കയറി വരുന്നിടത്തെ വാതിലുകള്‍ എങ്ങനെയൊക്കെ മനോഹരമാക്കണം എന്നാണ് വീട് പണിയുമ്പോള്‍ വരുന്ന ഒരു പ്രധാന ചിന്ത. പാരമ്പര്യ രീതിയിലാണോ സമകാലീന രീതിയിലാണോ വീട് പണിയുന്നത് എന്നത് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക ആദ്യം ശ്രദ്ധ പതിയുന്ന മുന്‍വാതിലാണ്. അതുക്കൊണ്ട തന്നെ നന്നായി ആലോചിച്ച് വേണം വാതിലുകള്‍ തിരഞ്ഞെടുക്കാന്‍.
ഇരട്ടപ്പാളിയുള്ള വാതിലുകളാണ് മുന്‍വശത്തിന് അനുയോജ്യം. അവ കൂടുതല്‍ വിസ്താരം തോന്നിപ്പിച്ച് വീടിന്റെ വലിപ്പം കൂട്ടി കാണിക്കും. തടിയിലും ലോഹത്തിലും ചില്ലിലുമൊക്കെ നിര്‍മിച്ച അനവധി തരം വാതിലുകള്‍ വിപണിയിലുണ്ട്. ഏത് തരം രീതിയാണ് വീട് പണിയാന്‍ പിന്തുടര്‍ന്നിരിക്കുന്നത് എന്നനുസരിച്ച് ഇവയില്‍ നിന്ന് തിരഞ്ഞെടുക്കാം.
മലയാളികള്‍ക്ക് തടി വാതിലിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. തടിയില്‍ ഫ്രേയിം തീര്‍ത്ത് ചില്ലു കൊണ്ട് മറച്ച വാതിലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. അതല്ലെങ്കില്‍ ഇടയ്ക്ക് മാത്രം ചില്ലു കൊണ്ടുള്ള ഡിസൈനുകള്‍ നല്‍കാം. ഇവ വീടിനകത്ത് കൂടുതല്‍ വെളിച്ചമെത്തിക്കും.സ്വര്‍ണ്ണനിറത്തില്‍ പല തരത്തിലുള്ള പൂട്ടുകള്‍ പിടിപ്പിച്ച വാതിലുകള്‍ എക്കാലത്തേയും ട്രെന്‍ഡാണ്. ജാതി-മത വ്യത്യാസമില്ലാതെ പഴയ കേരള ഭവനങ്ങളെ ഓര്‍മിപ്പിക്കുന്ന ഈ വാതിലുകള്‍ ഉമ്മറം അലങ്കരിക്കുന്നു. പല തരം കൊത്തു പണികള്‍ നടത്തി ഇവയുടെ പ്രൗഡി കൂട്ടാം. കൈപ്പണികളും പഴയ ഡിസൈനുകളും തന്നെയാണ് ഇതില്‍ പ്രിയങ്കരം.
സമകാലീന രീതിയിലുള്ള വീടുകള്‍ക്ക് മെറ്റല്‍ ഫ്രെയിമുള്ള ചില്ലു വാതിലുകള്‍ ചേരും. ഇവ താരതമ്യേനേ കനം കുറഞ്ഞതും തുറക്കാനും അടക്കാനും എളുപ്പമുള്ളതുമാണ്. ഈ ചില്ലുകളില്‍ ചിത്രപ്പണികള്‍ നടത്തുന്നതും നിറമുള്ള ചില്ലുകള്‍ ഉപയോഗിക്കുന്നതും വീടിന്റെ ലുക്ക് തന്നെ മാറ്റും.
വാതില്‍ തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷക്കും പ്രാധാന്യം നല്‍കണം. നല്ല ഉറപ്പും പൂട്ടുമ്പോഴുള്ള ബലവുമൊക്കെ പരിഗണിക്കാം. പഴയ വീടുകള്‍ പൊളിക്കുമ്പോള്‍ കിട്ടുന്ന പരമ്പരാഗത ഡിസൈനിലുള്ള വാതിലുകള്‍ ചിലവ് കുറയ്ക്കുകയും പാരമ്പര്യ ഭംഗി നല്‍കുകയും ചെയ്യും. അപ്പോഴും ഉറപ്പില്‍ വിട്ടുവീഴ്ച വേണ്ട.