ചിക്കനും ബീഫും പോര്‍ക്കും മീനുമൊക്കെ എണ്ണയില്‍ പലതവണ വറുത്തു കോരുമ്പോള്‍ ചൂടായ എണ്ണയിലെ കാര്‍സിനോജനുകള്‍ വില്ലന്‍മാരാകാം. ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. വന്‍കുടലിലുണ്ടാകുന്ന കാന്‍സറാണ് ഇതുമൂലം കുടുതല്‍ ഉണ്ടാകുന്നത്. നാരുകളുടെ അഭാവമാണ് ഈ കാന്‍സറിലേക്കു നയിക്കുന്നത്.
വീടുകളില്‍ നിന്നു വ്യത്യസ്തമായി പാര്‍ട്ടികളിലും മറ്റുമാകുമ്പോള്‍ ഉപയോഗിക്കുന്ന എണ്ണ ഒട്ടേറെ പ്രാവശ്യം ചൂടാക്കിയതാകാം. ഇത് ആമാശയ കാന്‍സറിലേക്കും നയിക്കാം. വറുത്തു പൊരിച്ച മാംസവഭവങ്ങളുടെ അമിതോപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു കാരണമാകാം. പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും ഉണ്ടാക്കുന്നുണ്ട്. ഇത്തരം മാംസവിഭവങ്ങളില്‍ ചേര്‍ക്കുന്ന അഡിക്ടീവുകളും അപകടകാരികളാണ്.
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയതാണ് മാംസവിഭവങ്ങള്‍. പ്രോട്ടീന്‍ ദഹിക്കുന്നതിന് ഏറെ സമയമെടുക്കും. ഇതിന്റെകൂടെ എണ്ണയും കൊഴുപ്പുമുള്ള മാംസവിഭവം കൂടിയാണെങ്കില്‍ ദഹിക്കാന്‍ ദീര്‍ഘ സമയമെടുക്കാം. രാത്രിയില്‍ ഇവ കഴിച്ച് ഉടന്‍ കിടക്കുന്നവരാണ് അധികംപേരും.
ഇത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വയറു വീര്‍ക്കല്‍, വയറിനു പെരുപ്പ്, നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍, ആമാശയവീക്കം എന്നിവ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.രാത്രിയില്‍ ഉപാപചയ പ്രവര്‍ത്തന നിരക്ക് പൊതുവേ കുറവാണ്. അതിനാല്‍ത്തന്നെ രാത്രിയില്‍ മാംസഭക്ഷണം ധാരാളം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും.
പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ഫാറ്റി ലിവര്‍ തുടങ്ങിയ രോഗങ്ങളിലേക്കും എത്തിക്കാം.
റെഡ്മീറ്റ് ധാരാളമായി കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കൂടുന്നതിനു കാരണമാകും. ഇതാകട്ടെ ഹൃദ്രോഗത്തിലേക്കും നയിക്കാം. റെഡ് മീറ്റിന്റെ അളവു കൂടിയാല്‍ യൂറിക് ആസിഡ് വര്‍ധിക്കുന്നതുള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാം.
ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, വൈറ്റമിന്‍ ബി, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് മാംസഭക്ഷണങ്ങള്‍. ഇത് പേശികളെ ബലപ്പെടുത്തുകയും അവ പെട്ടെന്നു വളരാന്‍ സഹായിക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പും ധാതുക്കളും എസന്‍ഷ്യല്‍ അമിനോ ആസിഡുകളും ഇവയിലുണ്ട്. വീട്ടിലോ പുറത്തോ നിന്ന് മാംസഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം പച്ചക്കറികളും കൂടെ കഴിക്കാന്‍ ശ്രദ്ധിക്കുക.