മഴക്കാലത്തോ കനത്ത തണുപ്പുള്ള ദിവസങ്ങളിലോ പലരും വസ്ത്രങ്ങള്‍ വീടിനുള്ളില്‍ ഉണക്കാറുണ്ട്. ഇത് സൗകര്യപ്രദമായാലും ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈര്‍പ്പമുള്ള വസ്ത്രങ്ങള്‍ വീടിനുള്ളില്‍ തൂക്കുമ്പോള്‍, ആവശ്യമായ വായുസഞ്ചാരം ഇല്ലെങ്കില്‍ വീടിന്റെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുകയും അത് പൂപ്പല്‍ രൂപപ്പെടാന്‍ കാരണമാകുകയും ചെയ്യും. സീലിംഗ്, ചുമര്‍, കാര്‍പെറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ കാണുന്ന കറുപ്പോ പച്ചയോ നിറത്തിലുള്ള പൂപ്പല്‍ ദുര്‍ഗന്ധത്തിനൊപ്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും.
പൂപ്പലിന്റെ സാന്നിധ്യം മൂലം മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, ശ്വാസംമുട്ടല്‍, ചര്‍മ്മ ചൊറിച്ചില്‍ തുടങ്ങി വിവിധ ലക്ഷണങ്ങള്‍ പ്രകടമാകും. പ്രത്യേകിച്ച് ആസ്ത്മയോ മറ്റു അലര്‍ജി രോഗങ്ങളോ ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും ഇത് കൂടുതല്‍ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, വീടിനകത്തെ വാട്ടര്‍ ലീക്കേജ്, വിള്ളല്‍ തുടങ്ങിയ കാരണങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും വീടിനുള്ളില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വായു തടസ്സപ്പെടുമ്പോഴാണ് ഈര്‍പ്പം കൂടി ആരോഗ്യത്തിന് ഭീഷണിയായിത്തീരുന്നത്.