ഏതൊക്കെ തരം ചെടികളാണ് വീട്ടിനുള്ളില്‍ വയ്ക്കാവുന്നതെന്ന് പലര്‍ക്കും അറിയില്ല. ഇന്‍ഡോര്‍ പ്ലാന്റ്‌സ് ഏതൊക്കെയെന്ന് അറിയാം. ബിഗോണിയ, ഓര്‍ക്കിഡ്, ആന്തൂറിയം, ഫേണ്‍സ്, ക്രോട്ടണ്‍ മണിപ്ലാന്റ്, ബോണ്‍സായ് തുടങ്ങിവയെല്ലാം വീട്ടിനുള്ളില്‍ വയ്ക്കാവുന്ന ചെടികളാണ്. മണ്ണുകൊണ്ടും പ്ലാസ്റ്റിക്കുകൊണ്ടുമുള്ള ചെടിച്ചട്ടികളിലും കൂജകളിലും ചെടികള്‍ വയ്ക്കാം. ഇന്റീരിയറിന് കൂടുതല്‍ ആഢ്യത്തം പകരണമെങ്കില്‍ ഈ ചെടിച്ചട്ടികള് ചെമ്പുപാത്രങ്ങളിലോ പറയ്ക്കുള്ളിലോ എടുത്തുവയ്ക്കാം. ഇന്‍ഡോര് പ്ലാന്റുകള് സ്ഥിരമായി വീട്ടിനുള്ളില്‍ വയ്ക്കരുത്. ആഴ്ചയില് ഒരിക്കല് അവ പുറത്തെടുത്ത് വെയില് കൊള്ളിക്കണം. ചെടികളുടെ ഇലകള് ഇടയ്ക്ക് കഴുകുന്നതും നല്ലതാണ്. നല്ല വെള്ളം കൊണ്ട് സ്‌പ്രേ ചെയ്താലും മതി. അപ്പോള്‍ ഇലകളിലെ പൊടി പോകും, സുഷിരങ്ങള്‍ തുറക്കപ്പെടും, അവയ്ക്ക് കൂടുതല്‍ ഉന്മേഷം കിട്ടും. പാമിന്റേതു പോലെയുള്ള വലിയ ഇലകള്‍ വൃത്തിയുള്ള തുണികൊണ്ട് തുടച്ചാലും മതി.
ചെടികള്‍ എന്നും മുറിയ്ക്കകത്തു തന്നെ വച്ചാല്‍ അവ വാടാന്‍ ഇടയുണ്ട്. ഒരാഴ്ച വീട്ടിനുള്ളില്‍ വച്ച ചെടികള് അടുത്ത ആഴ്ച പുറത്തു വയ്ക്കാവുന്നതാണ്. അങ്ങനെ അകത്തും പുറത്തുമായി അവ മാറ്റിമാറ്റി വയ്ക്കാം. ചെറിയ മുറിയില് ചെറിയ ചെടികള് വയ്ക്കുന്നതാണ് ഭംഗി. വലിയ മുറിയില് കൂടുതല് ഇടമുള്ള ഭാഗത്ത് വലിയ ചെടികള് ക്രമീകരിക്കാം. ഓരോ മുറിയിലും വെളിച്ചം കിട്ടുന്ന ഭാഗത്തു വേണം ചെടികള് വയ്ക്കാന്. എന്നാല്, ചെടികളില് ചൂടുതട്ടുന്ന വിധത്തില് ലൈറ്റുകള്ക്ക് താഴെ വയ്ക്കരുത്. ചെടിക്കുചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടായിരിക്കണം.
ജനലില്‍ അലമാരയ്ക്കു മുകളില്‍, ഫ്രിഡ്ജിനു മുകളില്‍... അങ്ങനെ നമ്മുടെ ഭാവനയ്ക്ക് അനുസരിച്ച് എവിടെയും ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് ഇടം നല്‍കാം. അവ താഴെത്തന്നെ വയ്ക്കണമെന്നുമില്ല. സീലിങ് ഹുക്കിലും തൂക്കിയിടാം. കിടപ്പുമുറികളില് വയ്ക്കാന് നല്ലത് മണിപ്ലാന്റുകളാണ്. കാരണം അവയ്ക്ക് അധികം വെയില് വേണ്ട, പരിചരണവും ആവശ്യമില്ല. എന്നാല് ഇടയ്ക്ക് അവയുടെ വേരുകളും ഇലകളും മുറിച്ചുകളയാന് ശ്രദ്ധിക്കണം.അല്ലെങ്കില് അവ ഒരുപാട് വളരും.