വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നി ദേവന്‍റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. അടുക്കളയില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൌകര്യം ഒരുക്കുകയും വേണം.
അടുക്കള തെക്ക് പടിഞ്ഞാറ് നിര്‍മ്മിച്ചാല്‍ അത് വാസ്തുപുരുഷന് ദോഷകരമായും വടക്ക് കിഴക്ക് ആയാല്‍ അത് കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് വാസ്തു വിദ്യാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്‍ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ അടുക്കള നിര്‍മ്മിക്കേണ്ടത്.
അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്‍ വയ്ക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലത്.
പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല.