ആശിച്ചു മോഹിച്ചു പണിത വീടിന്റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്റെ ഇന്റീരിയര്‍ കൂടി ഭംഗിയാകണം. കൃത്യമായ പ്ലാനിങ്ങോടെ ഇന്റീരിയര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കുകയും ചെയ്യാം. ചില വീടുകളില്‍ ചെന്നാല്‍ അവിടത്തെ അതിമനോഹരമായ ഇന്റീരിയര്‍ ഡിസൈനുകള്‍ നമ്മെ കൊതിപ്പിക്കാറുണ്ട്. മനോഹരമായ പാനലിംഗ്, പെയിന്റിങ്, ലൈറ്റിങ് എന്നിവ വളരെ ആകര്‍ഷകമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്ന ഇത്തരം വീടുകള്‍ ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്.ഇത്തരം ഇന്റീരിയര്‍ ഡിസൈനുകള്‍ വളരെയധികം ചിലവ് കൂടിയതും ആണെന്നാണ് പലരുടെയും ചിന്താഗതി.
വീടിനു ഭംഗി കൂട്ടാന്‍ ചെയ്യുന്ന അലങ്കാരങ്ങള്‍ കെട്ടുകാഴ്ചകളായി പോകാതെ ഒന്ന് ശ്രദ്ധിച്ചാല്‍ മനോഹരമാക്കാന്‍ നമുക്കെല്ലാം സാധിക്കും. അതിനായി ഇന്റീരിയര്‍ ഡിസൈനര്‍ പോലും പലപ്പോഴും ആവശ്യമില്ല.വീടിന്റെ ഘടന മനസിലാക്കി വേണം ആദ്യം എന്ത് തരം ഇന്റീരിയര്‍ വേണമെന്ന് തീരുമാനിക്കാന്‍. എവിടെയെങ്കിലും കണ്ട പ്ലാനുകള്‍ അതേപടി പകര്‍ത്തുന്നതിലും നല്ലത് നമ്മുടെ വീടിനു അത് യോജിക്കുമോ എന്ന് ചിന്തിച്ച ശേഷം ചെയ്യുന്നതാകും.
മുറിയുടെ വലിപ്പം അനുസരിച്ചു വേണം ഇന്റീരിയര്‍ തിരഞ്ഞെടുക്കാന്‍. ചെറിയ മുറികളില്‍ അമിതമായി ഇന്റീരിയര്‍ പണികള്‍ ചെയ്താല്‍ കുളമാകും.ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മുറിയുടെ വലുപ്പത്തിന് ആനുപാതികമായി തിരഞ്ഞെടുക്കണം. മുറിക്കുള്ളിലെ അലങ്കാരങ്ങള്‍ മിതത്വം പാലിക്കുന്നവയായാല്‍ നന്നായിരിക്കും. അതുപോലെ അനാവശ്യ വലിപ്പമുള്ള കട്ടിലുകളും വാര്‍ഡ്രോബുകളും ഒഴിവാക്കാം. വാര്‍ഡ്രോബും മറ്റു സ്റ്റോറേജ് സൗകര്യങ്ങളും ഡ്രസിംഗ് ഏരിയക്കുള്ളില്‍ നല്‍കാം. വാക്ക്-ഇന്‍ വാര്‍ഡ്രോബുകളാണ് ഇപ്പോഴത്തെ ട്രന്‍ഡ്.
പൂക്കളുള്ള കര്‍ട്ടനുകളെക്കാളും തീം ബെയിസ് ബ്ലയിന്‍ഡുകള്‍ ഇന്ന് വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വീടുകള്‍ക്ക് ക്ലാസിക്ക് ഭംഗി നല്‍കുന്നതോടൊപ്പം ആധുനിക ശൈലികളോട് ചേര്‍ന്നു നില്‍കുന്നു എന്നത് ബ്ലയിന്‍ഡുകളുടെ പ്രത്യേകത അുപോലെ തന്നെ വീടിന്റെ മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കാന്‍ ഫര്‍ണിച്ചറുകള്‍ക്ക് സാധിക്കും. പക്ഷെ ഫര്‍ണിച്ചര്‍ വീടിനോട് ചേര്‍ന്ന് നിന്നില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്തിട്ടും കാര്യമില്ല.
ഓപ്പണ്‍ അടുക്കളയാണ് ഇപ്പോള്‍ ട്രെന്‍ഡ്. സ്ഥലം ലാഭിക്കാനും വിശാലത തോന്നിക്കാനും ഓപ്പണ്‍ കിച്ചണുകള്‍ സഹായിക്കും. അടുക്കളയോട് ചേര്‍ന്ന് സ്റ്റോര്‍ മുറി നിര്‍മ്മിക്കുന്നത് ആവശ്യം അറിഞ്ഞു മാത്രം മതി. ആവശ്യത്തിന് വെളിച്ചവും വെന്റിലേഷനും കിട്ടുന്ന രീതിയില്‍ വേണം അടുക്കള ഒരുക്കാന്‍.