ലക്ഷക്കണക്കിന് ആരാധികമാരെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ പൃഥ്വിരാജിന്റെ പ്രണയ വിവാഹ വാര്‍ത്ത പുറത്തു വന്നത്. ജനനം കൊണ്ട് മലയാളി ആണെങ്കിലും മുംബൈക്കാരിയായ സുപ്രിയ പൃഥ്വിരാജിന്റെ മനസു കീഴടക്കിയ കഥകളാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍, പഠിക്കാന്‍ പണമില്ലാത്തതിനാല്‍ ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്ന.. ബിബിസിയില്‍ ജേര്‍ണലിസ്റ്റായി സ്വപ്ന പൂര്‍ത്തീകരണത്തിന് തൊട്ടരികെ നില്‍ക്കെ അതെല്ലാം വിട്ടെറിഞ്ഞ് വിവാഹിതയാകേണ്ടി വന്ന സുപ്രിയയെ കുറിച്ചുള്ള കഥകള്‍ ആര്‍ക്കുമറിയില്ല. ആഗ്രഹിച്ചു മോഹിച്ചു നേടിയ ജോലിയും പ്രശസ്തിയും എല്ലാം വിട്ടെറിഞ്ഞാണ് പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയിലേക്ക് സുപ്രിയ എത്തിയത്. എന്നാല്‍, ഇന്ന് ഇന്ത്യയിലെ തന്നെ ഒരു സൂപ്പര്‍ താരത്തിന്റെ ഭാര്യ മാത്രമല്ല, വലിയൊരു ബിസിനസ് വുമണും സംരംഭകയും എല്ലാമാണ് സുപ്രിയ.
പാലക്കാട് ആണ് സ്വദേശമെങ്കിലും സുപ്രിയ വളര്‍ന്നതെല്ലാം മുംബൈയില്‍ ആണ്. സിവില്‍ സര്‍വ്വീസ് ആയിരുന്നു സുപ്രിയയുടെ സ്വപ്നം. എന്നാല്‍ കോളേജ് പഠനകാലത്ത് തന്റെ ആശയങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുവാന്‍ ഏറ്റവും മികച്ച മാര്‍ഗം ജേര്‍ണലിസമാണെന്ന് തിരിച്ചറിയുകയും ആ രംഗത്തേക്ക് കരിയര്‍ വഴി തിരിച്ചു വിടുകയും ആയിരുന്നു. അന്നെല്ലാം സുപ്രിയയ്ക്ക് പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്നത് പിതാവ് വിജയകുമാര്‍ മേനോന്‍ ആയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തില്‍ പിജിയും പൂര്‍ത്തിയാക്കിയ സുപ്രിയ ഒരു ട്ാബ്ലോയിഡില്‍ ആണ് ആദ്യം ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത്.
ഒരു സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച സുപ്രിയയ്ക്ക് എങ്ങനെയാണ് ഒരു മുഖ്യധാരാ മാധ്യമത്ത്ിലേക്ക് ജോലിയ്ക്ക് കയറുക എന്നതു സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ന്യുഡെല്‍ഹി ടെലിവിഷന്‍ അഥവാ എന്‍ഡി ടിവിയിലേക്ക് ഒരു ഇന്റര്‍വ്യൂ കോള്‍ ലഭിക്കുകയും ജനറല്‍ ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗിനെ കുറിച്ച് സംസാരിക്കേണ്ടി വരികയും ചെയ്തത്. ആ ജോലിയില്‍ സെലക്ട് ആവുകയും ചെയ്തു. തന്റെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചവിട്ടു പടിയായിരുന്നു സുപ്രിയയ്ക്ക് അത്. മുംബൈയില്‍ തന്നെയായിരുന്നു സുപ്രിയയ്ക്ക് ജോലി ലഭിച്ചത്.
സുപ്രിയയെ ജീവിതം പഠിപ്പിച്ച നഗരമാണ് മുംബൈ. മുംബൈ ഒരു നഗരമാണെങ്കില്‍ ബോംബെ സുപ്രിയയ്ക്കൊരു വികാരമാണ്. തന്റെ വീട് എന്നു സുപ്രിയ വിളിക്കുന്ന സ്ഥലം, എന്‍ഡിടിവിയില്‍ ജോലി ചെയ്യവേ പല സാഹചര്യങ്ങളിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറീസ്, റിയല്‍ എസ്റ്റേറ്റ്, മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ ജീവിതം, മാളുകളായി മാറുന്ന സ്ഥലങ്ങള്‍ അങ്ങനെ നിരവധി. പണത്തിനായി ഡാന്‍സ് ബാറുകളില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളുടെ ആശങ്കകള്‍ കേള്‍ക്കാനും അവരുടെ അഭിമുഖം എടുക്കാനും എല്ലാം അവസരം ലഭിച്ചു.
മുംബൈയില്‍ ഒരു മേഘവിസ്‌ഫോടനം ഉണ്ടായതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്ന് ഏകദേശം 700 പേര്‍ മരിച്ചു. മുംബൈയിലെ ട്രെയിന്‍ സ്ഫോടന പരമ്പരകളും റിപ്പോര്‍ട്ട് ചെയ്തു. ട്രെയിനിന്റെയും മനുഷ്യന്റെയും ഭാഗങ്ങള്‍ ഇടകലര്‍ന്നു ചിതറിത്തെറിച്ചു കിടക്കുന്നത് നേരിട്ടു കാണേണ്ടി വന്ന സുപ്രിയയ്ക്ക് ആ കാഴ്ചകള്‍ ഇന്നും വേദന നല്‍കുന്നുണ്ട്. ആയിടയ്ക്കാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ അഫയേഴ്‌സില്‍ മാസ്റ്റേഴ്‌സിന് പ്രവേശനം ലഭിച്ചത്. പക്ഷേ ആ പ്രോഗ്രാമിനു വേണ്ട തുക സംഘടിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അത് മാറ്റിവച്ചു. ആ സമയത്താണ് എന്‍ഡിടിവിയിലെ എഡിറ്റര്‍ മലയാള സിനിമയെക്കുറിച്ച് ഒരു അസൈന്‍മെന്റ് ചെയ്യാന്‍ സുപ്രിയയെ ഏല്‍പച്ചത്.
മലയാള സിനിമയിലെ രണ്ട് വലിയ 'എം' (മോഹന്‍ലാല്‍ മമ്മൂട്ടി) കളെക്കുറിച്ചു മാത്രമാണ് സുപ്രിയയ്ക്ക് അറിയാമായിരുന്നത് ആ സമയത്ത്. സുപ്രിയയുടെ ഒരു സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പര്‍ തന്ന് വിളിക്കാന്‍ പറഞ്ഞത്. പക്ഷെ, ആ ഒരു ഫോണ്‍ കോള്‍ തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ആദ്യത്തെ ഫോണ്‍ കോള്‍ മുതല്‍ ഇരുവരും തമ്മില്‍ ഒരു അടുപ്പം ഉടലെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി വന്നപ്പോള്‍ ഡേറ്റിങ് ആരംഭിച്ചു.
ആ സമയത്താണ് ബിബിസിയില്‍നിന്ന് സുപ്രിയയ്ക്ക് ഒരു പുതിയ ബിസിനസ് പ്രോഗ്രാമിന്റെ അസൈന്‍മെന്റ് ലഭിച്ചു. ഒരു അഭിമുഖത്തിനു ചെല്ലാന്‍ പറഞ്ഞു. അവിടെ പോയി തിരിച്ചിറങ്ങിയത് ബിബിസിയിലെ ജോലിയുമായി ആയിരുന്നു. ഒരിക്കലും ബിസിനസ് ജേണലിസത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത സുപ്രിയയ്ക്ക് അവിടുക്കെ ബിസിനസ് ജേര്‍ണലിസ്റ്റ് ആയാണ് പോസ്റ്റിംഗ് ലഭിച്ചത് അതുകൊണ്ടു തന്നെ ആദ്യ ദിവസം മുതല്‍ പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടി വന്നു. ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ ഓഫിസില്‍ ആയിരിക്കുമ്പോഴാണ് മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ ആഗോള സാമ്പത്തിക മാന്ദ്യം വന്നു. അങ്ങനെ, ഉപരി പഠനത്തിന് കൊളംബിയയിലേക്ക് പോകാനുള്ള സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു.
