷങ്ങളും ഉത്സവങ്ങളും വലുതായി ഒന്നും ആഘോഷിക്കാൻ പറ്റിയില്ല. ഇപ്പോൾ വാരാൻ പോകുന്നത് ഹൈന്ദവരുടെ ഒരു ആഘോഷമായ മഹാശിവരാത്രിയാണ്. ഓണവും വിഷുവും ദീപാവലിയും എല്ലാം നമ്മൾ നന്നായി ആഘോഷിക്കുന്നതുപോലെ ശിവരാത്രിയും നമ്മൾ ആഘോഷിക്കാറുണ്ട്. ഭഗവാൻ ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. പിന്നീട് ഉള്ള കൊച്ച് ശിവക്ഷേത്രങ്ങളിലും നന്നായി തന്നെയാണ് ആഘോഷിക്കുന്നത്.
മനോഹരമായ ഐതീഹ്യവും കഥയുമാണ് മഹാശിവരാത്രി സംബന്ധിച്ച് ഉള്ളത്. പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ കുടിക്കുകയും ലോകത്തെ രക്ഷിക്കുകയും ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. വിഷം ഉള്ളിൽ ചെന്നാൽ ഉറങ്ങരുതെന്നുളത് കൊണ്ട് ശിവൻ ഉറങ്ങാതെ ഇരുന്നു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഭഗവാനും ദേവിയും ദൈവങ്ങളും ഉറങ്ങാതെ ഇരുന്നുകൊണ്ട് വ്രതം നോക്കുന്നവരും ഉറങ്ങാതെ ഇരിക്കുന്നു. മറ്റൊരു കഥ ശിവലിംഗരൂപത്തില്‍ ശിവന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ദിനവും ശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാൻ ലോകത്തിനെ രക്ഷിച്ച ഈ ദിവസമാണ് നമ്മൾ ശിവരാത്രിയായി ആഘോഷിക്കുന്നത്.
ഈ വർഷം ക്ഷേത്രത്തിൽ പോയ് വ്രതം നോക്കി ഉറക്കമിളകുന്നതുമൊക്കെ നടക്കുമോ എന്ന് അറിയില്ല. കൊറോണ കാരണം പല ക്ഷേത്രങ്ങളിലും സമ്മതിക്കാനുള്ള വഴി കുറവാണ്. അതുകൊണ്ടു ആരും വിഷമിക്കേണ്ട കാര്യമില്ല. വീട്ടിൽ ഇരുന്നു തന്നെ വ്രതം നോക്കാം. ശുദ്ധിയോടെയും ദൈവീകതയോടെയും വ്രതം നോക്കി പ്രാർത്ഥിക്കാം. ശിവരാത്രി വ്രതം ഒൻപതു ദിവസം, മൂന്ന് ദിവസം, അല്ലെങ്കിൽ തലേദിവസം തൊട്ടു എടുത്തു തുടങ്ങാവുന്നതാണ്. ഒൻപതു ദിവസം വ്രതം എടുക്കുന്ന ദിവസങ്ങളിൽ മൽസ്യമാംസാദി പാടില്ല, പകൽ ഉറക്കം പാടില്ലാ.. രാത്രികളിൽ ഉറങ്ങാം. എന്നാൽ ശിവരാത്രി ദിവസം മാത്രം ഉറങ്ങാതിരിക്കണം. ശിവരാത്രി കഴിഞ്ഞ് അടുത്ത ദിവസം സന്ധ്യ കഴിഞ്ഞ് മാത്രമേ ഉറങ്ങാവുള്ളു. പകലുറക്കം വൃദപുണ്യം നശിക്കും. ശിവരാത്രി ദിവസം നമ്മൾ രാവിലെ എണീറ്റ് കുളിച്ച് ശിവക്ഷേത്രത്തിലേക്ക് പോയി പ്രാർത്ഥനകളും വഴിപാടുകളും ചെയ്യുന്നു. അന്നേദിവസം ഒരിക്കൽ എടുത്തു ശിവഭഗവാന്റെ നാമങ്ങൾ ചൊല്ലി ഉറക്കമൊളിക്കുന്നു ശിവപുരാണം ചൊല്ലുന്നത് ആ ദിവസം വളരെ വിശിഷ്ടമാണ്. ഇതൊക്കെയാണ് സാദാരണ നമ്മൾ ക്ഷേത്രത്തിൽ ചെയ്യാറുള്ളത്. ഇത് തന്നെ നമ്മുക്ക് വീട്ടിലും ചെയ്യാം. രാവിലെ കുളിച്ചു ഈറൻ അണിഞ്ഞ് വീട്ടിലെ പൂജാമുറിയിൽ ഭസ്‌മം ചാർത്തി ശിവമന്ത്രം ജപിക്കാം. ജലപനമില്ലാതെ ഇരിക്കുന്നവർ അങ്ങനെ തന്നെ തുടരാം. ഇതെ ദിവസം നമ്മൾ ഏതു തരം പൂജ ചെയ്താലും നല്ല രീതിയിൽ ഫലം ലഭിക്കുന്നു. തലേ ദിവസം ചില സ്ഥലങ്ങളിൽ ഉണക്കി വച്ച ചാണക ഉരുള എടുത്ത് അത് സന്ധ്യക്ക് ഉമിത്തീയിൽ ഇട്ടു കത്തിക്കുന്നു. രാവിലെ ആകുമ്പോഴേക്കും ഇത് ഭസ്മം ആയീട്ടുണ്ടാകും. ഇത് നമുക്ക് പിന്നീട് ഭസ്മക്കുറി തൊടുവാൻ ആയി ഉപയോഗിക്കാം.
വേറൊരു പ്രധാന കാര്യമാണ് ശിവാലയ ഓട്ടം. കരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം. ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണ് ശിവാലയഓട്ടം. കന്യാകുമാരി ജില്ലയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് നിലനിന്ന ജൈനമതത്തിന്റെ അനുഷ്ഠാനരീതികളുടെ പിന്തുടർച്ചയാണ് ശിവാലയ ഓട്ടമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. 100 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്. ഒരാഴ്ച വ്രതം നോറ്റശേഷമാണ് വഴിപാട് സമർപ്പിക്കുന്നത്.