പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുന്ന കലാകാരനാണ് സാജു നവോദയ എന്ന പാഷാണം ഷാജി. വേദികളിലും മിനിസ്‌ക്രീനിലും എല്ലാം മുന്നിലെത്തുന്ന പ്രേക്ഷകരെ മനസു നിറഞ്ഞു ചിരിപ്പിക്കുന്ന സാജുവിന്റെ മനസില്‍ പക്ഷെ സങ്കടങ്ങളുടെ പെരുമഴയാണ്. വിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷത്തില്‍ ഏറെയായെങ്കിലും ഒരു കുഞ്ഞ് ആയിട്ടില്ലായെന്നതാണ് സാജുവിനെയും ഭാര്യ രശ്മിയേയും എന്നും വേദനിപ്പിക്കുന്നത്. അടുത്തിടെ രശ്മി പ്രഗ്‌നനാന്റായെങ്കിലും വൈകാതെ തന്നെ ആ കുഞ്ഞിനെ ദൈവം തിരികെ വിളിച്ച കഥയും അതിനു പിന്നിലെ സംഭവ വികാസങ്ങളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
പ്രണയിച്ചു വിവാഹിതരായവരാണ് സാജുവും രശ്മിയും. സാജുവിന്റെ അടുക്കല്‍ ഡാന്‍സ് പഠിക്കാന്‍ എത്തിയതായിരുന്നു രശ്മി. മൂന്നു മാസം മാത്രം നീണ്ടു നിന് പ്രണയം. അതിനു മുന്നേ രശ്മിയ്ക്ക് സാജുവിനെ അറിയാമായിരുന്നുവെങ്കിലും അടുത്തറിയുന്നതും പരിചയപ്പെടുന്നതും എല്ലാം ഡാന്‍സ് പഠിക്കാന്‍ എത്തിയപ്പോഴായിരുന്നു. എന്നാല്‍ ആ പഠനം ഏറെ നാള്‍ നീണ്ടു നിന്നില്ല. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞു. അധികം വൈകും മുന്നേ ജീവിക്കാനുള്ള കാശു പോലും കയ്യില്‍ ഇല്ലാതിരിക്കെ രശ്മിയെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റേണ്ടി വരികയായിരുന്നു സാജുവിന്.
അങ്ങനെ ഇരുവരും വിവാഹിതരായി. അങ്ങനെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവച്ചുള്ള ദാമ്പത്യം 21 വര്‍ഷം പിന്നിടുമ്പോള്‍ ഇരുവര്‍ക്കും വേദനയാകുന്നത് ഒരേയൊരു കാര്യം മാത്രമാണ്. വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചില്ലല്ലോ എന്ന സങ്കടം. ഈ ആഗ്രഹം പറഞ്ഞ് ഇവര്‍ കയറാത്ത അമ്പലങ്ങളോ പ്രാര്‍ത്ഥിയ്ക്കാത്ത ദൈവങ്ങളോ ഇല്ല. ഇതോര്‍ത്ത് കണ്ണീര്‍ പൊഴിക്കാത്ത ദിവസങ്ങളില്ല. പക്ഷെ, ദൈവം മാത്രം ഈ സങ്കടം കണ്ടില്ല. കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള നിരവധി ചികിത്സകളും ഇരുവരും നടത്തിയിരുന്നു. ഇപ്പോഴും തുടരുകയാണ് ആ ചികിത്സകള്‍.
അടുത്തിടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് സാജുവും രശ്മിയും വീണ്ടും വിവാഹം കഴിച്ച ചിത്രങ്ങള്‍ വൈറലായത്. അന്നും ഒരുമിച്ച് ഇതുപോലെ സന്തോഷത്തോടെ എന്നും ജീവിക്കണം എന്നതില്‍ ഉപരി ഒരു കുഞ്ഞിനെ തരണേയെന്നായിരുന്നു രശ്മി പ്രാര്‍ത്ഥിച്ചത്. ആ പ്രാര്‍ത്ഥന ഫലിച്ചതു പോലെയാണ് അതിനു തൊട്ടു പിന്നാലെ രശ്മി കഴിഞ്ഞ 21 വര്‍ഷത്തിനിടെ ആദ്യമായി ഗര്‍ഭിണിയായത്. പക്ഷെ, ആ കുഞ്ഞിനു വേണ്ടി കാത്തിരുന്ന് അതിനെ ഈ കൈകളിലേക്ക് ഏറ്റുവാങ്ങുവാനുള്ള ഭാഗ്യം ഇരുവര്‍ക്കും ഉണ്ടായില്ല. കാരണം, സ്‌കാനിംഗില്‍ കണ്ടെത്തിയ ചില കാരണങ്ങള്‍ മൂലം അബോര്‍ട്ട് ചെയ്ത് കളയേണ്ടി വരികയായിരുന്നു.
മണ്ണാറശാലയില്‍ മുടങ്ങാതെ ഉരുളി കമിഴ്ത്തി കിട്ടിയ കുഞ്ഞായിരുന്നു അത്. എന്നാല്‍ കുഞ്ഞിന് എന്തെങ്കിലും അംഗവൈകല്യങ്ങളുണ്ടാവും, അതുകൊണ്ട് അബോര്‍ട്ട് ചെയ്തു കളയാമെന്ന് ഡോക്ടര്‍ പറയുകയായിരുന്നു. അപ്പോഴും രശ്മി സമ്മതിച്ചിരുന്നില്ല. മനസില്ലാമനസോടെയായിരുന്നു അബോര്‍ഷന് സമ്മതിച്ചത്. ഇനി ഗര്‍ഭിണിയായാല്‍ അബോര്‍ഷന് സമ്മതിക്കില്ലെന്നാണ് രശ്മി പറഞ്ഞിരിക്കുന്നത്. അടുത്ത സ്‌കാനിംഗില്‍ അങ്ങനെയാണെങ്കിലും എനിക്ക് കുഴപ്പമില്ല, ഞാന്‍ നോക്കിക്കോളാമെന്നാണ് രശ്മി പറഞ്ഞത്. അപ്പോഴും രശ്മിയേക്കാള്‍ സങ്കടവും വേദനയും അനുഭവിക്കുന്നത് സാജു വാണ്.
ഓരോ തവണ ചികിത്സ കഴിഞ്ഞ് റിസള്‍ട്ടു വാങ്ങാന്‍ പോകുന്നത് സാജുവാണ്. രശ്മി ബെഡ് റെസ്റ്റില്‍ ആയിരിക്കും. അങ്ങനെ റിസള്‍ട്ട് വാങ്ങി വരുമ്പോള്‍ നെഗറ്റീവ് ആണെന്ന് പറയേണ്ടി വരുന്ന അവസ്ഥ സാജുവിന് ഏറെ വേദന നല്‍കുന്നു. ഈയൊരു കാര്യത്തിന്റെ പേരില്‍ ഒരുപാട് ചീത്തയും കളിയാക്കലുമൊക്കെ രശ്മി കേട്ടിട്ടുണ്ട്. എങ്കിലും അതിനെയെല്ലാം മറികടന്ന് രശ്മിയ്ക്ക് മുന്നോട്ടു പോകുവാനുള്ള ധൈര്യം അന്നും ഇന്നും നല്‍കിയത് സാജു തന്നെയാണ്. ഭഗവാന്‍ തനിക്കു തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ഭര്‍ത്താവ് ആണെന്ന് രശ്മിയും പറയുന്നു.