വീട്ടില്‍ ഐശ്വര്യവും സമ്പത്തും കുമിഞ്ഞുകൂടുന്നതിനായി എന്തും ചെയ്യാന്‍ മലയാളികള്‍ തയ്യാറാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ പണവും ഐശ്വര്യവും താനെ വരുമെന്ന് കേട്ടാല്‍ ആളുകള്‍ അത് വാങ്ങി വീടുകളില്‍ വെയ്ക്കും. അങ്ങനെയാണ് ചൈനക്കാരുടെ ചിരിക്കുന്ന ബുദ്ധന്‍ ഇന്ന് മലയാളികളുടെ വീട്ടില്‍ തലയുയര്‍ത്തി ഇരിക്കാന്‍ തുടങ്ങിയത്.
ചൈനീസ് വാസ്തുശില്പ രീതിയായാണ് ഫെങ്- ഷ്വേ.ഭാരതത്തിനു ജ്യോതിഷം പോലെയാണ് ചൈനയ്ക്ക് ഫെങ്ഷുയി. കുടുംബങ്ങള്‍ക്ക് ഐശ്വര്യവും സമ്പദ്സമൃദ്ധിയും നല്‍കുന്ന ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ ഫെങ്- ഷ്വേ വിശ്വാസങ്ങളിലുള്‍പ്പെടുന്നതാണ്. സ്വീകരണ മുറിയിലോ ഹാളിലോ മേശയ്ക്കു മുകളില്‍ സ്ഥാനം നോക്കി ചില പ്രതിമകള്‍ സ്ഥാപിച്ചാല്‍ വീടിന് ഐശ്വര്യം വരുമെന്ന ചൈനീസ് വിശ്വാസം മലയാളി കൂടി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചതായാണ് ഈ ബുദ്ധ പ്രതിമകളുടെ പ്രചാരം കാണിക്കുന്നത് . കൗതുകത്തിന്റെ പേരില്‍ മലയാളികള്‍ ഷോ കേസില്‍ കുടിയിരുത്തിയ ബുദ്ധപ്രതിമ ക്രമേണ മലയാളിയുടെ വിശ്വാസത്തിലേയ്ക്കും കടന്നുവരുകയായിരുന്നു. ചിരിക്കുന്ന ഈ ബുദ്ധ പ്രതിമ സമ്പത്തുമായി വരുന്ന ഐശ്വര്യത്തിന്റെ പ്രതീകമായി മാറി.
സമ്പത്തും ഐശ്വര്യവും കൊണ്ടുവരുന്ന ചൈനീസ് ബുദ്ധന്‍ മലയാളികളുടെ വീടുകളില്‍ ഇപ്പോള്‍ സുപരിചിതമായിരിക്കുന്നു. സത്യത്തില്‍ ചൈനീസ് വിശ്വാസങ്ങളില്‍ നിന്ന് ബുദ്ധന്‍ മാത്രമല്ല മലയാളിയുടെ സൗഭാഗ്യ വിശ്വാസത്തില്‍ ചുവടുറപ്പിച്ചിരിക്കുന്നത് . മുക്കാലന്‍ തവളയും സൗ എന്ന ദിവ്യന്മാരും വ്യാളിയും ഫീനിക്സ് പക്ഷികളും വിന്‍ഡ് ഷൈമുകളുമെല്ലാം തന്നെ മലയാളിയുടെ പ്രിയപ്പെട്ട ചൈനക്കാരായി മാറികൊണ്ടിരിക്കുകയാണ്.