വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ വീട് കൂടുതല്‍ സുന്ദരമാകുന്നതിനായി വീട്ടുപകരണങ്ങള്‍ നല്ല രീതിയില്‍ സജ്ജീകരിക്കേണ്ടതായുണ്ട്. വലിയ ചിലവില്ലാതെ വീട് നല്ല രീതിയില്‍ സജ്ജീകരിക്കാന്‍ കഴിയും. ചുരുങ്ങിയ ചിലവില്‍ അകത്തളങ്ങള്‍ സുന്ദരമാക്കാമെന്ന് ചുരുക്കം.
ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്ക് പണം നല്‍കി വെറുതെ കൈയ്യിലെ കാശ് കളയേണ്ട. കുറച്ച് ഭാവനയും ബുദ്ധിയുമുണ്ടെങ്കില്‍ നമുക്ക് നമ്മുടെ വീടിനെ ഒരു ചെറിയ കൊട്ടാരമാക്കാം. മാസികകളില്‍ നിന്നും അല്ലാതെ കിട്ടുന്ന വിവരങ്ങളും സ്വന്തം ആശയങ്ങളും കൊണ്ട് മികച്ച രീതിയില്‍ ഒരു വീട് ഒരുക്കാം.
കസേര, സെറ്റികള്‍, ടേബിള്‍, തുടങ്ങിയവ നല്ല രീതിയില്‍ അറേഞ്ച് ചെയ്താല്‍ വീടിന് കുറച്ചുകൂടി സൗന്ദര്യം കൂടും. എന്നാല്‍ ഇവയ്ക്കാണ് ഏറ്റവും അധികം വില വരിക. അതുകൊണ്ട് തന്നെ ഇവ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എല്ലാം പുത്തന്‍ തന്നെ വേണമെന്ന വാശിയുണ്ടെങ്കില്‍ അത് തത്ക്കാലം മാറ്റിവയ്ക്കണം പഴയ ഗൃഹോപകരണങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വില കുറഞ്ഞതും എന്നാല്‍ ഭംഗിയും ഗുണവുമുള്ളതായവ നിങ്ങള്‍ക്ക് വാങ്ങാനാവും. മൊത്തവ്യാപാര സ്ഥാപനങ്ങള്‍, താമസം മാറി പോകുന്നവര്‍ തുടങ്ങിയവരില്‍ നിന്നുമെല്ലാം നല്ല ഗൃഹോപകരങ്ങള്‍ വില കുറച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും.
എന്തായാലും നിങ്ങള്‍ക്ക് വളരെ യോജിച്ചതും സൗകര്യപ്രദവുമായ രീതിയിലാവണം ഈ സജ്ജീകരണം. അതിന് വിലകൂടിയ ഫര്‍ണിച്ചറുകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. നിങ്ങളുടെ ഭാവനയും ക്രിയാത്മകതയും പരിശ്രമവും ഉണ്ടെങ്കില്‍ ചെലവുകുറഞ്ഞ രീതിയില്‍ അഴകുള്ളതും സൗകര്യപ്രദവുമായ അകത്തളം നിങ്ങള്‍ക്ക് സ്വയം ക്രമീകരിക്കാന്‍ കഴിയും..