മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ചില നടന്‍ ഒറ്റമൂലികള്‍ എന്തൊക്കെ എന്ന് നോക്കാം...
പനി
മഴക്കാല രോഗങ്ങളിൽ ആദ്യം ഉണ്ടാകുന്ന ഒന്നാണ് പനി. പനിയുള്ളവർ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂണ്‍ മഞ്ഞളും 5 ഗ്രാമ്പുവും ചേർത്ത് തിളപ്പിക്കുക. ഇത് പലപ്രാവശ്യമായി ഒരു ദിവസം തന്നെ കുടിക്കാവുന്നതാണ്. ഇത് കുടിക്കുന്നതിലൂടെ കാര്യമായ ആശ്വാസം ലഭിക്കും. അതോടൊപ്പം തുളസിയിലച്ചാറില്‍ ഒരു സ്പൂണ്‍ കുരുമുളക് അരച്ച് മൂന്നുനേരം സേവിക്കുക. ഇത് കഴിക്കുന്നവർ ഘനപദാര്ത്ഥങ്ങള്‍ കഴിക്കരുത്. പണി വേഗം മാറുന്നതിനായി ഉപവാസം വളരെ സഹായകമാണ്. പനി, ശ്വാസംമുട്ടല്‍, ചുമ എന്നിവ ശമിക്കുന്നതിനായി ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഗുണകരമാണ്.
ഛര്‍ദ്ദിയോടുകൂടിയ പനി
തേന്‍ മേമ്പൊടിയിൽ ഞാവല്‍ തളിര്, മാവിന്‍ തളിര്, പേരാലിന്‍ മൊട്ട്, രാമച്ചം എന്നിവ കഷായംവച്ച് ചേര്‍ത്തു കഴിക്കുക.
ജലദോഷം
തുളസിയില, ചുക്ക്, തിപ്പലി എന്നിവയെല്ലാം ചേർത്ത് കഷായം ഉണ്ടാക്കി കുടിക്കാവുന്നതാണ്.ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചൂട് പാലില്‍ ചേര്‍ത്ത് കുടിക്കുക.മൂക്കടപ്പ്, പനി, ജലദോഷം, കഫക്കെട്ട് എന്നിവ മാറുന്നതിനായി യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാല്‍ ആശ്വാസം കിട്ടുന്നതാണ്. ചെറുചൂടുള്ള ബാര്‍ലി വെള്ളത്തില്‍ ഒരു വലിയ സ്പൂണ്‍ തേന്‍ ഒഴിച്ച് കിടക്കാന്‍ നേരത്ത് ദിവസവും കഴിച്ചാല്‍ സ്ഥിരമായുള്ള ജലദോഷം മാറുന്നതാണ്.
മഞ്ഞപ്പിത്തം
മാവിന്റെ തളിരില ഇളനീരില്‍ അരച്ചുചേര്‍ത്ത് കഴിക്കുക. കരിക്കിന്‍ വെള്ളം ധാരാളമായി കുടിക്കുന്നതോടൊപ്പം നെല്ലിക്ക, കരിമ്ബ് ഇവയുടെ നീര് തുല്യമായി ചേര്‍ത്ത് കുടിക്കാവുന്നതാണ്.
ഒച്ചയടപ്പ്
ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചി പാൽ കുടിക്കുന്നതോടൊപ്പം തേനിൽ വയമ്പ് അരച്ച് കഴിക്കാവുന്നതാണ്. ഒരു ഗ്ലാസ് മോരില്‍ ഒരുപിടി കയ്യോന്നി അരച്ചുകലക്കി കുടിക്കുക. ഒരേ അനുപാതത്തില്‍ ഇഞ്ചിയും ശർക്കരയും ചേര്‍ത്ത് കഴിക്കേണ്ടതാണ്.
ചുമ
ഒരു ടീസ്പൂണ്‍ ഇഞ്ചിനീര് ആദ്യം എടുത്ത ശേഷം അതിലേക്ക് സമം തേൻ ചേർത്ത് സേവിക്കാവുന്നതാണ്. മലർപൊടിയും ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് സമം ചേർത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കഴിക്കാവുന്നതാണ്. രണ്ടുനേരം ചുക്കുവെള്ളത്തില്‍ അഞ്ചുഗ്രാം കായം കലക്കി കുടിക്കാവുന്നതാണ്.
കഫശല്യത്തിന്
നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നതോടൊപ്പം തേന്‍, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ നന്നായി യോജിപ്പിച്ച് കുടിക്കാവുന്നതാണ്. തേനോ നെയ്യോ കുരുമുളകുപൊടിയില്‍ ചേർത്ത് കഴിക്കുന്നതും ആശ്വാസകരമാകും.