നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ച സംഭവത്തെ തുടര്‍ന്ന് പുതിയ മാതാപിതാക്കള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
മുലപ്പാല്‍ കുഞ്ഞിന് പ്രകൃതിയുടെ ഏറ്റവും മികച്ച പോഷകസ്രോതസാണ്. അതില്‍ പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ആന്റിബോഡികള്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ജനിച്ച് ആദ്യ ദിവസങ്ങളില്‍ കിട്ടുന്ന കൊളോസ്ട്രോം കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
എത്രകാലം മുലപ്പാല്‍ കൊടുക്കണം
ആദ്യ ആറുമാസം കുഞ്ഞിന് പൂര്‍ണ്ണമായും മുലപ്പാല്‍ മാത്രം കൊടുക്കാന്‍ ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. രണ്ടുവയസ്സ് വരെ പാലൂട്ടുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
കുഞ്ഞിനെ ശരിയായ രീതിയില്‍ പിടിക്കുക: കുഞ്ഞിന്റെ തലയും ശരീരവും ഒരേ ലൈനില്‍ വരണം, വയര്‍ അമ്മയുടെ ശരീരത്തില്‍ ചേര്‍ന്നിരിക്കണം.
ഇരുന്ന് പാല്‍ കൊടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. കിടന്ന് പാല്‍ കൊടുക്കുമ്പോള്‍ ശ്വാസം മുട്ടല്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
മുലക്കണ്ണ് മാത്രമല്ല, ചുറ്റുമുള്ള ബ്രൗണ്‍ ഭാഗവും കുഞ്ഞിന്റെ വായില്‍ കിട്ടണം.
മുലയൂട്ടി കഴിഞ്ഞാല്‍ കുഞ്ഞിനെ തോളില്‍ കിടത്തി പുറത്തു കൈകൊണ്ട് തലോടി ഉള്ളിലുള്ള വായു കളയണം.
കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോള്‍ മുലയൂട്ടുന്നത് ഒഴിവാക്കണം.
കുഞ്ഞ് നല്ല വിധത്തില്‍ മുലപ്പാല്‍ കുടിക്കുന്നുവെങ്കില്‍ അധികം വെള്ളം കൊടുക്കേണ്ടതില്ല.
അമ്മയുടെ ആരോഗ്യം പ്രധാനമാണ്
മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കുകയും ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, നാരുകള്‍ ഉള്‍പ്പെടെയുള്ള പോഷകാഹാരം കഴിക്കുകയും വേണം. അമ്മയുടെ മാനസികാവസ്ഥ പാലുല്പാദനത്തെ ബാധിക്കുന്നതിനാല്‍ ശാന്തമായ അന്തരീക്ഷം പാലിക്കുന്നതും ആവശ്യമാണ്.