മലയാളികളുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ് സോഫ്റ്റ് ഡ്രിങ്‌സുകള്‍ മിനറല്‍ വാട്ടറിന് പകരം മധുരമുളള പാനിയങ്ങളോടാണ് ഏവര്‍ക്കും പ്രിയം എന്നാല്‍ ഇത് മൂലം ശരീരത്തിനുണ്ടാകുന്ന ഭവിഷത്തുകള്‍ എന്താണെന്ന് ആരും ചിന്തിക്കാറില്ല .
സോഫ്റ്റ് ഡ്രിങ്കുകള്‍ ഉത്പാദിപ്പിക്കുന്നതു കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കൃത്രിമനിറങ്ങളും പ്രിസര്‍വേറ്റീവുകളും സുക്രോസ് അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഷുഗര്‍ തുടങ്ങിയവയും കൂട്ടിക്കലര്‍ത്തിയാണ്. 18-ാം നൂറ്റാണ്ടില്‍ ജോസഫ് പ്രിസ്റ്റ്‌ലി അദ്ദേഹത്തിന്റെ പരീക്ഷണശാലയില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കാര്‍ബണേറ്റഡ് വാട്ടര്‍ വികസിപ്പിച്ചെടുത്തു. ഇതാണു സോഫ്റ്റ് ഡ്രിങ്കുകളുടെ ഉത്പാദനത്തിന്റെ അടിസ്ഥാനതത്വം.
സോഫ്റ്റ് ഡ്രിങ്ക്‌സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ഇതു വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്‌സില്‍ പഞ്ചസാര ചേര്‍ക്കുന്നു. എന്നാല്‍ ഡയറ്റ് സോഡാ, സിറോ കാലറി ഡ്രിങ്ക്‌സ് തുടങ്ങിയവയില്‍ കൃത്രിമ മധുരങ്ങള്‍ അഥവാ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നേഴ്‌സ് ആണു ചേര്‍ക്കുന്നത്. ഇത്തരം മധുരങ്ങള്‍ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതല്‍ മധുരം കഴിക്കണമെന്നുള്ള തോന്നല്‍ ഉണ്ടാക്കും. ഇതുവഴി ധാരാളം കാലറിയും കൊഴുപ്പും ഉള്ളിലെത്താന്‍ കാരണമാകും.
മധുരങ്ങളിലെ പ്രധാന വില്ലന്‍ പല സോഫ്റ്റ് ഡ്രിങ്ക്‌സിലും ചേര്‍ക്കുന്ന ഫ്രക്ടോസ് കോണ്‍സിറപ്പാണ്. സാധാരണ പഞ്ചസാരയെക്കാള്‍ പലമടങ്ങ് മധുരവും താരതമ്യേന വിലക്കുറവും കാരണം ഇതു കോളകളിലെല്ലാം ചേര്‍ക്കാന്‍ പ്ര!!േരിപ്പിക്കപ്പെടുന്നു. ഇതു വിവിധതരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മറ്റു മധുരങ്ങള്‍ വേഗം ആഗിരണം ചെയ്യുകയും രക്തത്തിലെ ട്രൈഗ്ലിസറൈഡ്, ചീത്ത കൊഴുപ്പുകളുടെ ഉത്പാദനം എന്നിവ കൂട്ടുകയും ചെയ്യുന്നു. സ്ഥിരമായ ഉപയോഗം നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ ഡിസീസിനും വിശപ്പുകൂട്ടുന്നതിനും കാരണമാകുന്നു. ഈ മധുരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വര്‍ധിപ്പിച്ച് ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും വഴിതെളിക്കുന്നു.
സോഫ്റ്റ് ഡ്രിങ്ക്‌സിലൂടെ എത്തുന്ന മധുരം കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇവയുടെ ഉപയോഗം വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവു കൂട്ടുകയും ഇതു പ്രമേഹത്തിനു കാരണമാകുകയും ചെയ്യുന്നു.