മഴക്കാലമായതോടെ ഒച്ചിന്റെ ശല്യവും ഏറെയാണ്. കൃഷിയിടങ്ങളില്‍ മാത്രമല്ല ഇത് വീട്ടുപരിസരങ്ങളിലും മതിലിലും ചുവരിലും പറ്റിപ്പിടിച്ചിരിക്കും.ഒച്ചുകളുടെ കൂട്ടത്തിലെ രാജാവാണ് ആഫ്രിക്കന്‍ ഒച്ച്. എട്ട് ഇഞ്ച് വരെ നീളവും കട്ടി കൂടിയ തോടും ഇതിന്റെ പ്രത്യേകതയാണ്. രാത്രിയാണ് ആഫ്രിക്കന്‍ ഒച്ച് സജീവമാവുക. വഴുതനയും വെണ്ടയും പപ്പായയും മുതല്‍ റബ്ബര്‍ വരെ ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണത്തില്‍പ്പെട്ട് നശിക്കും. ഇലകളും ഇളം തണ്ടും പൂവും കായും മുകുളങ്ങളും ഇല്ലാതാക്കും. പപ്പായയുടെയും വാഴയുടെയും മുകളില്‍ കയറിയും ഇത് ആക്രമണം നടത്തും.
മണ്ണില്‍ 50 മുതല്‍ 200 വരെ മുട്ടയിടുന്നതാണ് ആഫ്രിക്കന്‍ ഒച്ചിന്റെ പ്രജനന തന്ത്രം. ഒരാഴ്ച കൊണ്ട് മുട്ട വിരിയുകയും ഒരു വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയാവുകയും ചെയ്യും. മഴക്കാലം അവസാനിക്കുന്ന സമയം മുതല്‍ അടുത്ത സീസണ്‍ വരെ ഇത് മണ്ണിനടിയില്‍ കഴിയും. അഞ്ച് വര്‍ഷമാണ് ഇതിന്റെ ജീവിതകാലം.
ഒച്ചിനെ നശിപ്പിക്കാന്‍ പല വഴികളുുണ്ട്. നനഞ്ഞ ചണചാക്കിനകത്ത് പപ്പായ ഇല വെച്ച് പിടിക്കുതാണ് ഒച്ചുകെണി. പപ്പായ ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചിനെ ഉപ്പുപാത്രത്തിലിട്ട് കൊല്ലാം. പച്ചക്കറിക്ക് ചുറ്റും ചെണ്ടുമല്ലി നട്ടാല്‍ കെണിവിളയായി. കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ആഫ്രിക്കന്‍ ഒച്ചിനെ അകറ്റും. കല്ലുപ്പ് വിതറിയും ആഫ്രിക്കന്‍ ഒച്ചിനെ കൊല്ലാം.
തവിടും അഞ്ച് ശതമാനം മെറ്റാല്‍ഡിഫൈഡും ഒച്ചിന്റെ കൂട്ടത്തില്‍ വിതറാം. തുരിശുകലക്കി തളിച്ചും തുരിശും പുകയില കഷായവും ചേര്‍ത്ത് സ്പ്രേ ചെയ്തും ഇതിനെ നശിപ്പിക്കാം . ഇത് കുട്ടികളില്‍ ഈസ്‌നോഫിലിക്ക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കും. അതിനാല്‍ ഒച്ചിന്റെ ആക്രമണമുള്ള സ്ഥലങ്ങളില്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഇതിനായി ബ്ലിച്ചിംഗ് പൗഡര്‍ ഉപയോഗിക്കാം.