വിഷുവും അതിന് പിന്നിലെ ഐതിഹ്യങ്ങളും

Malayalilife
 വിഷുവും അതിന് പിന്നിലെ ഐതിഹ്യങ്ങളും

ശ്വര്യത്തെ വരവേറ്റു കൊണ്ട് ഇത്തവണത്തെ വിഷുവും വന്നെത്തിയിരിക്കുകയാണ്. ഇത്തവണ ഏപ്രിൽ 14  ബുധനാഴ്ചയാണ് വിഷു ദിനമായി നാം ആചരിക്കുന്നത്. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. 


വിഷുവിന്റെ ഐതീഹ്യം

വിഷുവുമായി ബന്ധപ്പെട്ട് രണ്ട് ഐതീഹ്യങ്ങളാണ് നിലവിൽ ഉള്ളത്. ഒന്ന് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ശ്രീരാമനുമായി ബന്ധപ്പെട്ടതും. അഹങ്കാരിയായ നരകാസുരന്റെ ദ്രോഹം സഹിക്കവയ്യാതെ ആളുകള്‍ ശ്രീകൃഷ്ണനുമുന്നില്‍ അഭയം തേടുകയും അതേ സമയം  നരകാസുര ദര്‍പ്പം ശമിപ്പിക്കാന്‍ കൃഷ്ണന്‍ യുദ്ധത്തിന് തയ്യാറാവുകയും ചെയ്‌തു. യുദ്ധം ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും ചേർന്ന് നയിച്ചു. ഘോരമായ യുദ്ധത്തിനൊടുവിൽ  കൃഷ്ണന്‍  മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം നിഗ്രഹിക്കുകയും ചെയ്‌തു. ഇതേ തുടർന്ന് നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക്  എത്തുകയും ചെയ്തു. തുടർന്ന് ഉണ്ടായ യുദ്ധത്തിൽ നരകാസുര നിഗ്രഹണവും നടന്നു. അസുര ശക്തിക്കു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്  അതുകൊണ്ട് തന്നെ ഈ ദിനം വിഷു ദിനമായി അറിയപ്പെടുന്നു. 

ഒരിക്കൽ രാക്ഷസ രാജാവായ രാവണൻ  ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് രാവണന് അപ്രീതിയുണ്ടാക്കി  ഉണ്ടാക്കി   പിന്നീട്  ഏറെ വർഷങ്ങൾക്ക്  ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നദിനമാണ്  വിഷു ദിനമായി ആഘോഷിക്കുന്നത്. 

വിഷുക്കണി

വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും സുപ്രധാനമായ ആചാരമാണ് വിഷുക്കണി.  വിഷുദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പുലര്‍ച്ചെ കണികണ്ട് ഉണരുന്നതോടെയാണ്. വിഷുക്കണി ഒരുക്കുന്നത് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ്. നിലവിളക്കിനും കൃഷ്ണ വിഗ്രഹത്തിനും സമീപമായി ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍,നാണയങ്ങൾ  എന്നിവയും വയ്ക്കുന്നു. 

വിഷു കൈനീട്ടം

വിഷു ദിനത്തിലെ മറ്റൊരു പ്രത്യേകതയാണ് വിഷുകൈനീട്ടം. കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം ഗൃഹനാഥനാണ് നൽകുക.  പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്ക് വർഷം മുഴുവനും സമ്പൽ സമൃദ്ധി ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്.

വിഷു ഫലം 

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.
 

Read more topics: # April 14 th vishu,# and Legends
April 14 th vishu and Legends

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES