സ്ത്രീകള്‍ പൊതുവെ സ്വന്തം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറവുള്ളവരാണെന്നു പറയാറുണ്ട്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിശോഷണം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണെങ്കിലും ആര്‍ത്തവ വിരാമം വന്ന സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ത്തവ വിരാമമടുക്കുമ്പോഴേക്കും മിക്കവര്‍ക്കും ശരീരഭാരം കൂടുകയും ഭക്ഷണത്തിലെ ശ്രദ്ധക്കുറവും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതുമെല്ലാം അസ്ഥിശോഷണത്തിനു കാരണമാകുകയും ചെയ്യും.
സോയാബീനില്‍ അടങ്ങിയ മാംസ്യം, സോയ് പ്രോട്ടീന്‍ എന്നിവ എല്ലുകളുടെ ശോഷണം തടയുമെന്ന് മിസൗറി സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. സോയാമില്‍ക്ക്, ടോഫു തുടങ്ങി സോയ ചേര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്ത്രീകള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണമെന്ന് ഗവേഷകയും ന്യൂട്രീഷന്‍ ആന്‍ഡ് എക്‌സര്‍സൈസ് ഫിസിയോളജി വിഭാഗം പ്രൊഫസറുമായ പമേല ഹിന്റണ്‍ പറയുന്നു.
സോയയും ചോളം അടങ്ങിയ ഭക്ഷണങ്ങളും നല്‍കിയ എലികളെയാണ് പഠനവിധേയമാക്കിയത്. സോയ പോലുള്ള ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ ഉപാപചയ പ്രവര്‍ത്തനങ്ങളെയും എല്ലുകളുടെ ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിക്കുകയും ചെയ്തതായി ബോണ്‍ റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ത്രീകള്‍ ഭക്ഷണത്തില്‍ സോയ ഉള്‍പ്പെടുത്തുന്നതോടൊപ്പം എല്ലുകള്‍ക്ക് ബലം നല്‍കുന്ന മറ്റു സസ്യാഹാരങ്ങളും ശീലമാക്കണമെന്നും ഗവേഷകര്‍ പറയുന്നു.