സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വിഷയമാണ് സ്തനാരോഗ്യം. എന്നാല്‍, ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ അത് വലിയ രോഗങ്ങളിലേക്കു വളരാന്‍ സാധ്യതയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
സ്തനാര്‍ബുദം, സ്ത്രീകളില്‍ കൂടുതലായി കാണുന്ന അര്‍ബുദങ്ങളിലൊന്നാണ്. പല കാരണങ്ങളാലും ഇത് ഉണ്ടാകാം. ശരീരത്തില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിച്ചാല്‍ അവയെ ഗൗരവത്തോടെ കാണണം. സ്തനങ്ങളില്‍ മുഴ അനുഭവപ്പെടുക, ഒരു സ്തനത്തിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുക, ചര്‍മ്മത്തിന്റെ നിറമോ ഘടനയോ മാറുക, മുലക്കണ്ണിന് ചുറ്റും ചര്‍മ്മം ഇളകിപോകുക, മുലക്കണ്ണില്‍ നിന്ന് രക്തസ്രാവം നടക്കുക, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞു പോകുക, വേദന അനുഭവപ്പെടുക, ചര്‍മ്മത്തില്‍ ചെറുകുഴികള്‍ പോലെയുള്ള മാറ്റങ്ങള്‍ കാണുക, അല്ലെങ്കില്‍ ചൊറിച്ചില്‍ ഉണ്ടാകുക ഇവയെല്ലാം ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റെ സൂചനകളായിരിക്കും.
ഡോക്ടര്‍മാര്‍ പറയുന്നതുപോലെ, തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സ്ത്രീകള്‍ സ്വയം പരിശോധന നടത്തുന്നത് ഏറെ സഹായകരമാണ്. കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് ഇരുസ്തനങ്ങളും സൂക്ഷ്മമായി പരിശോധിക്കുക, തടിപ്പുകളോ വ്യത്യസ്തമായ മുഴകളോ ഉണ്ടോ എന്ന് നോക്കുക തുടങ്ങിയവ ചെയ്യാം.
കൂടാതെ, ആറു മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ കുറഞ്ഞത് ഒരിക്കല്‍ എങ്കിലും മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താല്‍ രോഗം ഉണ്ടെങ്കില്‍ തന്നെ ആദ്യം തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ കഴിയും. ആരോഗ്യത്തെക്കുറിച്ച് സ്ഥിരമായ ശ്രദ്ധ പുലര്‍ത്തുന്നതാണ് സ്ത്രീകള്‍ക്ക് ഏറ്റവും വലിയ സുരക്ഷ.