Latest News

ഹൃദയാരോഗ്യം കോവിഡിന് ശേഷം

Malayalilife
ഹൃദയാരോഗ്യം കോവിഡിന് ശേഷം

ഹൃദയത്തിന്റെ ആരോഗ്യത്തെ കൂടുതൽ ഗൗരവത്തോടെ ആളുകൾ കണ്ടുതുടങ്ങി എന്നതാണ് കോവിഡ് കാലത്തുണ്ടായ വലിയ മാറ്റങ്ങളിലൊന്ന്. കോവിഡ് വന്നുപോയ ശേഷം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ വീണ്ടെടുക്കാം എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങി. കോവിഡ് പിടിപെടുമ്പോഴും അതിൽ നിന്ന് മുക്തി നേടിയ ശേഷവും നമ്മുടെ ഹൃദയത്തിലും ഹൃദയധമനികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ലോകമെമ്പാടും നിരവധിയാളുകളുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയാണ് കോവിഡ് പടരുന്നത്. മാനസികമായും ശാരീരികമായും അത് എല്ലാവരെയും പിടിച്ചുലച്ചു. നമ്മുടെ ഹൃദയത്തെയും രക്തചംക്രമണ സംവിധാനത്തെയും കൂടി കോവിഡ് ബാധിക്കുന്നുണ്ട്. അത് കാരണം ഹൃദ്രോഗികളുടെ എണ്ണവും ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണവും കുതിച്ചുയർന്നു. കോവിഡ് ഭേദമായി ആഴ്ചകൾ കഴിഞ്ഞാലും അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ പലരെയും പിന്തുടരുന്നു. ദീർഘകാല കോവിഡ് (ലോങ്ങ് കോവിഡ്) എന്നും പോസ്റ്റ് കോവിഡ് സിൻഡ്രോം എന്നും ഇതറിയപ്പെടുന്നു.

നമ്മളെല്ലാവരും ഇപ്പോൾ നമ്മുടെ ഹൃദയത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ കോവിഡ് അവശേഷിപ്പിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ശാരീരികമായും വൈകാരികമായും ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്.

● കോവിഡ് വന്നുപോയ ശേഷം ഹാർട്ട് ചെക്കപ്പ് നടത്തണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

കോവിഡ് എല്ലാവരിലും ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പക്ഷെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോവിഡ് പിടിപെട്ടവരിൽ അവരുടെ ഹൃദയത്തിന്റെയും രക്തചംക്രമണ സംവിധാനത്തിന്റെയും ആരോഗ്യത്തെ അത് ബാധിച്ചേക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 20 മുതൽ 30 ശതമാനം  ആളുകളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ ഡോ. സിയാദ് അൽ അലി നടത്തിയ വെറ്ററൻസ് അഫയേഴ്‌സ് പഠനത്തിൽ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചവരിൽ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ശ്വാസകോശത്തിൽ നീരുകെട്ടാനുമുള്ള സാധ്യത ഇരുപത് മടങ്ങ് അധികമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചെറിയ ലക്ഷണങ്ങളോടെ വീടുകളിൽ ക്വാറന്റീനിൽ കഴിഞ്ഞവരിൽ പോലും ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത എട്ട് ശതമാനവും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത രണ്ട് ശതമാനവും കൂടുതലാണ്. ഒന്നരലക്ഷത്തിലധികം രോഗികളിൽ നടത്തിയ ഈ പഠനം സാംക്രമികരോഗങ്ങളുടെ വിഷയത്തിൽ ലോകത്ത് നടത്തിയിട്ടുള്ള ഏറ്റവും വലിയ പഠനമാണ്.

● കോവിഡിന് ശേഷം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നമുക്കെങ്ങനെ മനസിലാക്കാം? അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

അമിതമായ ക്ഷീണം, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അടിക്കടിയുണ്ടാകുന്ന ശ്വാസംമുട്ടൽ എന്നിവയാണ് ഏറ്റവും സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ളവർ ഇസിജി, നെഞ്ചിന്റെ

എക്സ് റേ, എക്കോകാർഡിയോഗ്രാം എന്നീ പരിശോധനകൾക്ക് വിധേയരാകണം. ട്രോപോണിൻ (troponin), NT-pro BNP, D-dimer എന്നീ രക്തപരിശോധനകളും രോഗം കണ്ടെത്താൻ സഹായിക്കും. വളരെ അപൂർവം ചിലർക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഹൃദയത്തിന്റെ എംആർഐ സ്കാൻ എടുക്കേണ്ടി വരും.

● കോവിഡ് 19 ഹൃദയത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത്?

കോവിഡ് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയവരുടെയും ചെറിയ ലക്ഷണങ്ങളോടെ വീടുകളിൽ തന്നെ കഴിഞ്ഞവരുടെയും ഹൃദയങ്ങളെ  കോവിഡ് ബാധിച്ചേക്കാം. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവയിൽ പ്രധാനം. ഹൃദയത്തിലോ ശ്വാസകോശത്തിലോ രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ടാകാം. ഹൃദയത്തിൽ നീരിനും കാരണമായേക്കാം. ഹൃദയമിടിപ്പിന്റെ താളത്തിലും കോവിഡ് കാരണം  ഏറ്റക്കുറച്ചിലുകൾ (atrial fibrillation) ഉണ്ടായേക്കാം.

