ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.
വയറിളക്കവും ഛർദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്. മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന പനി, വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയിൽ കാണുന്നില്ല.
വ്യക്തിശുചിത്വം പാലിക്കേണ്ടത് കോളറയെ പ്രതിരോധിക്കാനായി അനിവാര്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. അതോടൊപ്പം തന്നെ കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം. പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. കൂടാതെ ടോയിലറ്റിൽ പോയശേഷം കൈകൾ വൃത്തിയായി കഴുകുക.