തന്റെ പ്രൊഫഷനല്‍ ജീവിതം മികച്ചരീതിയില്‍ മുന്നേറുന്നതിനൊപ്പം പ്രണയവുംം പൂത്തുലയുകയായിരുന്നു. നാലുവര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷമാണ് പൃഥ്വിയും സുപ്രിയയും അത് ഔദ്യോഗികമാക്കാനും വിവാഹിതരാകാനും തീരുമാനിച്ചത്. അങ്ങനെ ജോലിയില്‍നിന്ന് ആറു മാസത്തെ അവധിയെടുത്തു. വളരെ സ്വകാര്യമായ ഒരു ചടങ്ങില്‍ വിവാഹം കഴിച്ചു. കുറച്ചു മാസങ്ങള്‍ കേരളത്തില്‍ താമസിച്ചതിനു ശേഷം സുപ്രിയ മുംബൈയിലേക്കുതന്നെ മടങ്ങി. എന്നാല്‍ ഒരു നടന്റെ ജീവിതം നിലനിര്‍ത്തുന്നത് വളരെ കഠിനമായിരുന്നു, അതിനുശേഷം എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുറപ്പിച്ച് ഒടുവില്‍ കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
പക്ഷേ നാട്ടില്‍ വന്ന സുപ്രിയയ്ക്ക് വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. ജീവിതത്തില്‍ ആദ്യമായി ഒരു ലക്ഷ്യമില്ലാത്തതുപോലെ തോന്നി. അതില്‍ നിന്നെല്ലാം ഒരു രക്ഷപ്പെടലിനു വേണ്ടി പൃഥ്വിയോടൊപ്പം ഒരുപാട് യാത്ര ചെയ്തു, സിനിമാ ലൊക്കേഷനുകളില്‍ പോയി. പക്ഷേ മുന്നോട്ടുള്ള ജീവിതത്തില്‍ ഒരു പ്ലാന്‍ ആവശ്യമാണെന്ന തീരുമാനത്തില്‍ അവസാനം എത്തി. അങ്ങനെ മാനേജ്‌മെന്റില്‍ ഒരു ചെറിയ കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചു. വളരെ ഹ്രസ്വവും എന്നാല്‍ ഒരുപാട് അറിവ് പകര്‍ന്നുതന്നതുമായ ഒരു കോഴ്‌സായിരുന്നു അത്. 2014ലാണ് മകള്‍ അലംകൃതയ്ക്ക് ജന്മം നല്‍കിയത്. അതിനുശേഷം മാതൃത്വത്തിന്റേതായ കെട്ടുപാടുകളില്‍ ചുറ്റിപ്പിണഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു. സുപ്രിയയുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അത്. ഈ സമയമായപ്പോഴേക്കും സിനിമയില്‍ താല്‍പര്യം തോന്നിത്തുടങ്ങി.
അങ്ങനെയാണ് ഒരു പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിക്കുന്നതിലേക്ക് എത്തിയത്. ഒടുവില്‍ 2017 ല്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങാന്‍ തീരുമാനിച്ചു. ചെക്കുകളില്‍ ഒപ്പിടുന്ന ഒരാള്‍ മാത്രമല്ല, വളരെ പ്രഫഷനലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ശരിയായ സ്‌ക്രിപ്റ്റ് കണ്ടെത്തുന്നത് മുതല്‍ ലീഡ് കാസ്റ്റു ചെയ്യുന്നത് വരെ, തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാം സുപ്രിയ പഠിച്ചു. നയന്‍ മുതല്‍ നിരവധി മലയാള ചിത്രങ്ങളും കെജിഎഫ്, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളുടെ മലയാള വിതരണവും ഇന്ന് സുപ്രിയ ഏറ്റെടുത്തു ചെയ്തു. ഇപ്പോള്‍ ആദ്യത്തെ ഹിന്ദി ചിത്രവും ഒടുവില്‍ ചെയ്ത ഗോള്‍ഡും റിലീസിന് തയാറെടുക്കുകയാണ്.