● കോവിഡ് കാരണമുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഭേദമാക്കാൻ കഴിയുന്നതാണോ?

കഴിയും. രോഗം നേരത്തെ കണ്ടെത്തുകയും കൃത്യമായി ചികിൽസിക്കുകയും മുടങ്ങാതെ പരിശോധനകൾക്ക് വിധേയരാവുകയും ചെയ്താൽ രോഗമുക്തി നേടാവുന്നതാണ്.

● സ്ത്രീകളെയാണോ പുരുഷന്മാരെയാണോ കോവിഡ് സംബന്ധമായ ഹൃദ്രോഗങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത്?

സ്ത്രീകളുടെയും പുരുഷൻമാരുടെയും ഹൃദയങ്ങളെ കോവിഡ് ഒരേപോലെ ബാധിക്കുന്നുണ്ടെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. എന്നാൽ മരണനിരക്ക് കൂടുതൽ പുരുഷന്മാർക്കിടയിലാണ്.

● കോവിഡ് കാരണമുണ്ടായ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ എങ്ങനെയാണ് നേരിടേണ്ടത്?

1) കോവിഡ് ഹൃദയത്തെ ബാധിച്ചിട്ടുണ്ടോ എന്ന് എത്രയും പെട്ടെന്ന് കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. ദിവസവും നമ്മൾ ചെയ്യുന്ന സാധാരണ ജോലികളെ നിരീക്ഷിച്ചാൽ തന്നെ അത് നമുക്ക് മനസ്സിലാകും. കോവിഡ് ഭേദമായ ശേഷം ഉണ്ടാകുന്ന നെഞ്ചുവേദന, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളെ അവഗണിക്കരുത്. ഒരു ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയരാകുക.
2) കോവിഡ് ഭേദമായ ശേഷം രണ്ടോ മൂന്നോ മാസത്തേക്ക് കഠിനമായ വ്യായാമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. വ്യായാമം കുറഞ്ഞ വേഗത്തിൽ തുടങ്ങി ക്രമേണ പഴയ ഗതിയിലേക്ക് പതിയെ പതിയെ ഉയർത്തിക്കൊണ്ടു വരുന്നതാണ് ഉചിതം.
3) ധാരാളം വെള്ളം കുടിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ജങ്ക് ഫുഡ് ഒഴിവാക്കുക.

● ഹൃദ്രോഗങ്ങൾ ഉള്ളവർ കോവിഡ് വാക്സിൻ എടുക്കുന്നതിന് മുൻപ് മുൻകരുതലായി ഏതെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ?


ഹൃദ്രോഗങ്ങൾ ഉള്ളവർക്ക്  അവർ സ്ഥിരമായി കഴിക്കുന്ന എല്ലാ മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട മരുന്നുകൾ കഴിക്കുന്നവർ വാക്സിൻ

എടുക്കുന്നതിന് മുൻപ് പ്രോത്രോംബിൻ (prothrombin) അല്ലെങ്കിൽ ഐഎൻആർ ടെസ്റ്റുകൾക്ക് വിധേയരാകണം. ഐഎൻആർ ഉയർന്ന തോതിൽ ആണെങ്കിൽ ഇൻജെക്ഷൻ എടുക്കുന്ന ഭാഗത്ത് ഹേമറ്റോമ എന്ന അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്.


● കോവിഡ് കാരണം കുട്ടികളിൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ?

കുട്ടികൾക്ക് കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യത മുതിർന്നവരെ അപേക്ഷിച്ച് കുറവാണ്. പക്ഷെ കോവിഡ് ബാധിച്ച കുട്ടികളിൽ അവരുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ തീവ്രതയോടെ പ്രവർത്തിച്ചത് കാരണം മൾട്ടി ഇൻഫ്ളമേട്ടറി സിൻഡ്രോം എന്ന ഒരവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്. ഹൃദയത്തിന് പുറത്തെ കോശങ്ങളിൽ നീര്, അസ്വസ്ഥത, ഹൃദയപേശികളിൽ തകരാർ, ഹൃദയാഘാതം, ഷോക്ക് എന്നിവ മൂലം മരണം വരെ സംഭവിച്ചേക്കാം. നേരത്തെയുള്ള രോഗനിർണയവും സ്റ്റെറോയിഡുകളും ഇമ്മ്യൂണോഗ്ലോബിൻസും ഉപയോഗിച്ചുള്ള ചികിത്സ വളരെ ഫലപ്രദമാണ്.

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ജീവിതകാലം മുഴുവൻ നമ്മൾ  ശ്രദ്ധയോടെ അതിനെ പരിചരിച്ചേ മതിയാകൂ. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹാർട്ട് അറ്റാക്കുകളെ തടുക്കാൻ ആരോഗ്യകരമായ ഭക്ഷണം, മുടങ്ങാതെയുള്ള വ്യായാമം, മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കൽ, പതിവായുള്ള ചെക്കപ്പുകൾ എന്നിങ്ങനെ നിസാരമായ ചില ശീലങ്ങൾ ജീവിതത്തിൽ പാലിച്ചാൽ മതി.


 

Read more topics: # covid and heart,# health problems
covid and heart health problems

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES