പലപ്പോഴും തിക്കുകള്‍ കാരണം പ്രഭാത ഭക്ഷണം ചുരുക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ആണ് പലരും ചെയ്യാറുളളത്. എന്നാല്‍ നമ്മുടെ ശരീരത്തിന് ഒരു ദിവസം മുഴുവനും ആവശ്യമായ പോഷകമാണ് പ്രഭാത ഭക്ഷണത്തിലൂടെ ലഭിക്കുന്നത്. നമുക്കാവശ്യമുളള ഊര്‍ജത്തിന്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്.
നമ്മള്‍ ഉറങ്ങുന്ന അവസരത്തില്‍ ശരീരം ഉപവാസ'ത്തിന്റെ അവസ്ഥയിലായിരിക്കും. പ്രഭാതത്തിലാവട്ടെ, നമ്മുടെ ശരീരം എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ ആഹാരം സ്വീകരിക്കാതെയിരുന്നശേഷം, ഊര്‍ജത്തിനായി വീണ്ടും ഇന്ധനം നിറയ്‌ക്കേണ്ട അവസ്ഥയിലെത്തിയിരിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, ബാക്കി സമയത്തെ ഭക്ഷണം കഴിക്കല്‍ എന്നിവയെ അത് പ്രതികൂലമായി ബാധിക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളര്‍ന്നു പോവുകയും ചെയ്യുന്നത് തലച്ചോറിന്റെ ഊര്‍ജക്ഷാമം മൂലമാണ് .പ്രഭാത ഭക്ഷണം സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവര്‍ പൊണ്ണത്തടിക്ക് വഴി ഒരുക്കുകയാണു ചെയ്യുന്നത്.പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉണര്‍വും ഉന്മേ ഷവും നല്‍കുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും.
പെട്ടെന്നു ദഹിച്ച് ഊര്‍ജം നല്‍കുന്ന ഭക്ഷണയിനങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേര്‍ത്തു കഴിച്ചാല്‍ അന്നജത്തിന്റെയും പ്രോട്ടീന്‍ന്റെയും മിശ്രിത ഗുണം ലഭിക്കും.അരിയും ഉഴുന്നും ചേര്‍ത്തുണ്ടാക്കുന്ന ദോശയില്‍ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്. ആവിയില്‍ പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ പ്രാതല്‍ വിഭവങ്ങളാണ്. ഇഡ്ഡലിയും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ചട്‌നിയേക്കാള്‍ നല്ലത് ധാരാളം പച്ചക്കറിയിനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന സാമ്പാറോ മറ്റു കറികളോ ആണ്. പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍, മുട്ട, ഓട്‌സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ അത് കൂടുതല്‍ പോഷക സമ്പുഷ്ടമായിരിക്കും.